കവിത : ടിഎം നവാസ് വളാഞ്ചേരി*

ഞാനൊരു സംഭവമാണെന്ന് കരുതി ഞാൻ മുമ്പെ ഗമിച്ചു പോയ് ദിനമെന്നുമെ
ഞാനില്ല എങ്കിലീ ഭൂമി ലോകത്തിന്റെ ഗതി മാറുമെന്നുള്ള ഭാവമോടെ
വെട്ടിപ്പിടിച്ചിടാനോടി ഞാൻ ഭൂവതിൽ വഴിയിലെ മുള്ളത് വെട്ടിമാറ്റി
പിൻ വിളി കേൾക്കാതെ ഓടിക്കിതച്ചു ഞാൻ ഭൂമിതൻ മാറിൽ കുതിച്ചു പാഞ്ഞു
വഴിയതിൽ കണ്ടുള്ള ഒട്ടേറെ കൈകളെ കണ്ടതും നിർദ്ദയം വെട്ടിമാറ്റി
സ്വന്തമാമിച്ഛയെ പോലും ത്യജിച്ചു ഞാൻ ഓട്ടമായ് കൂട്ടിനെ പോറ്റിടാനായ്
പെട്ടെന്നൊരു ദിനം അടി തെറ്റി വീണതും ഗതിയാകെ നിർഗ്ഗതി പൂണ്ട നേരം
ഭൂമിയെ താങ്ങി നടന്നുള്ള ഞാനിന്ന് ഭൂമിക്ക് ഭാരമായി മാറി പോലും
ചിതറി തെറിച്ച കിനാവത് മൊത്തവും ചിതയായി ചിതലായി മാറിയപ്പോൾ
ഒട്ടി നിന്നൊട്ടേറെ പേരുടെ ഓട്ടത്തിൻ വേഗത കണ്ടു ഞാനമ്പരന്നു
ഓട്ടയായ് മാറിയ പാത്രമതൊക്കെയും ഒട്ടുമെ വേണ്ടെന്നറിഞ്ഞു ഞാനെ
ഓർത്തു ഞാനിന്ന് കറവത് വറ്റിയ മാടയെന്നുള്ള പ്രപഞ്ച സത്യം
ഖിന്നനായ് കൈകടിച്ചോർത്തു മടങ്ങി ഞാൻ ഏകനാം നാഥന്റെ കനിവ് തേടി.

ടിഎം നവാസ്

By ivayana