രചന : വൈഗ ക്രിസ്റ്റി

ലോകത്തിലധികമാരുമറിയാത്ത,
കാക്കമൂലയാണ്
ട്രപ്പീസ് മേരിയുടെ സ്വന്തം നാട്
കാക്കമൂലക്കാർ
ട്രപ്പീസ് മേരിയെ കന്യാമറിയം
എന്നും വിളിക്കും
പിതാവാരെന്നില്ലാത്ത
അത്രക്കൊന്നും വാഴ്ത്തപ്പെട്ടവനല്ലാത്ത
എമ്മാനുവേലാണ് ,
മേരിക്കാ പട്ടം ചാർത്തിക്കിട്ടാൻ കാരണം
കാക്കമൂലക്കാർ
ആരും കാണാതെ മേരിക്ക്
തിരി കത്തിക്കുകയും
മേരിയുടെ രൂപക്കൂട്ടിലേക്ക്
പ്രദക്ഷിണം നടത്തുകയും
കരിമരുന്നു പ്രയോഗത്താൽ
പ്രസാദിപ്പിക്കുകയും ,
പകലിൽ ,
ഞെളിഞ്ഞു നിന്ന്
ഈ നശിച്ച കുടുമ്മം വന്നേപ്പിന്നെ
നാടു നശിച്ചുവെന്ന്
മീശ കടിച്ചു തുപ്പുകയും ചെയ്യുന്നതിലൊന്നും
മേരിക്കൊരു കൂസലുമില്ല .

മേരീടെ ചെറുക്കൻ
അത്രക്കൊന്നും വാഴ്ത്തപ്പെട്ടവനല്ലാത്ത
എമ്മാനുവേലുകുട്ടി
പകലെല്ലാം
പള്ളി സെമിത്തേരീല്
മരിച്ചവരോടൊപ്പം ,
കുട്ടീം കോലും
കിളിത്തട്ട്
അടിച്ചേച്ചോട്ടം
ഞൊണ്ടിപ്പിടുത്തം എന്നീ കളികളിൽ
വ്യാപരിക്കും
അവനൊരു പരേതരെയും
പേടിയില്ലായിരുന്നു
പരേതരവനെ അന്തിക്രിസ്തുവെന്ന് വിളിച്ച് കളിയാക്കിയുമില്ല .

സെമിത്തേരീടെ നടുക്ക്
പറന്നുനിന്ന മീഖായേല്മാലാഖയ്ക്കാവട്ടെ ,
നാട്ടാര് ദെവസോം കുരിശുമ്മേ കേറ്റുന്ന
എമ്മാനുവേലെന്ന് വച്ചാൽ
ജീവനായിരുന്നു താനും .
വികാരിയച്ചൻ കാണാതെ
മാലാഖയവന് ,
പള്ളീന്ന് വീഞ്ഞ് കട്ടെടുത്തു കൊടുത്തു

പള്ളി ഭണ്ഡാരം കുത്തിത്തൊറന്ന്
ചില്ലറയൊപ്പിച്ചു കൊടുത്തു
കാക്കമൂലക്കാരവനെ
ഭയന്നു
അമ്മച്ചിമാർ അന്തിക്കു മുന്നേ
ആടിനേം മാടിനേം കൂട്ടീക്കേറ്റി
പിള്ളേരായ പിള്ളേരെല്ലാം
സന്ധ്യക്ക് മുന്നമേ
വീടു പിടിച്ചു
എമ്മാനുവേലങ്ങനെ
പരേതാത്മാക്കളുടെ മാത്രം
പുണ്യാളനായി
വല്ലപ്പോഴും കാണാൻ ചെല്ലുന്ന
ട്രപ്പീസു മേരിയോട്
സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത് ?
എന്ന് ചോദ്യമയച്ചു

ഒടുവിലെല്ലാം പൂർത്തിയാകാൻ
മീഖായേലിനാൽ
ഒറ്റുകൊടുക്കപ്പെട്ട്
പരേതരാൽ മൂന്നുവട്ടം തള്ളിപ്പറയപ്പെട്ട്
തെമ്മാടിക്കുഴിയിൽ ,
എമ്മാനുവേലങ്ങനെ
നീണ്ടു നൂർന്നു കെടന്നു കൊടുത്തു
മൂന്നാംദിനമെഴുനേറ്റു വന്ന്
പരേതർക്കൊപ്പം
കുട്ടീം കോലും
കിളിത്തട്ട്
അടിച്ചേച്ചോട്ടം
ഞൊണ്ടിപ്പിടുത്തം എന്നീ കളികളിൽ
വ്യാപരിച്ചു.

വൈഗ ക്രിസ്റ്റി

By ivayana