മൻസൂർ നൈന

മുന്നോട്ടൊ പിന്നോട്ടൊ ചലിപ്പിക്കാനാവതെ ഇടം വലം നീക്കാനാവാതെ ചെക്ക് പറഞ്ഞു എതിരാളികളെ തറപറ്റിച്ചു ചതുരംഗ കളിയിൽ സൈനുദീൻ നൈന കരുക്കൾ നീക്കി തുടങ്ങിയത് പന്ത്രണ്ടാം വയസ്സിൽ …….” ഉന്തുന്ത്.. ഉന്തുന്ത്…ഉന്തുന്ത് .. ഉന്തുന്തുന്ത് ആളെ ഉന്ത് !……….” എന്റെ ചെറുപ്പത്തിൽ ഉമ്മ പറഞ്ഞു തന്നിട്ടുള്ള കഥകളിലൊന്നിലെ ഈരടിയാണിത് .

ചതുരംഗ കളിയിൽ ഇനിയെന്തു വേണം എന്ന ആശയ കുഴപ്പത്തിലകപ്പെട്ട് എതിരാളിക്ക് മുന്നിലിരിക്കുന്ന രാജാവിന് , മകനെ തൊട്ടിലിലിട്ട് ആട്ടി കൊണ്ടിരിക്കെ താരാട്ട് പാട്ടായി സൂത്രത്തിൽ രാജാവിന് അടുത്ത നീക്കം പറഞ്ഞു കൊടുത്ത ബുദ്ധിമതിയായ രാജ്ഞിയുടെ കഥ . കോലത്തുനാട് ഭരിച്ചിരുന്ന ഉദയവർമ കോലത്തിരി രാജാവും സദസ്യരിൽ ഒരാളുമായിരുന്ന ചെറുശ്ശേരിയും ചതുരംഗം കളിക്കുമ്പോൾ ആളെ ഉന്താനായി തമ്പുരാട്ടി താരാട്ടുപാട്ടിലൂടെ സൂചന ൽകിയെന്നും ആളെ ഉന്തുകയും ചതുരംഗത്തിൽ ജയിക്കുകയും ചെയ്ത ഉദയവർമരാജാവ് അപ്പോൾത്തന്നെ ഈ താരാട്ടുപാട്ടിൽ കൃഷ്ണസ്തുതികൾ രചിക്കാൻ ചെറുശ്ശേരിയോട് കൽപ്പിച്ചെന്നുമാണ് ഐതിഹ്യം. ചെസ്സ് എന്നത് ഭാരതത്തിൽ നൂറ്റാണ്ടുകൾക്കു മുൻപു നിലനിന്നിരുന്ന ചതുരംഗ കളിയുടെ രൂപമാണ് .

ചെസ്സിന്റെ ഉദ്ഭവം ഇന്ത്യ , പേർഷ്യ , അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണെന്നാണ് കരുതപ്പെടുന്നത് . ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ചതുരംഗം എന്ന കളി പ്രസിദ്ധമായിരുന്നു . ചതുരംഗം എന്നത് പുരാണഭാരതത്തിലെ സൈന്യത്തെ തന്നെ സൂചിപ്പിച്ചിരുന്നു . നാലുതരം അംഗങ്ങൾ അഥവാ സേനാവിഭാഗങ്ങൾ എന്നാണ് അതിനർത്ഥം . അക്ഷൗഹിണി……..കുരുക്ഷേത്ര യുദ്ധത്തിൽ സൈന്യങ്ങളെ വിന്യസിച്ചിരുന്നത് ചതുരംഗ കളത്തിലെ കരുക്കൾ പോലെയായിരുന്നുവത്രെ . ഇതിനെ അക്ഷൗഹിണി എന്നാണ് പറഞ്ഞിരുന്നത് . രഥം , ആന , കുതിര പിന്നെ കാലാള്‍ സേന വ്യത്യസ്ഥ അക്കങ്ങളുടെ പേരുകളിലായി ഇങ്ങനെ …. മുസ്ലിം സമുദായത്തിലെ നൈനാമാരുടെ കൊച്ചിയിലെ നിരവധി തറവാട് വീടുകളിൽ ഒന്നാണ് കൊച്ചങ്ങാടിയിലെ തെക്കേ വീട് . ഓട് മേഞ്ഞ , നിരവധി വലിയ മുറികളോടെ പഴമയുടെ പ്രൗഡിയോടെ വിശാലമായ സ്ഥലത്ത് തലയുയർത്തി നിന്നിരുന്ന തെക്കേവീട്ടിൽ മുഹമ്മദ് നൈനയുടെയും ആയിഷാ താച്ചിയുടെയും മകനായാണ് സൈനുദ്ദീൻ നൈന ജനിച്ചത് .

തെക്കേ വീടിന്റെ വിശാലമായ മിറ്റത്തേക്ക് കയറുമ്പോൾ മുൻവശത്ത് പടിഞ്ഞാറെ ഭാഗത്ത് വിശാലമായ ഒരു കെട്ടിടം നിന്നിരുന്നു അതായിരുന്നു ഔട്ട് ഹൗസ് . ഈ ഔട്ട് ഹൗസിലിരുന്നു കൊണ്ടാണ് സൈനുദ്ദീൻ നൈന ചെസ്സിന്റെ ബാലപാഠം തുടങ്ങുന്നത് .സഹോദരൻ അഡ്വക്കേറ്റ് അഷറഫ് നൈനയും സുഹൃത്തുക്കളും ചെസ്സ് കളിയുമായി ഇവിടെയാണ് കൂടുക . ഇവരുടെ കളികൾ കണ്ടു നിന്നിരുന്ന ഒരു കൊച്ച് കാഴ്ച്ചക്കാരനായിരുന്നു സൈനുദ്ദീൻ നൈന അന്ന് പന്ത്രണ്ട് വയസ്സ് മാത്രം പ്രായം . തന്റെ സഹേദരനുമായും സഹോദരന്റെ സുഹൃത്തുക്കളുമായും സൈനുദ്ദീൻ നൈന കളിച്ചു തുടങ്ങി . പലപ്പോഴും സ്വന്തം സഹോദരൻ അഷറഫ് വക്കീൽ തന്നെയായിരുന്നു ഉപദേശകൻ .

സൈനുദ്ദീൻ നൈനയിലെ അസാമാന്യ കഴിവു തിരിച്ചറിഞ്ഞ അഷറഫ് വക്കീലിന്റെ സുഹൃത്തും ആബാദ് ഗ്രൂപ്പിന്റെ മാനേജിങ്ങ് പാർട്ടണർമാരിൽ ഒരാളുമായ ജാവേദ് ഹാഷിം നൈനയിലെ കളിക്കാരനെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു . അതിനായി ചെസ്സിനെ സംബന്ധിച്ച് ലഭിക്കാവുന്ന പുതിയ പുസ്തകങ്ങൾ നൈനക്ക് എത്തിച്ചു കൊണ്ടിരുന്നു . എന്റെ പിതാവിന്റെ സഹോദരിയുടെ ഭർത്താവായിരുന്ന മുഹമ്മദ് സിദ്ദീഖ് എന്ന മഹ്മുവും പ്രോൽസാഹനവുമായി ഉണ്ടായിരുന്നതായി പറയുന്നു .

മൂന്നു തവണ കേരള സ്റ്റേറ്റ് ജൂനിയർ ചാമ്പ്യനായി 1974 – ൽ എറണാകുളം ഡിസ്ട്രിക്റ്റ് ചാമ്പ്യൻ , 1974 – ൽ തന്നെ കേരള സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻ , 1975 -ൽ കേരള സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻ , 1977 – ൽ കേരള സ്റ്റേറ്റ് ജൂനിയർ ചാമ്പ്യൻ , അന്താരാഷ്ട്ര (FIDE) റേറ്റഡ് ചെസ്സ് കളിക്കാരൻ എന്ന ബഹുമതി , ഏഷ്യൻ നഗരങ്ങളിലെ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു 1989 ൽ മലേഷ്യയിലും , 1992 ൽ ദുബായിലും പങ്കെടുത്തു . അമേരിക്കകാരനായ റോബർട്ട് ജെയിംസ് ബോബി ഫിഷറും , റഷ്യക്കാരനായ ബോറിസ് സ്പാസ്ക്കിയും തമ്മിലുള്ള തീ പാറുന്ന പോരാട്ടങ്ങളുടെ 1972 കളുടെ കാലം . ലോകം മത്സരങ്ങളുടെ പിടിയിലായിരുന്നു , ഓരോ സംസാരവും ചെസ്സിനെക്കുറിച്ചായിരുന്നു , അക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള ദേശീയ ഇംഗ്ലീഷ് പത്രങ്ങളിൽ ദിനംപ്രതി വാർത്തകൾ വന്നു കൊണ്ടെയിരുന്നു .

എറണാകുളം ജില്ലയിൽ ആദ്യത്തെ ചെസ്സ് ചാമ്പ്യൻഷിപ്പ് നടക്കുമെന്ന വിവരം അറിയുന്നു . അതിൽ പങ്കെടുക്കണമെന്ന് നൈന തീരുമാനിച്ചുറപ്പിച്ചു . ജൂനിയർ വിഭാഗത്തിൽ സൈനുദ്ദീൻ നൈന ആ ടൂർണമെന്റിൽ വിജയിയായി . അത് നൈനയുടെ ചെസ്സ് യാത്രയുടെ തുടക്കമായിരുന്നു . തിരുവനന്തപുരത്ത് വെച്ചു നടക്കാനിരുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ എറണാകുളത്തെ പ്രതിനിധീകരിച്ച് ഒരു സെലക്ഷൻ ടൂർണമെന്റ് ഉണ്ടായിരുന്നു , പക്ഷേ നിർഭാഗ്യവശാൽ സെലക്ഷൻ ടൂർണമെന്റിൽ സൈനുദ്ദീൻ നൈന മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു , ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർക്ക് മാത്രമേ തിരുവനന്തപുരത്തെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടായിരുന്നുള്ളു . ഭാഗ്യത്തിന് തുടർന്നു മൽസരിക്കാൻ ഭയപ്പെട്ട തിരഞ്ഞെടുത്ത ഒരു കളിക്കാരൻ അതിൽ നിന്നും പിന്മാറി ഇതിനാൽ നൈനക്ക് കളിക്കാൻ അനുവാദം ലഭിച്ചു , തിരുവനന്തപുരത്ത് പോയി ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെ സൈനുദ്ദീൻ നൈന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് നേടുകയായിരുന്നു . ” ഞാൻ ഫിഷറെ പോലെ കളിക്കാനും സ്പാസ്സ്കിയെ പോലെ പെരുമാറാനും ആഗ്രഹിക്കുന്നു ” അന്ന് പതിന്നാല് വയസ്സുകാരനായ സൈനുദ്ദീൻ നൈന എന്ന ബാലന്റെ ആഗ്രഹത്തെ ഹെഡ്ഡിങ്ങായി നൽകിയാണ് മലയാള മനോരമ പത്രം പുറത്തിറങ്ങിയത് .

ഇപ്പോൾ കുടുംബസ്സമേതം ദുബായിയിലുള്ള സൈനുദ്ദീൻ നൈന വിവാഹം കഴിച്ചിട്ടുള്ളത് മട്ടാഞ്ചേരിയിലെ പി.എസ്. അബു – നബീസ ദമ്പതികളുടെ മകൾ സൗജത്തിനെയാണ് . അതായത് പ്രശസ്ത നടൻ മമ്മൂട്ടിയുടെ ഭാര്യയായ സുൽഫത്തിന്റെ ഇളയ സഹോദരിയെയാണ് വിവാഹം ചെയ്തിട്ടുള്ളത് . സൈനുദ്ദീൻ നൈനയുടെ മകൻ സാഹിർ ദുബായിൽ എഞ്ചിനിയറാണ് . മകൾ ഹെസ്സ ദുബായിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ് . നൈനാമാരുടെ കൊച്ചിയിലെ വലിയ തറവാടുകളെല്ലാം ഇന്ന് ഓർമ്മകളായി . തെക്കേവീടിന്റെ സ്ഥാനത്ത് ഇന്ന് നിരവധി വീടുകൾ വന്നു കഴിഞ്ഞു . ഞങ്ങളുടെ കളിമുറ്റം കൂടിയായിരുന്നു തെക്കേവീട് ……

By ivayana