രചന : ഗീത മന്ദസ്മിത✍

ആധികൾ, വ്യാധികൾ, ആശങ്കകൾ, പിന്നെ–
ആഹ്ലാദമില്ലാത്ത രാത്രികൾ, പകലുകൾ
ആവതില്ലാർക്കുമേ താങ്ങുവാനിന്നിനി
ആധിയും വ്യാധിയും തീർക്കുന്ന വേദന..!
എങ്ങും തളം കെട്ടി നിൽക്കുന്നു മൂകത
എങ്ങും മുഖം കെട്ടി നീങ്ങുന്നു മാനവർ
കൂട്ടങ്ങൾ കൂടുവാൻ പാടില്ല,–എന്നവർ
കൂട്ടങ്ങൾ കൂടിയാൽ, ‘കൂട്ടമായ് പോയിടും’
കാലത്തെഴുന്നേറ്റു വാതിൽ തുറന്നു ഞാൻ
കാര്യമായ് പത്രപാരായണം ചെയ്യുവാൻ
മുറ്റത്തുമിറയത്തും ഗേറ്റിന്നരികത്തും
എങ്ങുമേ കണ്ടില്ല ഇന്നത്തെ ‘വാർത്തകൾ’
നേരത്തും കാലത്തും,മഴയെത്തും നേരത്തും
കാലങ്ങളായിട്ടു പത്രമിടുന്നവൻ
എന്നാലവനെയോ കണ്ടില്ല ഇന്നു ഞാൻ
എന്താണു കാര്യമെന്നാരോടാരായുവാൻ..!
പാചകവാതകം നൽകുന്ന സോദരൻ
വാചകമൊന്നുമേ ചൊന്നില്ല ഫോണിലായ്
സോദരനായവൻ കാവലാണിപ്പോഴും
‘പ്രാണൻ’ പകരും സിലിണ്ടറിനായെങ്ങോ
അല്പം നടക്കുവാനായി ഞാൻ മെല്ലവേ
അല്പദൂരം പാതയോരത്തു ചെന്നതും
അല്പമകലെയായ് നിൽപ്പുണ്ട് ‘കാവലാൾ’
കല്പ്പിച്ചു വേഗേന വീട്ടിലണയുവാൻ
ഇന്നലെ കണ്ടൊരെൻ ആത്മസുഹൃത്തിനെ
എങ്ങുമേ കണ്ടതില്ലിന്നു ഞാൻ സോദരീ….!
പാതി പറഞ്ഞങ്ങുവെച്ചൊരാ പരിഭവം
പാതി വഴിയിൽ മുറിഞ്ഞുപോയെന്നതോ
പാതയോരത്തു നാം കാണ്മതേയില്ലിനി
പാതി വഴിയിൽ നീ പോയി മറഞ്ഞുവോ.. !
പാതയോരത്തെ പഴക്കടക്കാരനും
പാതിയടച്ചങ്ങു പോയതു കണ്ടു ഞാൻ
പാതയോരത്തായി പാടുന്നൊരന്ധനും
‘പാടില്ല’യെന്നാരോ ചൊല്ലുന്നതും കേട്ടു
കണ്ടങ്ങിരിക്കുന്ന നേരത്തു തന്നെയോ
കാണാതെ പോയ് മറഞ്ഞീടുന്നു മാനുഷർ
കാണുവാൻ പോലുമേ ആവതില്ലെന്നു നാം
കാണുന്ന നേരത്തു നിശ്ചയമില്ലഹോ
കാണാമറയത്തു മേയുന്ന കീടങ്ങൾ
കാണാത്തക്കാഴ്ചകൾ കാട്ടിത്തരുന്നതോ..!
എന്നാൽ —
കാണാത്ത ചെടികളെ കണ്ടു ഞാൻ വഴിയിലായ്
പൂക്കാത്ത കൊമ്പുകൾ പൂത്തതും കണ്ടു ഞാൻ
പാടാത്ത പറവകൾ പാടുന്ന കേട്ടു ഞാൻ
കേൾക്കാത്ത കുയിലിന്റെ നാദങ്ങൾ കേട്ടു ഞാൻ
മേയുന്നു കാലികൾ പാതക്കിരുവശം
ഓടുന്നു മാനുകൾ ദൂരെയാക്കാട്ടിലായ്
കൂടങ്ങു കൂട്ടിക്കുറുകുന്നു പ്രാവുകൾ
കൂട്ടമായ് നീന്തിത്തുടിക്കുന്നു മീനുകൾ
ഇല്ല മുഖമൂടി ഈ ജീവികൾക്കൊന്നും
ഇല്ല നിരോധനം കൂട്ടങ്ങൾ കൂടുവാൻ
എല്ലാമീ മർത്യാ നിൻ സ്വയംകൃതാനർത്ഥമാം
അല്ലാതെ എന്തൊന്നു കാരണം ചൊല്ലുവാൻ..!

By ivayana