Aravindan Panikkassery*

ഒരു മഴക്കോളിലാണ് അച്ഛൻ പോയത് .
ദേഹമടക്കിയ കുഴിയിൽ നിറയെ വെളളമായിരുന്നു മഴയിൽ കുളിച്ച്, വെളളത്തിൽ ലയിച്ച് അച്ഛൻ കിടന്നു. ശവമടക്ക് കഴിഞ്ഞതും വീട് ശൂന്യമായി.
മഴ മാത്രം പോയില്ല.

അമ്മ നിഴൽപ്പായിലിരുന്നു.
നിലവിളക്കിൽ പകരാനെണ്ണയില്ല.
വെയ്ക്കാനരിയില്ല.
കത്തിക്കാൻ വിറകില്ല .
അച്ഛനിറങ്ങിയതോടെ വീട് വെറങ്ങലിച്ചു.
അടുത്ത പറമ്പിൽ ഒരു ചമ്പത്തെങ്ങ് മുറിച്ചിട്ടുണ്ട്. അതിന്റെ കട മാന്തിയാൽ പൊല്ല കിട്ടും. ഉടമയുടെ അനുവാദം വേണം. ചിലർ സമ്മതിക്കില്ല.ചിലര് പണം ചോദിക്കും. പൊല്ലമാന്താൻ പരിചയമുള്ള പണിക്കാരെ കിട്ടണം. സ്ഥലമുടമ തടസ്സം പറയാനിടയില്ല. എന്നാലും ഒരാമാന്തം. ഒന്ന് ചിരിക്കുകയോ കുശലം ചോദിക്കുകയാ ചെയ്യാത്ത ആളുകളാണ്. ഞങ്ങളുടെ പ്രയാസം മനസ്സിലാക്കി അമ്മ കൂടെ വന്നു.

ആ നേരത്ത് വീട്ടിൽ സന്ദർശകരെത്തി.
നിഴൽപ്പായിലിരിക്കേണ്ട പെണ്ണൊരുത്തി എവിടെ ?
ആചാരംലംഘനം !
തറവാട്ടിലെ സ്ത്രീകളാണ്.
കഴിഞ്ഞ് കൂടാൻ വകയുളളവർ.
ഞങ്ങളുടെ പ്രാരാബ്ധങ്ങളൊന്നും അവർക്കില്ല.
“മക്കൾ പട്ടിണിയിരിക്കുന്നതിലും വലുതല്ല എനിക്ക് ആചാരം..”
അമ്മ പറഞ്ഞു.
അവരിറങ്ങിപ്പോയി.

കഴിഞ്ഞ ഒന്നര വർഷത്തിനിടയ്ക്ക് എത്ര മരണങ്ങൾക്ക് സാക്ഷിയായി.
അയൽവാസികൾ പോലും എത്തി നോക്കാത്ത മരണ വീടുകൾ. മൃതദേഹം കുളിപ്പിക്കാൻ പോലും ആളില്ല. ചിത കൊളുത്തുന്നതും കാത്ത് അക്ഷമരാവുന്ന ബന്ധുക്കൾ. കനലാറുംമുമ്പ് സ്ഥലം വിടുന്ന ഉറ്റവർ. മരണ വീട് അതിന്റെ നിശ്ശൂന്യത കൊണ്ടാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
എങ്ങനെയെങ്കിലും അസ്ഥിസഞ്ചയനം കഴിഞ്ഞ് കിട്ടണം. ഏറ്റവുമടുത്ത ദിവസത്തേക്ക് പൊഴുത് നോക്കുന്നു. കർമ്മി ഏതിനും തയ്യാർ. വായ്ക്കരി വേണ്ട, നിഴൽപ്പായിലിരിയ്ക്കണ്ടാ, ബലിയിടണ്ടാ. പക്ഷേ, ദക്ഷിണ കുറയ്ക്കരുത്.

മരണ വീടുകളിൽ പണ്ട് ആളൊഴിഞ്ഞ നേരമുണ്ടാവില്ല. വെയ്ക്കലും വിളമ്പലും തകൃതി.ഒത്തൊരുമയുടെ സന്ദേശം പ്രസരിപ്പിക്കുന്നവയായിരുന്നു ആ വിയോഗ ദിനങ്ങൾ. പതിനാറടിയന്തിരം കഴിഞ്ഞ് ബന്ധുമിത്രാദികൾ പിരിയുമ്പോൾ വീട്ടിൽ ഒരു തേങ്ങലുയരും.കുട്ടികളുടെ കണ്ണ് നിറയും. കൂട്ടുകാരെ പിരിയുന്ന സങ്കടം.
ആചാര സംക്ഷകരുടെ എണ്ണം കൂടിയിട്ടേയുള്ളു.കടുംപിടുത്തങ്ങൾക്ക് കുറവൊന്നുമില്ല. പക്ഷേ, എല്ലാം ഒരു കാട്ടിക്കൂട്ടലിൽ ഒടുങ്ങുന്നു.
വല്ലാത്ത കാലം…

By ivayana