രചന : ശ്രീകുമാർ എം പി*

കൊന്നപ്പൂന്താലിയുമായ്
കതിർ മണ്ഡപമേറി വന്ന
മേടപ്പൂമ്പുലരീ നീയെൻ
മലനാടിൻ കൈനീട്ടം.

കുഴലൂതി കൂകിപ്പാടി
കുരവയിട്ടാർത്തുവരും
കുയിൽപ്പെണ്ണും കൂട്ടരുമെൻ
കുന്നല നാടിൻകൈനീട്ടം.

പുതുമഴ പെയ്തിറങ്ങി
ചൊരിമണ്ണതിൽ കുതിർന്നു
മദിപ്പിക്കും മണ്ണിൻ ഗന്ധം
മമ നാടിൻ കൈനീട്ടം.

മധു ഫലങ്ങൾ നിറഞ്ഞു
മാമരങ്ങളുലഞ്ഞാടും
മരതകത്തോട്ടമെന്റെ
മംഗളനാടിൻ കൈനീട്ടം.

നിറഞ്ഞ പീലികൾ കുത്തി
നീലക്കാറൊളി മുകുന്ദൻ
പൊൻ ദീപപ്രഭയിൽ മുങ്ങി
പൊൻവേണുഗീത മുതിർത്ത്

വിളങ്ങും കാഴ്ചകൾക്കൊപ്പം
വിളങ്ങി മനം കുളിർക്കെ
കാണുന്ന പൊൻകണിയുമീ
ദേവനാടിന്റെ കൈനീട്ടം.

കളി ചിരിയും പാട്ടുമായി
ചന്ദനക്കാറ്റുമായി
കുരവപ്പൂ പൊങ്ങുമ്പോലെ
പൂത്തിരി ചിരിക്കുമ്പോലെ

കതിരോനുദിച്ച പോലെ
കനകം വിളയുമ്പോലെ
കടന്നെത്തും പൊന്നിൻ വിഷു
എൻ തിരുനാടിൻ കൈനീട്ടം.

ശ്രീകുമാർ എം പി

By ivayana