രചന : സുനു വിജയൻ*
അമ്മ മരിച്ചു കിടക്കുകയാണ് .
കണ്ണുകൾ ഒരൽപ്പം തുറന്നാണി രിക്കുന്നത് .
മരണ സമയത്ത് അമ്മ എന്നെ കാണുവാനായി കണ്ണുതുറന്ന് ചുറ്റും നോക്കിയിരിക്കും .
പാവം അമ്മ
ഞാൻ അമ്മയെ തനിച്ചാക്കി അന്നത്തിനു പണം നേടാൻ പോയിരുന്നു .
പാതിയടഞ്ഞ ആ കണ്ണുകൾക്ക് താഴെ ചാലിട്ട ഒരുണങ്ങിയ കണ്ണീർപ്പാട് .
മരണ സമയത്ത് അമ്മ എന്നെ കാണാതെ കരഞ്ഞിരുന്നിരിക്കാം .
ഞാൻ പിറന്നു വീണ നിമിഷം മുതൽ അമ്മയുടെ കണ്ണുകൾ എപ്പോഴും എന്നെ തിരഞ്ഞിരുന്നു .
അമ്മയിൽ നിന്നും എത്ര അകലേക്ക് പോയാലും ആ കണ്ണുകൾ എനിക്ക് ഒരു പോറൽപോലും ഏൽക്കാതെ എന്നെ സംരക്ഷിച്ചിരുന്നു .
മരിച്ചപ്പോൾ അമ്മ കൈവിരലുകൾ എന്തിനാണ് ചുരുട്ടി പിടിച്ചത് .
അതേ മരിക്കാൻ ഒരുങ്ങുമ്പോഴും അമ്മ എന്നെ ഓർത്തു ആ വിരലുകളാൽ എന്നെ വിടാതെ പിടിക്കുന്നതായി കരുതിയിരിക്കാം .
മരവിച്ചു ചുരുണ്ട ഈ വിരലുകൾ എന്നെ എത്രയാണ് തഴുകിയത് ..
എത്ര വഴിത്താരകൾ ഈ വിരൽത്തുമ്പ് പിടിച്ച് ഞാൻ നടന്നിരിക്കുന്നു ..
എത്ര തവണ ഉരുളകൾ ഉരുട്ടി എന്നെ ഊട്ടിയിരിക്കുന്നു ..
അമ്മ എപ്പോഴും എന്നെ ചേർത്തുപിടിക്കാൻ ആഗ്രഹിച്ചു .
വാർദ്ധക്യവും രോഗവും അമ്മയെ തളർത്തിയപ്പോൾ ഞാൻ അമ്മയെ അമ്മ കരുതുംപോലെ നോക്കിയില്ല ..
പകലിന്റെ ഏകാന്തതകൾക്കൊടുവിൽ ,വൈകുംന്നേരങ്ങൾ അണയുമ്പോൾ അമ്മ എന്നെക്കാത്ത് ഉമ്മറത്തു വിളക്കു തെളിച്ചു കാത്തിരുന്നു .
അമ്മ മരിച്ചപ്പോൾ എന്താവും വിചാരിച്ചിരിക്കുക ?
മകനെ ഒന്നു കാണാതെ
മകനെ ഒന്നു തൊടാതെ ….
അമ്മ മരിച്ചു കിടക്കുകയാണ് .
ഞാൻ അമ്മയെകുളിപ്പിക്കട്ടെ
തുറന്ന കണ്ണുകൾ പതിയെ തിരുമ്മി അടക്കട്ടെ ..
ചുരുട്ടി മടക്കിയ കൈവിരലുകൾ അങ്ങനെതന്നെ ഇരിക്കട്ടെ .
അതിൽ അമ്മ ചുരുട്ടി പിടിച്ചിരിക്കുന്നത് അമ്മയുടെ സ്നേഹമാണ് ..വിശ്വാസമാണ് ..
അതു ഞാൻ ചോർത്തിക്കളയില്ല .മരണ സമയത്തെ അമ്മയുടെ ആശ ,അമ്മയുടെ വിശ്വാസം.
