മൻസൂർ നൈന .

കൊച്ചിയിലെ അമ്മായി മുക്കിൽ ഈ സൈക്കിൾ ജീവിതത്തിന് 45 വർഷം പിന്നിട്ടു . 66 വയസ്സ് കഴിഞ്ഞ ഇസ്മായിലിക്ക … സൈക്കിൾ റിപ്പയറിങ്ങും ,വാടകയ്ക്കും നൽകുന്ന ഈ സംരംഭം തുടങ്ങുന്നത് ഉദ്ദേശം 1975 ലാണ് .

എന്റെ ചിന്തകൾ ശരിയാണെങ്കിൽ ഇത്ര നീണ്ട വർഷ കാലം സൈക്കിൾ സർവീസുമായി കൊച്ചിയിൽ നിലനിൽക്കുന്നത് ഒരു പക്ഷെ ഇസ്മായിലിക്കയാവാം ….. മുപ്പത് വർഷം മുൻപ് ഒരു മണിക്കൂറിന് 10 പൈസയാണ് സൈക്കിൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള ചാർജ്ജ് . കാൽ സൈക്കിൾ , അര വണ്ടി , മുക്കാൽ സൈക്കിൾ , ഒരു വണ്ടി …. ഇതൊക്കെ സൈക്കിളിന്റെ പൊക്കം സൂചിപ്പിക്കുന്നതാണ് .

ഇത്തരം എല്ലാ സൈക്കിളും ഇസ്മായിലിക്കയുടെ അടുത്തുണ്ടാവും . പെരുന്നാൾ രാവുകളിലേക്ക് സൈക്കിൾ നേരത്തെ വന്ന് ബുക്ക് ചെയ്തിട്ട് പോകും . കല്യാണം വിളിക്കാനും മറ്റും മൂന്ന് – നാല് ദിവസത്തേക്ക് സൈക്കിൾ വാടകയ്ക്ക് എടുക്കും . വിശേഷ ദിവസങ്ങളിൽ എറണാകുളത്ത് നിന്നും , പള്ളുരുത്തിയിൽ നിന്നും മറ്റും സൈക്കിളിനായി കൊച്ചിയിലെത്തും . അക്കാലത്ത് കൊച്ചിയിൽ നിരവധിയാളുകൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത് ഇസ്മായിലിക്കയുടെ വാടക സൈക്കിളിന്മേലാണ് .

സൈക്കിൾ സവാരി നടത്തി ഓരോ റൗണ്ട് കഴിയുമ്പോഴും കുട്ടികൾ വന്ന് ചോദിക്കും ” ഇസ്മായിലിക്ക എത്ര മിനിറ്റായി “കാരണം തിട്ടപ്പെടുത്തിയ ചില്ലറ നാണയങ്ങളെ നിക്കറിന്റെ പോക്കറ്റിലുണ്ടാവൂ . ഇന്നത്തെ ഹാർലി ഡേവിഡ്സൺ അല്ലെങ്കിൽ ബുള്ളറ്റൊക്കെ ഓടിക്കുന്ന ഗമയാണ് അന്ന് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ ഗമ ….

പിൻ ചക്രത്തിൽ ബലൂൺ കെട്ടി സൈക്കിൾ ചവിട്ടുമ്പോൾ ഉണ്ടാവുന്ന ശബ്ദം ആകാശത്തോളം ഉയർന്ന സന്തോഷമാണ് നൽകുന്നത് . പണ്ടൊക്കെ പെരുന്നാൾ രാവുകളിൽ നേരം പുലരുവോളം ഇസ്മായിലിക്കാക്ക് വിശ്രമമില്ല . ഒരാൾ സവാരി കഴിഞ്ഞു കൊണ്ടു വന്നു സൈക്കിൾ ഏൽപ്പിക്കാൻ കാത്തു നിൽക്കും അടുത്തയാൾ വാടകയ്ക്ക് എടുക്കാൻ . അമ്മായി മുക്കിലെ താൽക്കാലികമായി കെട്ടിയുയർത്തിയ വളക്കടകളും മറ്റു കടകളും , അവിടെ എത്തുന്ന മൊഞ്ചന്മാരും മൊഞ്ചത്തികളും , വർണ്ണങ്ങൾ വിതറിയ അലങ്കാര വിളക്കുകൾക്കും ഒപ്പം സൈക്കിൾ സവാരിക്കാരായ കുട്ടികളും അലങ്കാരമായിരുന്നു .

സ്വന്തമായി സൈക്കിൾ ഉണ്ടെങ്കിൽ അതിന് കുറെ അലങ്കാര പണികൾ ചെയ്യും . ഇന്ന് കാറുള്ളവർ അതിനകത്ത് ഇൻഡീരിയർ വർക്ക് ചെയ്യുന്നതിനേക്കാൾ സന്തോഷവും അഭിമാനബോധവുമാണ് അന്ന് സൈക്കിളിൽ അത് ചെയ്യുമ്പോൾ . പെട്രോളിന്റെ ഇന്നത്തെ ഇങ്ങനെയുള്ള കുത്തനെയുള്ള വിലക്കയറ്റം മിക്കവാറും അടുത്ത തലമുറയെ ആരോഗ്യമുള്ളവരാക്കി മാറ്റും .

അതെ വീണ്ടും സൈക്കിളിലേക്ക് …… ഇത് ഒരു തമാശയായി പറഞ്ഞതാണെങ്കിലും സത്യത്തിൽ ഇന്നത്തെ തലമുറ ആരോഗ്യം വീണ്ടെടുക്കാനായി വീണ്ടും സൈക്കിളിലേക്ക് കയറുകയാണ് . കാലവും കോലവും മാറിയതോടൊപ്പം പക്ഷെ സൈക്കിളിന്റെ വിലയും മാറിയെന്ന് മാത്രം ……

By ivayana