രചന~ ഗീത മന്ദസ്മിത✍️

വിദ്യാലയങ്ങൾ തുറക്കാതെ ഒരു അധ്യയന വർഷം കൂടി ആരംഭിക്കുന്നു. … !!!
ഒരു അധ്യാപിക എന്ന നിലയിൽ മനസ്സു തുറന്ന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആത്മാർഥമായി ആശംസകൾ നേരുവാൻ പോലും ആവുന്നില്ല…..!!!
വിദ്യാർത്ഥിളും അധ്യാപകരും പരസ്പരം നേരിൽ കാണാതെ എന്ത് അദ്ധ്യാപനം….!!! എന്ത് വിദ്യാഭ്യാസം…..!!! എന്ത് അറിവ് പകരൽ… !!! എന്ത് പാഠ്യേതര പരിപാടികൾ… !!! എന്ത് സ്വഭാവരൂപീകരണം…. !!!
എങ്കിലും നല്ല ദിനങ്ങൾ വന്നു ചേരും എന്ന പ്രതീക്ഷയിൽ എല്ലാവർക്കും ശുഭാശംസകൾ നേർന്നുകൊണ്ട്…. 💜
ലോകം കീഴടക്കിയ കോവിഡ് എന്ന മഹാവ്യാധി കാരണം, — വിദ്യാലയാങ്കണത്തിലെത്തി ആദ്യാക്ഷരങ്ങൾ നുകരുക എന്ന ആഗ്രഹം, –നടക്കാതെ പോയ, പിഞ്ചോമനകൾക്കായി, — കഴിഞ്ഞ ശിശുദിനത്തിൽ എഴുതിയ ഒരു കവിത ഈ അവസരത്തിൽ നിങ്ങളുടെ ശ്രദ്ധയിലേക്കായി ഒരിക്കൽ കൂടി ഇവിടെ കുറിക്കുന്നു ….. 💜

അടച്ചിട്ട ബാല്യങ്ങൾ

പുത്തനുടുപ്പൊന്നണിഞ്ഞില്ല ഞങ്ങൾ
പുസ്തക സഞ്ചിയെടുത്തുമില്ല
മണിയടിയൊച്ചകൾ കേട്ടില്ല ഞങ്ങൾ
പ്രാർത്ഥനാ ഗീതങ്ങൾ ചൊല്ലിയില്ല
അമ്മയെക്കാണാതിരുന്നില്ല ഞങ്ങൾ
അധ്യാപകരെയോ കണ്ടുമില്ല
ആദ്യഗുരുവെ അറിഞ്ഞില്ല ഞങ്ങൾ
ആദ്യാക്ഷരമോ നുകർന്നുമില്ല
ആദ്യത്തെ കൂട്ടുകാരാരെന്നറിഞ്ഞില്ല
കൂട്ടുകൂടാനോ പഠിച്ചുമില്ല…
കൂട്ടുകാരൊത്തു കളിച്ചില്ല ഞങ്ങൾ
കുഞ്ഞുകാര്യങ്ങൾ പറഞ്ഞുമില്ല
കുഞ്ഞു പിണക്കമറിഞ്ഞില്ല ഞങ്ങൾ
കുഞ്ഞുമിഠായി പകുത്തുമില്ല
പുസ്‌തസ്‌കത്താളിലൊളിപ്പിച്ചു വെച്ചൊരാ
കൊച്ചു മയിൽപ്പീലി കണ്ടതില്ല..!
ചാച്ചാജിയാരെന്നറിഞ്ഞില്ല ഞങ്ങൾ
ചാച്ചാജിയായി ചമഞ്ഞുമില്ല
ശിശുദിനമെന്തെന്നറിഞ്ഞില്ല ഞങ്ങളീ
ചാച്ചാജി തന്നുടെ ജന്മനാളിൽ..!
ആട്ടവും പാട്ടുമറിഞ്ഞില്ല ഞങ്ങൾ
ഓടിച്ചാടി തളർന്നുമില്ല
മൈതാനങ്ങളോ കണ്ടില്ല ഞങ്ങൾ
മത്സരമെന്തെന്നറിഞ്ഞതില്ല
തോറ്റില്ല ഞങ്ങൾ ജയിച്ചില്ല ഞങ്ങൾ
തോൽവിയും ജയവുമറിഞ്ഞതില്ല
സമ്മാനങ്ങളോ തൊട്ടില്ല ഞങ്ങൾ
കൈയ്യടിയൊന്നുമേ കേട്ടതില്ല…
ആരവമെന്തെന്നറിഞ്ഞില്ല ഞങ്ങൾ
ആഘോഷങ്ങളെ കണ്ടുമില്ല
ആചാരങ്ങളറിഞ്ഞില്ല ഞങ്ങൾ
ആൾക്കൂട്ടത്തെയോ കണ്ടതില്ല…
യാത്രകളൊന്നുമേ പോയില്ല ഞങ്ങൾ
പാത്രത്തിൽ ചോറു പകുത്തതില്ല
രാത്രിയും പകലുമറിഞ്ഞില്ല ഞങ്ങൾ
വേനലും മഴയും കൊണ്ടതില്ല…
ആകാശനീലിമ കണ്ടില്ല ഞങ്ങൾ
ആഴിതന്നാഴവും തേടിയില്ല
ആധിയും വ്യാധിയുമില്ലാത്ത നാളിനായ്
നാളുകളായ് ഞങ്ങൾ കാത്തിരിപ്പൂ..!

By ivayana