രചന : ജലജ പ്രസാദ്

ഇല്ല, മായില്ല നിന്നോർമകൾ ,രൂപവും
വെള്ളിവെളിച്ചമേ..ജീവനിൽ പാതി നീ

ഉമ്മറച്ചാരുകസാലയിൽ ചാരി നി-
ന്നുച്ചവെയിൽ വേർപ്പു മാറാനിരിക്കില്ല

കൂട്ടുപുകയിലച്ചെല്ലം തുറന്നു നിൻ
കൂട്ടരോടൊത്തു മുറുക്കിച്ചെമക്കില്ല

പുഞ്ചവെയിൽപ്പാടം നെഞ്ചകത്തിൻ കരി
കൊണ്ടുഴുതീടില്ല, പച്ചപ്പു പൂക്കുവാൻ

ഓരോ ചെടിയ്ക്കുമിടയിലൂടാക്കണ്ണ്
പായിച്ചു കേടും കളയും കളയില്ല

മുറ്റത്തെ വെറ്റക്കൊടിയ്ക്കും തുളസിക്കും
ഇറ്റുവാൻ വെള്ളവുമായി നീയെത്തില്ല

ഓരോ മുളകുമണിയും പെറുക്കുവാൻ
ഓടി നടക്കില്ല തോട്ടത്തിൽ മേലിൽ നീ

മുറ്റത്തുകാണും നിഴലിനുമേകുവാൻ
കാപ്പി, നീയുള്ളിലേക്കോതില്ലൊരിക്കലും

ഉണ്ടോ? വിശക്കാതെയില്ലെങ്കിലുണ്ടോയെ-
ന്നാരോടുമന്നത്തെക്കാട്ടി നീയോതില്ല

ഓണം, വിഷുവിന്നു ഘോഷമായ് കായ് വറു
ത്തുപ്പേരിപാത്രം നിറച്ചിനി കാണില്ല

ഒറ്റയാളോടും പരിഭവം ചൊല്ലാതെ
മുറ്റുന്ന പുഞ്ചിരി കാട്ടുവാനെത്തില്ല

മുത്തശ്ശനൊപ്പം കിടക്കാനടിപിടി
കൂടില്ല പേരക്കിടാങ്ങൾ നിൻ കട്ടിലിൽ

ചന്തത്തിലക്ഷരം ചിന്തുവാൻ പെൻസിലി
നറ്റം മുനചെത്തിയേകില്ലെനിക്കു നീ

എങ്കിലും മാനത്തിനോരത്തല്ലുച്ചിയിൽ
മിന്നുന്ന താരകമായി നീ വന്നിടും
കൂരിരുട്ടിൽ വഴി തെറ്റാതെ നിൻ ചിരി
തൂവെളിച്ചം നൽകിയെന്നെ നയിച്ചിടും.

ജലജ പ്രസാദ്

By ivayana