സജി കണ്ണമംഗലം*

രാവണ നിഗ്രഹകാര്യർത്ഥം ജഗദീശ്വ-
രനാകിയൊരുത്തമ പുരുഷൻ
കാനനവാസം ജഗദീശ്വരിയാം
ജാനകി തന്നൊടു കൂടെനടത്തി,
മാനുകളെക്കൊല ചെയ്തുമശിച്ചും
ദാനവഹത്യ നടത്തി മഹാജന-
ഭീതിയൊടുക്കിയൊടുക്കം സരയുവി-
ലത്ഭുതമായി മറഞ്ഞ ജഗത്ഗുരു
ശ്രീരാമാ തവ നാമമതിന്നു സ്മരിച്ചു
ശ്രമിക്കുകയാണൊരു തുള്ളൽ
വീണാപാണി ഹൃദത്തിൽ വസിക്കാൻ
താണുതൊഴുന്നേനടിയനിദാനീം
ലക്ഷദ്വീപസമൂഹത്തിങ്കൽ
ലക്ഷണഹീനമതാകിയ നിയമം
ലക്ഷ്യം കണാൻ മാനവദുർഗ്ഗതി
ലക്ഷ്യം വച്ചൊരു വിദ്വാൻ വന്നു!
മത്സ്യവുമല്പം മാംസവുമാണവി-
ടുത്തെ മനുഷ്യർക്കെല്ലാം പഥ്യം!
സന്തതമങ്ങനെ സജ്ജനമെല്ലാം
സന്തോഷത്തൊടു വാഴും നാട്ടിൽ
മാനവഹാനി വരുത്താൻ മാത്രം
മോഹിക്കുന്നൊരു തത്പരകക്ഷി
ആമയപൂരിതമാകും നിയമം
താമസഹീനം കൊണ്ടുവരുന്നു!
ബീഫു കഴിക്കാൻ പാടില്ലത്രേ
ബാലകവൃന്ദം മേലിലതല്ലാ
തൊഴിലാളികളുടെ വലയും വള്ളോം
വഴി വെട്ടാനായ് കടലിൽത്തള്ളും!
ആയവ വയ്ക്കും കുടിലുകളെല്ലാം
പോയതു തന്നെ കഷ്ടം കഷ്ടം!
കൊലയും കൊള്ളയുമില്ലാതുള്ളൊരു
കൊച്ചു പ്രദേശം വിഷമയമാക്കാൻ,
ഗുണ്ടകളില്ലാതുള്ള സ്ഥലത്തൊരു
ഗുണ്ടാനിയമം കൊണ്ടുവരുമ്പോൾ
കണ്ടവനെല്ലാം ഗുണ്ടകളാകും
സംഭവമെന്നതു കണ്ടാലറിയാം
ജാതിമതാന്ധത ബാധിച്ചിങ്ങനെ
ജാതിവിരോധം ചെയ്യും പരിഷകൾ!
പാതകഭരണം കൊണ്ടു മനുഷ്യർ
കാതരരായതു കാണേണം നാം.

സജി കണ്ണമംഗലം

By ivayana