കവിത : ശിവരാജന്‍ കോവിലഴികം,മയ്യനാട്*

കനിവിന്നു തേടുന്നു കൊന്നയും മിഴികളും
കാണാത്ത നിറകണി കനവില്‍ മയങ്ങി
കാലം കുടഞ്ഞിട്ടോരഗ്നിപുഷ്പം ചൂടി
കാത്തിരിക്കുന്നൊരു വിഷുപ്പക്ഷിമാത്രം !
കരുണതന്‍ കനി മാഞ്ഞുപോകുന്ന കരളുകള്‍
കണിവച്ചൊരുക്കുന്നു ഞാനെന്ന ഭാവം
കൈനീട്ടമേകേണ്ട വിറപൂണ്ട കൈയൊന്നു
കൈനീട്ടിനില്ക്കുന്നു സ്നേഹഭിക്ഷയ്ക്കായ്‌ !
കരലാളനത്തിന്റെ കാണാത്ത കഥ പാടി,
കരിയിലക്കിളിയൊന്നു പായുന്നു വെറുതേ.
കത്തുന്ന പകലിന്റെ, ഹൃത്തിന്റെ മൂശയില്‍
കുളിരൊന്നു തേടുന്നു മേടമാസം വ്യഥാ.
കൃഷ്ണാ നിനക്കിന്നു ചൂടുവാന്‍ വാടിയ
കണ്മണിപ്പൂക്കള്‍തന്‍ കദനങ്ങള്‍ നല്കാം.
കണ്ണിണ പൊത്തുവാന്‍ വന്നില്ല കണ്ണാ,ഞാന്‍
കാത്തിരുന്നിട്ടുമാ കനിവുള്ള കൈകള്‍ !
കര്‍ണ്ണികാരം പ്രഭചൂടിയെത്തുന്നിതാ
കാലങ്ങളറിയാതെ കോലങ്ങള്‍പോലെ.
കത്തുന്ന വ്യഥകള്‍തന്‍ കനല്‍ ചുട്ടെടുത്ത്
കളിയാട്ടമാടുന്നു വിധി തീര്‍ത്ത കണികള്‍.
കാത്തിരുന്നിട്ടുമിന്നെന്തേ വരാത്തതെന്‍
കണ്ണാ മറന്നുവോ വിഷുവും കൈനീട്ടവും?
കൈകൂപ്പിനില്ക്കുന്നു ഭാഗ്യവര്‍ഷത്തിനായ്
കണ്ഠപാശങ്ങളെ നീ കാലേയൊഴിക്കണേ….!

ശിവരാജന്‍ കോവിലഴികം

By ivayana