സി. ഷാജീവ് പെരിങ്ങിലിപ്പുറം*

മഹാബലി എന്നുപേരുള്ള ഒരു ചക്രവർത്തിയോ, രാജാവോ, സാമന്തരാജാവോ കേരളത്തിലെന്നെങ്കിലും എവിടെയെങ്കിലും ഭരണം നടത്തിയിരുന്നു എന്നുള്ളതിനു ചരിത്രപരമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. മഹാബലി പുരാണത്തിൽ മാത്രം കീർത്തിനേടിയ രാജാവാണ്. വായുപുരാണം, ഹരിവംശപുരാണം, വാല്മീകിരാമായണം എന്നിവയിലാണ് മഹാബലിയെപ്പറ്റി അധികം പറഞ്ഞുകാണുന്നത്.

മഹാബലി എന്നർത്ഥം വരുന്ന പദമാണ് മാവേലി. മാവേലി എന്ന പേരുസ്വീകരിച്ച ഒന്നിലധികം രാജാക്കന്മാർ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ അത്തരം പല മാവേലിമാരിൽ ഒരു മാവേലിയാണ് മാവേലിക്കര ഭരിച്ചത്. മാത്രവുമല്ല, മാവേലിക്കര ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചില രാജാക്കന്മാർക്ക് മാവേലി എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. ആ മാവേലിയുടെ കരയാണ് മാവേലിക്കര.കേരളത്തിൽ ഓണമാഘോഷിച്ചിരുന്നതു പുരാണപ്രസിദ്ധമായ മഹാബലി-വാമനകഥയുടെ സ്മരണയിലും മഹാവിഷ്ണു, വാമനൻ എന്നീ ദേവസങ്കല്പങ്ങളിലധിഷ്ഠിതമായി ഭക്തിപ്രധാനവുമായിരുന്നു. ഓണക്കാലത്ത് കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽനിന്നും ഇതു മനസ്സിലാക്കാം.

മഹാബലിയുടെ മോക്ഷവുമായി ബന്ധപ്പെട്ട ദാനകഥയാണിത്.കേരളസിംഹവളനാട്കുലശേഖരപാണ്ഡ്യന്റെ ഭരണകാലത്ത് പാണ്ഡിരാജവംശത്തിൽനിന്നു വേർപെട്ടുപോന്ന മാവേലിബാണാധിരായൻ എന്നൊരു രാജാവ് ‘കേരളഹിംഹവളനാട് ‘ എന്ന രാജ്യം സ്ഥാപിച്ചു. ഇന്നത്തെ രാമനാഥപുരം ജില്ല മുതൽ പടിഞ്ഞാറ് കാഞ്ഞിരപ്പള്ളി വരെയും തെക്കോട്ട് മാവേലിക്കര വരെയും വ്യാപിച്ചുകിടന്ന രാജ്യമായിരുന്നു കേരളസിംഹവളനാട്. ‘വളവനാട് ‘ എന്നാൽ ചെറിയഭൂവിഭാഗം എന്നാണർത്ഥം.

ഇങ്ങനെ പല ചെറിയ നാടുകൾ ചേർത്തുരൂപീകരിച്ച രാജ്യമായതുകൊണ്ടാണിതിനു ‘കേരളസിംഹവളനാട് ‘എന്ന പേരുണ്ടായത്. മാവേലി എന്ന ബിരുദം സ്വീകരിച്ചുകൊണ്ട് ഭരണം നടത്തിയിരുന്ന കേരളത്തിലെ ആദ്യത്തെ രാജാക്കന്മാരും ഇവരായിരുന്നു.കേരളസിംഹവളനാടിന്റെ ഭരണസൗകര്യത്തിനായി പിന്നീട് പന്തളം ആസ്ഥാനമാക്കി ഈ രാജ്യത്തിലെ ഒരു ശാഖക്കാർ ഭരണമാരംഭിച്ചു. ഈ ശാഖക്കാരാണ് പന്തളം രാജാക്കന്മാർ എന്ന പേരിൽ പ്രസിദ്ധരായിത്തീർന്നത്.

By ivayana