ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
ജയശങ്കരൻ ഒ ടി*

ഭയം കണ്ണു ചോപ്പി
ച്ചലറുംമൃഗത്തിനെ ,
ചീറ്റുന്ന പാമ്പിൻ
വിഷത്തിനെ ,കാറ്റിനെ ,
കാട്ടുതീ ചുറ്റിലും
നീട്ടുന്ന നാവിനെ
കാട്ടാറിനെ, ചുഴി
കുത്തുമൊഴുക്കിനെ ,
പ്രാണൻ പിടയുന്ന
മിന്നലിൽ പേമാരി
പെയ്യുന്ന കാള –
മേഘങ്ങളെ , വിണ്ണിനെ ,
പെണ്ണിനായ് തമ്മിൽ
പൊരുതുന്ന സന്ധ്യയെ .
കൂരിരുൾ മൂടി
പ്പശിക്കുന്ന രാവിനെ.
ഭയം തീർക്കുവാൻ
കൂപ്പുകൈകളാൽ , മണ്ണിനെ
മിന്നുന്ന താരയെ
സൂര്യനെ ചന്ദ്രനെ
കാടിനെ , സർപ്പങ്ങളെ .,
പൂക്കൾ ചൂടുന്ന
കാവിനെ , സോമം
കിനിയും ലതകളെ
കൂട്ടുകൂടും ദയാ
വായ്പിനെ .സാന്ത്വന
വാക്കുകൾ കൊഞ്ചുന്ന
പൈതലിൻ നാവിനെ
കൂരക്കു കാവൽ
നിൽക്കും കൂട്ടുകാരിയെ
ദീപനാളത്തിൽ
മിനുങ്ങും യശസ്സിനെ
രാത്രിയുദ്ധങ്ങൾ
ജയിക്കുമിരുമ്പിന്റെ
കൂർത്ത മുനകളാൽ
കല്ലിൽ കൊരുത്തിട്ട
ജ്യാമിതീയങ്ങളെ
ആദ്യാക്ഷരങ്ങളിൽ
വാക്കുകൾ കൂടി
ക്കലർന്ന കവിതയെ
പാട്ടിനെ ,യന്നം
വിളയും വയലിനെ
മന്ത്രങ്ങളെ , വരം
നൽകാനൊരുങ്ങുന്ന
ദൈവങ്ങളെ ,
കുമ്പിൾ നീട്ടും
പ്രകൃതിയെ .
കൂരിരുൾ മാറുവാൻ
കൈത്തിരിയാവും
ഗുരുവിനെ ,നേർവഴി
യോതും വ്രതങ്ങളെ ,
സ്നേഹദൂതായ് വന്നു
വാക്കു വിതച്ചു
വിളകളായ് കൊയ്യു
മനുഗ്രഹധാരയെ.
ശാസ്ത്രബോധങ്ങളെ
സത്യം മൊഴിയുന്ന
കാവ്യ ശില്പങ്ങളെ ,
സൗന്ദര്യ ദീപ്തിയെ
എല്ലാം നിലയ്ക്കുവാൻ
സ്വാർത്ഥത തൻ മഹാ
മാരിയിലെണ്ണ
മൊടുങ്ങിത്തുടങ്ങിനാം.

By ivayana