അവലോകനം : സോമരാജൻ പണിക്കർ*

ക്ഷമയില്ലാഞ്ഞിട്ടോ പെട്ടന്നു ദേഷ്യം വന്നിട്ടോ അമ്മയെ ഒരടി കൊടുത്ത അടുക്കള സഹായിയുടെ സേവനം അവസാനിപ്പിച്ച കാര്യം എഴുതിയിരുന്നല്ലോ …അടി കിട്ടിയതു അമ്മക്കാണു എങ്കിലും അതു എന്റെ അശ്രദ്ധക്കു തന്ന അടി ആയിട്ടാണു ഞാൻ കരുതുന്നതു …

പ്രായം‌, പ്രമേഹം , മറവി രോഗം എന്നീ മൂന്നു അവസ്ഥകൾ ഒരുമിച്ചു വരുന്ന ഏതൊരാളെയും പരിചരിക്കാൻ ചില കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം . ഞാൻ മുൻപു എഴുതിയതു പോലെ നമുക്കു പ്രീയപ്പെട്ട അമ്മക്കോ അച്ഛനോ പ്രായമാകുമ്പോഴും ചില രോഗാവസ്ഥയിൽ പെട്ടു വിഷമിക്കുമ്പോഴും അവർക്കു നാം നൽകേണ്ട ഏറ്റവും പ്രധാന കാര്യം സമയം ആണു …അവർക്കു വേണ്ടി സമയം നാം കണ്ടെത്തുമ്പോൾ മറ്റെല്ലാം, അതു സ്നേഹം, സഹതാപം, സാമിപ്യം, കരുതൽ , കരുണ ഒക്കെയാവാം , താനെ ആ സമയത്തു നമുക്കു ഉണ്ടാവും .

സമയം കണ്ടെത്തുന്നതിനെ നമ്മുടെ പ്രായോഗിക പ്രശ്നങ്ങളും സാഹചര്യങ്ങളും ജോലിയും കുടുംബ പശ്ചാത്തലവും ഭൗതിക സൗകര്യങ്ങളും ഒക്കെ സഹായിക്കുകയോ വെല്ലുവിളി ആവുകയോ ഒക്കെ ചെയ്യാം …പക്ഷേ പ്രീയപ്പെട്ടവർക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ നാം വിജയിച്ചാൽ പിന്നെ അവരെ അന്വേഷിക്കുന്നതു ഒരു ജോലിയോ ബുദ്ധിമുട്ടോ ആയി തോന്നുകയേ ഇല്ല .അമ്മയെ ഈ സഹായി പെട്ടന്നുണ്ടായ പ്രകോപനമോ ക്ഷമ നശിക്കലോ കൊണ്ടോ ആയിരിക്കാം ഒരടി വെച്ചു കൊടുത്തതു എന്നു പറയാം ..

എന്നാൽ അത്തരം ക്ഷമ നശിക്കുന്നവരെ ഇത്തരം ജോലികൾ ഏൽപ്പിക്കാനെ പാടില്ല എന്നതാണു ഞാൻ പഠിച്ച പാഠം ‌.അതായിരുന്നു ഞാൻ വരുത്തിയ അശ്രദ്ധ ‌‌‌..ഞാൻ അമ്മയെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയിട്ടും ഇതു സംഭവിച്ചപ്പോൾ വല്ലാതെ വിഷമിച്ചു എന്നതു സത്യം ആണു .എന്നാൽ ഈ സംഭവത്തെ ഞാൻ പക്വമായ മനസ്സോടെ കൈകാര്യം ചെയ്യാൻ എങ്ങിനെ കഴിഞ്ഞു എന്നതാണു എനിക്കുണ്ടായ മാറ്റം…അതിനു കാരണം അമ്മ തന്നെയാണു .‌..തന്റെ മക്കൾ മറ്റുള്ളവരോടു ഒരിക്കലും നില മറന്നു പെരുമാറരുതു എന്നു അമ്മക്കു നല്ല നിർബന്ധം ഉണ്ടായിരുന്നു …

അമ്മ സ്വയം വലിയ ദേഷ്യക്കാരിയും സങ്കടക്കാരിയും ഒക്കെ ആയിട്ടും അച്ഛൻ ദേഷ്യം വന്നാൽ സകല നിയന്ത്രണങ്ങളും വിട്ട് ചോര വരുന്നതു വരെ കുട്ടികളെ , പ്രത്യേകിച്ചു എന്നെ അടിച്ചു പൊട്ടിക്കുന്ന വാശിക്കാരൻ ആയിട്ടും എങ്ങിനെയാണു എനിക്കു ദേഷ്യം നിയന്ത്രിക്കാനും സംയമനം കൈവിടാതിരിക്കാനും കഴിയുന്നതെന്നതിന്റെ ഉത്തരം അമ്മയുടെ പ്രാർഥന തന്നെയാണു ‌.ലോകത്തിലെ ഏറ്റവും ദുഷ്കരമായ വസ്തു മനുഷ്യന്റെ മനസ്സ് തന്നെയാണു …ഇത്ര സങ്കീർണ്ണമായ ഒന്നും ഈ ലോകത്തിൽ ഇല്ല എന്നു തോന്നിയിട്ടുണ്ടു‌..

ലോകത്തിലെ ഏറ്റവും മികച്ച എം .ആർ .ഐ സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്താൽ പോലും ഒരു മനുഷ്യന്റെ മനസ്സിലെ ചിന്തകളോ പ്രശ്നങ്ങളോ അവസ്ഥകളോ മനസ്സിലാക്കാൻ പറ്റി എന്നു വരില്ല ..മറവി രോഗം ബാധിച്ച മിക്ക ആളുകളും ചിലപ്പോൾ പ്രകോപനം ഒന്നും കൂടാതെ നമ്മെ അടിക്കുകയോ കൈ പിടിച്ചു ഞെരിക്കുകയോ അമർത്തി പിടിക്കുകയോ ബലം പ്രയോഗിക്കുകയോ ഒക്കെ ചെയ്യാം ..

അതു അവരുടെ മനസ്സിൽ രൂപം കൊള്ളുന്ന ഭയം കൊണ്ടാണു ‌‌…വീഴുമോ എന്ന ഭയം കൊണ്ടു അവർ കട്ടിൽ കാലിലോ കസേര കൈയ്യിലോ ശക്തിയായി പിടിക്കും ..നമ്മൾ അവരെ എഴുനേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ കൂടുതൽ ബലം പ്രയോഗിച്ചു അവിടെ തന്നെ ഇരിക്കാൻ ശ്രമിക്കും ..അല്ലെങ്കിൽ നമ്മുടെ കൈ തട്ടി മാറ്റും‌..ഭക്ഷണം നൽകാൻ ശ്രമിക്കുമ്പോൾ അതു തട്ടിക്കളയും ..പല്ല് ബ്രഷ് ചെയ്യിക്കാൻ ശ്രമിക്കുമ്പോൾ വായ അടച്ചു പിടിക്കും ..

വെള്ളം കുടിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഗ്ലാസ് തട്ടിക്കളഞ്ഞു ചിലപ്പോൾ അതു താഴെ വീണു ഉടയും …ഇതെല്ലാം അവരുടെ മനസ്സിൽ ജനിക്കുന്ന ഭയം കൊണ്ടും സംശയം കൊണ്ടും ആണു …സ്വന്തം മകൻ ആയാലും അമ്മക്കു മനസ്സിലാകണം എന്നില്ല …വിശപ്പ് ആയാലും അതു നമ്മോടു പറയാൻ പറ്റുന്നില്ല ‌.ശരീരം ഉഷ്ണിക്കുന്നു‌…ഫാൻ ഇടൂ ചെറുക്കാ …എന്നു പറയാൻ പറ്റുന്നില്ല ….മറവി രോഗം ഒരോ വ്യക്തിയേയും ഒരോ രീതിയിൽ ആയിരിക്കും ബാധിക്കുക …

അതിന്റെ ഘട്ടങ്ങളും ഒരോ വ്യക്തിക്കും ഒരോ രീതിയിൽ ആയിരിക്കും ബാധിക്കുക ‌..ഇത്തരം സങ്കീർണ്ണമായ അവസ്ഥകളിലൂടെ അവരുടെ ജീവിതം മുന്നോട്ടു പോകുമ്പോൾ അവരെ പരിചരിക്കുന്നവർക്കു ചില കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം‌…അതിലധികം ക്ഷമ വേണം, സഹതാപം വേണം , നയം വേണം , സംയമനം വേണം …എല്ലാറ്റിനും ഉപരി സമയം ചിലവഴിക്കണം‌.അമ്മയെ അടിച്ച സഹായിയെ പല കാരണങ്ങൾ കൊണ്ടു എനിക്കു ഉടനെ ക്ഷമ കെട്ടു ശകാരിക്കാനോ സംയമനം വിട്ടു ബഹളം ഉണ്ടാക്കാനോ ഒന്നും തുനിഞ്ഞില്ല …

പകരം അവർ എന്തു കൊണ്ടു അതു ചെയ്തു എന്നു ശാന്തമായി ആലോചിച്ചു …അവരുടെ പ്രായം‌, വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവ് , നയം ഇല്ലാത്ത പ്രകൃതം , സ്വന്തം വീട്ടിലെ സാഹചര്യങ്ങൾ ഒക്കെ പരിഗണിച്ചപ്പോൾ അവരോടു ചെയ്യാവുന്ന ഒരേ ഒരു കാര്യം ആ ജോലിക്കു അവർ പറ്റിയതല്ല എന്നു അവരെ ബോദ്ധ്യപ്പെടുത്തുക മാത്രമാണു എന്നു എനിക്കു തോന്നി .അവരെ സാധാരണ പോലെ പോകാൻ അനുവദിച്ചു അവർ വീട്ടിലെത്തിയപ്പോൾ ഫോൺ വിളിച്ചു നാളെ മുതൽ വരണ്ട എന്നു പറയുക മാത്രമാണു ഞാൻ ചെയ്തതു ..

അവർ ആകട്ടെ , താൻ ചെയ്ത കുറ്റം മനസ്സിലാക്കിയതിനാൽ ഒരക്ഷരം മിണ്ടാതെ ബാക്കി ശമ്പളം പിറ്റേ ദിവസം വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു ‌.ഞാൻ അമ്മയെ പിറ്റേ ദിവസം കുളിപ്പിച്ചു കഴിഞ്ഞു വസ്ത്രം ഇടുവിക്കാൻ ശ്രമിക്കവേ അമ്മയുടെ കൈ ഉയർത്താൻ ശ്രമിക്കവേ അമ്മ വളരെ ശക്തിയായി എന്റെ കൈയ്യിൽ പിടിച്ചു ഞെരിക്കുകയും കോപം കൊണ്ടു ജ്വലിക്കുകയും ചെയ്തപ്പോൾ ആണു അമ്മക്കു കൈ ഉയർത്തുമ്പോൾ എന്തോ അസ്വസ്ഥതയോ വേദനയോ ഭയമോ തോന്നുന്നു എന്നും അതു കൊണ്ടാണു അമ്മ എന്നെ കൈ പിടിച്ചു ഞെരിക്കാനോ അടിക്കാനോ ശ്രമിക്കുന്നതെന്നും മനസ്സിലാക്കിയതു …

പഴയ സഹായി ഇത്തരം സന്ദർഭങ്ങളിൽ അമ്മയെ അടിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു എന്നു ഇപ്പോൾ എനിക്കു ബോദ്ധ്യം ആവുകയും ചെയ്തു .

ക്ഷമ കൈവിടാതെ അമ്മയെ അൽപ്പം മനശസ്ത്രം ഉപയോഗിച്ചു സമാധാനിപ്പിക്കാൻ ആകുമോ എന്നു ഞാനും ചില പരീക്ഷണങ്ങൾ നടത്തി‌…ഒട്ടും അഭിനയ സിദ്ധി ഇല്ലാഞ്ഞിട്ടും ഞാനും അമ്മയുടെ മുൻപിൽ ചില ദൈന്യ ഭാവങ്ങൾ പുറത്തെടുത്തു …” അമ്മേ …എന്റെ കൈ പിടിച്ചു ഞെരിച്ചാൽ എനിക്കു വേദനിക്കില്ലെ ..? ” ” ഞാൻ അമ്മയുടെ മകനല്ലെ ..? ” .” എനിക്കു വേദനിച്ചാൽ അമ്മയുടെ മോൻ കരയില്ലെ ? ” ” അമ്മ ഒരു മിടുക്കി അല്ലെ ….സുന്ദരി അല്ലെ …അമ്മക്കു നല്ല ഉടുപ്പ് ഇടണ്ടെ ..” ” അമ്മ എന്നെ ഉപദ്രവിച്ചാൽ ഞാൻ കരയില്ലെ ? ” ” ഈ അമ്മയുടെ ആ മകനല്ലാതെ വേറെ ആരാ അമ്മയെ വേദനിപ്പിക്കാതെ ഇങ്ങനെ എന്നും അമ്മയെ എണ്ണ തേപ്പിക്കുന്നതും കുളുപ്പിക്കുന്നതും ഉടുപ്പ് ഇടീക്കുന്നതും …? ” ” ആ മോനെ അമ്മ കൈ പിടിച്ചു ഞെരിക്കുമോ .?”

എന്നെ അൽഭുതപ്പെടുത്തിക്കൊണ്ടു അമ്മ എന്റെ കൈയ്യിലെ അമർത്തിയ പിടി വിട്ടു…അമ്മ അധികം ബലം പിടിക്കാതെ ഉടുപ്പിന്റെ കൈയ്യിലൂടെ ഞാൻ അമ്മയുടെ കൈയ്യ് കടത്തിയപ്പോൾ അമ്മ ശാന്തമായി ഇരുന്നു തന്നു ..എനിക്കു ഒരു കാര്യം ബോദ്ധ്യമായി …എത്ര മറവി അമ്മക്കു ഉണ്ടെന്നു പറഞ്ഞാലും ഒരു കാറ്റ് വീശുന്നതു പോലെ അമ്മയുടെ മനസ്സിലൂടെ എപ്പോഴെങ്കിലും ഒക്കെ അടുത്തു നിൽക്കുന്നതു അമ്മക്കു പ്രീയപ്പെട്ട ആരോ ആണെന്നും അവനെ നോവിക്കരുതെന്നും അമ്മക്കു മനസ്സിലാകുന്നു‌..

അമ്മയുടെ മനശ്ശാസ്ത്രം പഠിക്കാൻ മക്കൾ തന്നെ വേണം‌…

സോമരാജൻ പണിക്കർ

By ivayana