സജി കണ്ണമംഗലം*

കാല്പനികസാഹിത്യത്തിലെ അതിരില്ലാത്ത സഞ്ചാരപഥത്തിന്റെ അത്ഭുതക്കാഴ്ചകളിലേയ്ക്കെന്നെ നടത്തിയ താറാവുബാബുവാണ് കഥാപുരുഷൻ.ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് കഥാപുരുഷനെ പരിചയപ്പെടുന്നത്.

അമ്പിളിയമ്മാവനും കോട്ടയം പുഷ്പനാഥിന്റെ കുറ്റാന്വേഷണ കഥകളും വായിച്ച് ധന്യനാവുന്ന കാലം. ഒരുപാടു താറാവുകളേയും തെളിച്ചുകൊണ്ട് മഴതോർന്നൊരു സായാഹ്നത്തിൽ താറാവുബാബു എത്തി. കൊലുന്നനെയുള്ള ശരീരം,നീളമുള്ളൊരു കാലൻ കുട തോളിൽക്കൂടി പിറകിലേക്ക് തൂക്കിയിട്ടിരിക്കുന്നു.പറ്റെ വെട്ടിയ മുടി. ചെറിയ മീശ.കയ്യിൽ ഒരു സഞ്ചി.വീടിന്റെ കിഴക്കുവശത്തുള്ള പാടങ്ങളിലേക്ക് താറാവുകളെ ഇറക്കിവിടുകയാണയാൾ.

ഞാനും സഹപാഠിയായ ഉണ്ണിക്കുട്ടനും കിഴക്കുവശത്തെ മാഞ്ചുവട്ടിലിരുന്ന് താറാവുകളെ കൗതുകത്തോടെ കാണുന്നു. താറാവുബാബു ഞങ്ങളുടെ അടുത്തവന്നിരുന്നുകൊണ്ടിങ്ങനെ പറഞ്ഞു… ” ആഹാ എന്തൊക്കെയുണ്ട്? ഈയിടെ കാണാനേയില്ലാല്ലോ.”ഞങ്ങൾ അത്ഭുതപ്പെട്ടു. ഇദ്ദേഹത്തെ ഞങ്ങൾ മുമ്പു കണ്ടിട്ടില്ലല്ലോ. അദ്ദേഹം തുടർന്നു ”ഞാൻ ബാബു… എന്നെ മറന്നോ ? ഞാൻ ജയന്റെ കൂടെ ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലായിരുന്നു .

കൂടാതെ ഒരു കല്യാണാലോചനയും. പെണ്ണ് രാജകുമാരിയാണ്.”ഞങ്ങൾ കണ്ണിൽക്കണ്ണിൽ നോക്കി അന്തം വിട്ടിരുന്നു. തുടർന്ന് ഷൂട്ടിങ്ങിൽ ജയനെ ഇടിച്ചു തോൽപ്പിച്ചതും സീമ ബാബുവിനോട് പ്രണയാഭ്യർത്ഥന നടത്തിയത് അദ്ദേഹം നിരസിച്ചതുമൊക്കെയായി സംസാരവിഷയങ്ങൾ. അങ്ങനെ അന്നത്തെ സന്ധ്യ കഴിഞ്ഞു.ഞങ്ങൾ താറാവുബാബുവിനെക്കണ്ടതും അയാൾ പറഞ്ഞ കഥകളും അയൽവാസിയും ഞങ്ങളുടെ ഗോട്ടികളി ക്യാപ്റ്റനുമായ ബേബിച്ചായനോടു പറഞ്ഞു.”അവനു വട്ടാണ്” ബേബിച്ചായൻ ചിരിച്ചു.

പിന്നൊരു ദിവസം താറാവുകളേയും കൊണ്ട് ബാബു വന്നു. രാജകുമാരിയുമായുള്ള വിവാഹം തന്നെ മുഖ്യ സംസാരം. കൂട്ടത്തിൽ പുതിയ സിനിമയിലെ സിങ്കപ്പൂർ ലൊക്കേഷനുകളെക്കുറിച്ചും. ഞാൻ ചോദിച്ചു… ഏതു രാജ്യത്തെ രാജകുമാരിയാണ്? അദ്ദേഹത്തിന് രാജ്യത്തിന്റെ പേര് ഓർമ്മവരുന്നില്ലാ. ഉജ്ജയിനിയിലെ രാജകുമാരിയാണോ.

അതോ ഏകചക്രയിലെ ഉദ്ദണ്ഡവർമ്മന്റെ മകൾ താരാമുഖിയാണോ? ”അമ്പിളിയമ്മവൻ” വായിക്കുന്നതിന്റെ പിൻബലത്തിലാണ് ഞാൻ ചോദിച്ചത്.അദ്ദേഹം താരാമുഖിതന്നെ എന്ന സത്യം വെളിപ്പെടുത്തി. അങ്ങനെയാണ് മഹാഭാരതത്തിൽ പറയാതെപോയ ഉദ്ദണ്ഡവർമ്മന്റെയും താരാമുഖിയുടേയും കഥയുണ്ടാവുന്നത്.

സജി കണ്ണമംഗലം

By ivayana