കവിത : കത്രീന വിജിമോൾ*

ഈ മൃദു മെത്തതൻ സുഖമെനിക്കേകുന്നു
ശരപഞ്ജരത്തിന്റെ കൂർത്തഭാവം
ചെവിയിൽ പെരുമ്പറ പോലെ മുഴങ്ങുന്നു
ഹൃദയത്തുടിപ്പിൻ പ്രതിധ്വനികൾ
സന്ദർശ്ശകർക്കനുവാദമില്ലെന്നുള്ള
ലിഖിതത്തിൽ മിഴിയൊന്നു പാഞ്ഞ നേരം
ആദ്യമായ് ആരോരുമില്ലാത്തവളെന്ന
ബോധ്യമുൾക്കാമ്പിലുടലെടുത്തു
കണ്മുനക്കോണിലെ കാത്തിരിപ്പിൻതിരി
എണ്ണയില്ലാതെ വരണ്ടുണങ്ങി
ഇടറുന്ന ശബ്ദത്തിലുലയുന്ന ജീവിത
വൃക്ഷപത്രങ്ങൾ കൊഴിഞുവീണു
സഹചരായ് ചുറ്റിലും കൂടെയുണ്ടായവർ
ചലനമറ്റൊരു “കോറ”യാലെ മൂടി
ഉറ്റവരുടയവരാരുമേ ഒരുയാത്രാ
മൊഴികളോ അവസാന നോക്കുപോലും
ഇല്ലാതെഎവിടേക്കോ ഭാണ്ഡത്തിലാക്കി കൊണ്ടുപോയീടുന്നു മിഥ്യയല്ല
ഈന്തപ്പനയുടെ നാട്ടിൽ വസിക്കുവാൻ
നേടിയ ഭാഗ്യമോ നിർഭാഗ്യമോ?
പൊള്ളുന്ന ചൂടിന്റെ മറുപുറം കുളിരുള്ള –
തളിരുണ്ട് ജീവൻ കരുപ്പിടിക്കാൻ
തുനിയവേ വെയിലേറ്റ് വാടിക്കൊഴിഞ്ഞിതാ
വഴിയോരെ വീണു തളർന്നുപോയി
മൃതിയെപുണരുവാനാവില്ല പൈതങ്ങൾ
ഉലയുന്ന കൂട്ടിൽ നിരാലംബരായ്
ചുട്ടുപഴുത്ത മണലിൻ പുതപ്പിനാൽ….
ഹോ…വീണ്ടുമാ.. പൊള്ളുന്ന ചൂടുതന്നെ
മരണം പറന്നുവന്നരികിലിരിക്കുന്നു
നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ
അഹങ്കരിച്ചാടി തിമിർക്കേണ്ട സോദരേ
ഇന്നുഞാണെങ്കിലോ നാളെ നീയും
കരുതിയിരുന്നോളൂ കൈമുതലായുള്ള
ശ്രദ്ധയും കരുതലും അന്യരോടും
അഗ്നിയാൽ ശുദ്ധിവരുത്തണം മനസിന്റെ
മാറ്റമിത്തരുണത്തിലനിവാര്യമേ
അസുലഭമായയീ ജീവിതം പാഴാക്കി –
ക്കളയില്ലിനിയില്ലവസരങ്ങൾ 🙏

By ivayana