Vasudevan K V*

അവന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂലങ്കഷമായ ചർച്ചകൾ, പതിവുപോലെ കിറുക്കു ജൽപ്പനങ്ങൾ മുഖപുസ്തകകൂട്ടായ്മകളിലും. . സായന്തനങ്ങളിൽ നവമാധ്യമകമ്പളത്തിനിടയിൽ നിന്നൂർന്നിറങ്ങി അവൻ പച്ചക്കറിച്ചെടികളോട് കിന്നാരം..
“സമയമില്ലാ പോലും അല്ലേ.!!

നിനക്കെന്റെ രചനകൾ ഒന്ന് ഓടിച്ചു വായിക്കാൻ!!..
ഒരു മറുകുറി അതിനടിയിൽ കുറിച്ചിടാൻ!!… “
അവനോടവൾക്ക് പരിഭവം.
പാതി സത്യവും പാതി മിഥ്യയുമായി അവൻ കിന്നാരം കുറുകി..
“എൻ പ്രിയമാനവളെ.. എന്റെ രാഗവേഗങ്ങൾ നീയിനിയും തിരിച്ചറിയാത്തതെന്തേ?? “
അവൾ ചീറി..

“നല്ലൊരു സുഹൃത്തായി കണ്ട എന്നോട് എന്തിനു പ്രണയം മൊഴിഞ്ഞു നിൻ അടിമയാക്കി?
വാട്ട്‌ ക്രൈം ഐ ഹാവ് കമ്മിറ്റഡ്?
നിന്റെ സാമീപ്യം മാത്രം കൊതിച്ചോണ്ടിരിക്കുന്നവളായി എന്നെ നീ മാറ്റിയതെന്തിന്?
നിനക്കിപ്പോൾ പല പല സൗഹൃദങ്ങൾ.. അവരോടൊപ്പം നീ സദാ…എന്നോട് ഇത്തിരി പോലും സ്നേഹം ഇല്ലാതെ !!”

അവന് നിയന്ത്രണം വിട്ടു. അവൻ മൊഴിഞ്ഞു.. ” പെണ്ണേ നീ ‘ദ ബുക്ക്‌ ഓഫ് മിർദാദ് ‘ വായിക്കുക..”
ലബനീസ് തത്വചിന്തകൻ മിഖായേൽ നൈമിയുടെ ഗ്രന്ഥം.
പ്രണയാതുര കാവ്യവരികളാൽ വായനകളിൽ മായാജാലം തീർത്ത ഖലീൽ
ജീബ്രാൻ കാഴ്ചകൾവരെ സാംശീകരിച്ച..

ആശ്രമസദൃശ ജീവിതത്തോടൊപ്പം മൗനം കൊണ്ട മിർദാദ് ഒടുവിൽ മൗനം വെടിഞ്ഞു. അതിലൂടെ ‘എന്താണ് സ്നേഹം’ എന്ന ചോദ്യത്തിനുള്ള ഉത്തരവും പിറന്നു.
ഒരിലയെ മാത്രമായി സ്നേഹിക്കാൻ ആവില്ല ആർക്കും. ഇലയെ സ്നേഹിക്കാൻ തുനിഞ്ഞാൽ നമ്മൾ അതിന്റെ തളിരുകളെ ചില്ലകളെ, വേരുകളെ, വൃക്ഷത്തെ.. ഇതെല്ലാം സൃഷ്ട്ടിച്ച ഋതുഭേദങ്ങളെ..അതിനെയൊ ക്കെ സ്നേഹിക്കുക എന്നർത്ഥം.

പെണ്ണേ നിനക്കെന്നോട് സ്നേഹമെങ്കിൽ എന്റെ എഴുത്തുകളെ.., എന്റെ ഇടപെടലുകളെ, എന്റെ വായനകളെ, മനനങ്ങളെ
ഒപ്പം എന്നെ ഞാനാക്കുന്ന എന്റെ സൗഹൃദങ്ങളെ കൂടി നീ സ്നേഹിക്കേണ്ടതുണ്ട്…
അവൾക്കവൻ പറത്തി
ആലിംഗനച്ചൂടോടെ ഒരു ഓൺലൈൻ അധരമുദ്ര.
അക്നോള്ജ്മെന്റ് ധ്വനിപോലെ അവൾ മൂളി. ‘..ഉം’. പരിഭവങ്ങൾക്കു
ക്ഷണികായുസ്സ് ഉദാത്ത പ്രണയത്തിൽ…

By ivayana