രചന : അൻസാരി ബഷിർ*

നോമ്പുകാലങ്ങൾ തീറ്റയുടെ
വീമ്പുകാലങ്ങളാകുമ്പോൾ
ഉമ്മയൂട്ടിയ നോമ്പുകഞ്ഞിയുടെ
ഉൺമ നുണഞ്ഞാണ്
ഇന്നുമെൻെറ നോമ്പുതുറ!
മഗ്രിബ് ബാങ്കിനാണല്ലോ
മാസ്മിരികത കൂടുതൽ
എന്നറിഞ്ഞ ബാല്യം!
ആമാശയത്തിൻെറ
ആളലിൽ
ആദ്യമലിയുന്ന
കാരയ്ക്കാകീറും
ഒരിറക്കുവെള്ളവും!
പശിയുടെ വെളിപാടുകൾ!
പകരം വെയ്ക്കാനില്ലാത്ത അനുഭവങ്ങൾ!
കൂടിയിരുന്ന്
ചവയ്ക്കുകയും
കൂടെക്കൂടെകുടിയ്ക്കുകയും
ചെയ്യുന്ന ശബ്ദങ്ങൾക്ക്
മന്ത്രോച്ചാരണത്തോളം ധന്യത!
ഉറക്കത്തിൻെറ
ഉന്മാദത്തിൽ നിന്ന്
ഇടയത്താഴത്തിൻെറ
ഇറയത്തേക്ക്
വലിച്ചിഴയ്ക്കുമ്പോൾ
ഉമ്മയുമായി ഒരു ചെറുസംവാദമുണ്ട്.
ഡാ!
ഡാ, മോനേ – – – –
ഡാ- – – –
ഉം?
നോമ്പുപിടിയ്ക്കുന്നോ?
ഉം – – – –
എന്നാ യെണീക്ക്,
ഉം – – –
വീണ്ടും ഉറക്കത്തിൻെറ ഉളളുറയിലേയ്ക്ക്;
സംവാദങ്ങളുടെ
ആവർത്തനങ്ങൾക്കൊടുവിൽ,
അർധബോധത്തിൻറെ
അഴികളിൽ പിടിച്ച്
അല്പനേരം,
പിന്നെ,
ഉപ്പിനോടൊപ്പം
ഉപ്പയുടെവിയർപ്പും
ഉമ്മയുടെ കണ്ണീരും കലർന്നിട്ടും
ഉപ്പധികമാകാതെ
പാകംചെയ്തപരാധീനതകൾ!
അവ ആസ്വദിയ്ക്കാൻ
അന്നു പരിശീലനം നേടിയതുകൊണ്ടാകണം
ഇന്നും അവയ്ക്കിത്ര രുചി !
ഓർമ്മകൾ
ഒന്നാന്തരം അഭ്യാസികളാണ്!
ഒക്കത്തെടുത്ത്
കൊഞ്ചിക്കുകയും
ഒറ്റപ്പെടുത്തി
വഞ്ചിയ്ക്കുകയും ചെയ്യുന്ന
ഒന്നാന്തരം അഭ്യാസികൾ!
ഇന്നെനിയ്ക്കറിയാം
ഇല്ലായ്മയുടെ നോമ്പുകാലത്തിന്
ഇന്നിൻെറ
വീമ്പുകാലത്തിനെക്കാൾ
ഈടുറപ്പുണ്ടെന്ന്!

www.ivayana.com

By ivayana