വാസുദേവൻ കെ വി*

“ഇത്തിരിക്കുഞ്ഞൻ കണക്കുകൾ കേട്ട് ജനങ്ങൾക്ക് മടുത്തെടോ..
തൊഴിലില്ലാതെ അന്നത്തിനു വകയില്ലാതെ വീണ്ടും തളിരിട്ടു പുഷ്പിക്കുന്നു ആ പുരാതന തൊഴിൽ..കുരുന്നുമുകുളങ്ങളെ തേടും ഉന്മാദകാലം. അതിനെകുറിച്ചൊരു പരമ്പര തയ്യാറാക്കുക.. “
ഊശാൻതാടി ഉഴിഞ്ഞു സ്വയം ബുജ്ജി ചമഞ്ഞ് ബോസ്സ് അവനോട് ആവശ്യപ്പെട്ടു..

സായന്തനമകന്ന നഗരപ്രാന്ത തെരുവിലെ അടച്ചിട്ട മുറികളിളൊന്നിൽ അവളും അവനും മാത്രം!. തുക വിലപേശി ചോദിച്ചു വാങ്ങിയവർ പുറത്ത് കാവൽ നിൽക്കുന്നു.
അവനെ മുറിക്കുള്ളിലേക്ക് കടത്തി വിടുമ്പോൾ അവർ പറഞ്ഞിരുന്നു.
“നീ അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കരുത്!! അവളുടെ കഥകളും, വ്യഥകളും ആരായരുത് !! ഇപ്പോൾ

നീ യജമാനനും അവള് ഭൃത്യയുമാണ്!! ചുരുക്കിപ്പറഞ്ഞാൽ
നീ വേട്ടമൃഗവും അവള് ഇരയും!! അവളുടെ ശിരസ്സിന്റെ സ്ഥാനം നിന്റെ കാൽനഖങ്ങളേക്കാൾ താഴെ. അവളുടെ മാംസം മതിയാവോളം നിനക്ക് ആസ്വദിച്ച് കടിച്ചുകുടയാം,. അവളുടെ അധരങ്ങളിൽ പൊടിയുന്ന ചോരത്തുള്ളികൾ നക്കിതുടയ്ക്കാം , എന്നാലും, ചൂടുള്ള അവളുടെ കണ്ണുനീർ ഉപ്പുരസം നീ നുണയരുത്!!..”

എന്നിട്ടും ആ അരണ്ട പച്ച വെളിച്ചത്തിൽ അവൻ ആദ്യം നോക്കിയത് അവളുടെ കണ്ണിലെ കലങ്ങിയ ചുവപ്പിലേക്ക് അവളുടെ കൊഴുത്ത മാറിടത്തിനു പിന്നിലെ പിടയ്ക്കുന്ന ഹൃദയത്തിലേക്ക് . അവന്റെ കാമനകൾ അവളുടെ ശരീരത്തോടല്ലല്ലോ..!!
അവൾ തൊട്ടറിഞ്ഞ അവളുടെ അനുഭവങ്ങളെ അന്വേഷിച്ചാണല്ലോ അവൻ വന്നത് .
അവൻ ആവശ്യപ്പെടാതെ അവൾ കുടുക്കുകൾ വിടർത്തി..
കൈയേറ്റ രഹിത നിമിഷങ്ങൾ

അന്ധാളിപ്പോടെ അവൾ അവനെ ഉറ്റുനോക്കി.
അവൻ ആവശ്യപ്പെട്ടു.
“പേടിച്ചരണ്ട പേടമാൻ കുഞ്ഞേ … നീ നിന്റെ കഥകൾ പറയുക. നിന്റെ മടിക്കുത്തിൽ ആദ്യംപതിഞ്ഞ കൈകളേപ്പറ്റി പറയുക, … നിന്റെ നാഭിയിൽ മുഖംകുത്തി വീണ് മരിച്ച സിഗരറ്റ് കുറ്റികളെപ്പറ്റി പറയുക,… നിന്റെ മാറിടത്തിൽ പതിഞ്ഞ പുലിനഖങ്ങളേപ്പറ്റി പറയുക,,.. നിന്റെ അധരങ്ങളിൽ തിണർ ത്തു കിടക്കുന്ന ദംശനങ്ങളേപ്പറ്റി പറയുക,,,,.. കേൾക്കട്ടെ അതൊക്കെ…
എന്നിട്ട് വരൂ,

എന്റെ തൂലികയിലെ കറുത്തമഷിയിലേക്ക് നീ ഇറങ്ങി കിടക്കൂ. അക്ഷരങ്ങളുടെ വളവുകളിൽ ബന്ധിച്ച് ആർക്കും സംശയം, തോന്നാത്ത രീതിയിൽ എനിക്കും നിന്നെ വില്ക്കണം..
ചരടുകൾ അഴിഞ്ഞു ഉടയാടകൾ നിലംപതിച്ച പെണ്ണുടലുകളുടെ കഥ എന്നും ഏവർക്കും ഹൃദ്യം. സർഗസാഹിത്യശാഖയ്ക്കത് നല്ല വില്പനച്ചരക്ക് .. അവന്റെ തോളിൽ അവൾ തല ചായ്ച്ചു തേങ്ങി..അവളുടെ യാതനകൾ അവന്റെ മനസ്സിന്റെ ഡിസ്‌കിൽ അവൻ പകർത്തി..
അവൻ ശഠിച്ചൂ..
“അനുജത്തീ നീ പുടവ ചുറ്റൂ..”

By ivayana