സിന്ധു ശ്യാം*

സമയത്തിന്റെ മറ്റൊരു മുഖമാണ് മരണമെന്നത് എന്നാണെനിക്ക് തോന്നുന്നത്. ശരിക്കും നമ്മൾ സമയത്തിന്റെ തോണിയിലാണിരിക്കുന്നത് നമ്മുക്കനുവദിക്കുന്ന സമയം പൂർത്തിയാവുമ്പോ നമ്മൾ മാഞ്ഞു പോയൊരോർമ്മ മാത്രമാകും … ആ അവസ്ഥയല്ലേ മരണം.വരികൾ ഇത്രയുമായപ്പോഴേക്കും “നീയെന്തോന്നടീ എഴുതുന്നത്? “എന്നും ചോദിച്ച് ലച്ചി കേറി വന്നത്.ഞാനിത് വായിക്കാൻ കൊടുത്തു.

വായിച്ചിട്ടെന്തു കൊണ്ടോ ചേച്ചി ചുമരിലെ അജന്താ ക്ലോക്കിലേക്ക് നോക്കി. പിന്നെയാ നോട്ടം നീണ്ട് എന്റെ മോന്തേമ്മേലായി. ഞാനാണെങ്കിൽ നല്ലൊരു രചയിതാവിന്റെ ആറ്റിട്ട്യൂട് ഇട്ട് മെല്ലെ മുഖത്തെ കറുത്ത ഫ്രെയിം കണ്ണട ചൂണ്ടുവിരലാൽ ഉയർത്തി വച്ചു. ഒരു ദീർഘ നിശ്വാസത്തിന് ശേഷം ലച്ചി എന്നെ നോക്കി ” അലവലാതി ” എന്ന് മുറുമുറുത്ത് കൊണ്ട് അപ്പച്ചിയേ …. ചക്കയെന്തിയേ? എന്നും ചോദിച്ചകത്തേക്ക് പോയി.അലവലാതി എന്ന വാക്കിൽ തന്നെ കാറ്റു പോണ ബലൂൺ പോലെ എന്നിലെ ആറ്റിറ്റ്യൂഡ് ശടേന്ന് ഇറങ്ങിപ്പോയി.”ബ്ലഡി , ചക്ക ഫെലോസ് ” എന്ന് മുരണ്ടു കൊണ്ട് ഞാൻ പിന്നേം അടുത്ത വരിക്കായി ഗന്ത്യന്തരമില്ലാതെ ആലോചനയിലാണ്ടു. അതധികനേരം നീണ്ട് നിന്നില്ല അപ്പോഴേക്കും അകത്തുന്ന് അമ്മയുടെ വിളി കേട്ടു. അതിനോടൊപ്പം ഒരു തോട്ടയുടെ അറ്റത്ത് കത്തി വച്ച് കെട്ടി ലച്ചേച്ചി മുറ്റത്തെത്തി.

ഇനിയവിടിരുന്നാൽ ചക്കയിടാനും ചുമക്കാനും എന്റെ കോൺട്രിബ്യൂഷൻ ചോദിക്കുമെന്നുറപ്പുള്ളോണ്ട്. ഞാൻ പതുക്കെ ഒരു മൂളിപ്പാട്ടോടെ അകത്തേക്ക് പോകാനാഞ്ഞു. രണ്ടടി വയ്ക്കും മുന്നേ തോട്ടയും കത്തിയും നീണ്ടു വന്ന് എനിക്ക് മുന്നേ നിന്നു. തിരിഞ്ഞ് നോക്കുമ്പോ വീരപ്പന്റെ മുന്നിൽ ഹാൻഡ് സപ്പ് എന്നും പറഞ്ഞ് തോക്കും ചൂണ്ടി നിക്കുന്ന പോലീസുകാരന്റെ ഗാംഭീര്യ ഭാവത്തിൽ വല്യമ്മ, കോൺസ്റ്റബിളായി പുറകിൽ ലച്ചേച്ചി . ഇനി ചക്കയിടാൻ ചെന്നില്ലേൽ കാര്യം വശക്കേടാവുമെന്ന് എന്റെ അന്തരാത്മാവ് മന്ത്രിച്ചു. ഓ…ഞാനെപ്പഴേ റെഡി… എന്നു വെറുങ്ങനെ പറഞ്ഞു കൊണ്ട് ഞാനവരെ നയിച്ചു കൊണ്ട് പറമ്പിലേക്ക് പോയി.

ലോക്ക് ഡൗൺ വന്നത് ശേഷം പ്ലാവ് ഒരു വിശേഷ സസ്യവും ചക്ക എന്നത് ഒരു അമൂല്യ വസ്തുവുമായി മാറി. എന്റെ വീട്ടിൽ ചക്ക കൊണ്ട് വിവിധ വിഭവങ്ങളുണ്ടാക്കി ലച്ചേച്ചി പണ്ടേ പത്ത് പി എച്ച് ഡി യും , ഡോക് ടറേറ്റുമൊക്കെ എടുത്ത് കഴിഞ്ഞിരുന്നു.. വല്യമ്മയുടെ നിഗമനങ്ങളും, ഉപദേശങ്ങളും കേട്ടതിന്റെ അടിസ്ഥാനത്തിലും അത് കൂടാതെ സ്വന്തമായ ചില പൊടികൈകളും ചേർത്ത് ലച്ചേച്ചി ഉണ്ടാക്കുന്ന പുത്തൻ പുതു വിഭവങ്ങൾ കഴിച്ച് വീട്ടിലെ ഒട്ടുമിക്ക പേരുടെയും അവസ്ഥ പായസത്തിൽ വീണ ഉറുമ്പിനെപ്പോലെയായി.

എന്നു വച്ചാ ആദ്യം കഴിക്കുമ്പോ “ആഹാ… അടിപൊളി ….”🤤 എന്ന് പറയും പിന്നത് ചുരുങ്ങി “ആഹാ പൊളിയാവും …😑“.പിന്നെയത് “ആഹാ “🥴 യിലൊതുങ്ങും ഇപ്പോയിപ്പോ “ആ…”😵‍💫 എന്നൊരു ഗദ്ഗദവും നിലവിളി ശബ്ദവും മാത്രേയുള്ളൂ … അതും തൊണ്ടയിൽ കുരുങ്ങിയിറങ്ങുന്ന ചക്കയ്ക്കൊപ്പം മിഴുങ്ങിക്കളയും. അല്ലേപ്പിന്നെ രണ്ട് തീഗോളങ്ങളായി നിന്ന് കത്തുന്ന ലചേച്ചിയുടെ നോട്ടത്തിൽ പതറി മുന്നിലിരുന്ന് വിയർത്തൊലിക്കേണ്ടിവരും.

പിള്ളരാണെങ്കിൽ ഇന്നെനിക്കീ ചക്കക്കറി മാണ്ട ചിക്കൻ കറി മാണം എന്നെങ്ങാനും പറഞ്ഞാ തീർന്നു. ഒരു തവി നീണ്ടു വന്ന് മണ്ടക്കിട്ട് “ക്ണേ .. ക്ണേന്ന് ” രണ്ടെണ്ണം കൊടുത്തിട്ട് പോണത് കാണാം. തലയും മുഖവും വിലപ്പെട്ടതായോണ്ട് ഞങ്ങൾ മുണ്ടാണ്ടിരുന്ന് മുന്നിൽ കിട്ടുന്ന ചക്കയും ചക്ക മടലും വാരിത്തി ന്നെണീറ്റു സ്ഥലം കാലിയാക്കും.ഗുജറാത്തിൽ നിന്ന് കേരളത്തിലെത്തിയ ആദ്യ ദിനങ്ങളിൽ ചക്കഹാലിളകി ഞാൻ വാരിവലിച്ച് തിന്നുമായിരുന്നു , തീറ്റ കണ്ട് (കാരണം ചക്ക ഗുജറാത്തിൽ കിട്ടാൻ പാടാണ്.) ലച്ചേച്ചിയാണെങ്കിൽ ആനന്ദഭരിതയായി പ്ലാവിലെ ചെറുതും വലുതുമായ എല്ലാ ചക്കയും അടർത്തി പല വിധ വിഭവങ്ങൾ എന്നും എനിക്കും പിള്ളർക്കും മുന്നിൽ നിരത്തി.

തത്ഫലമായി കുടലും ആമാശയവും ലൂസായി , വായുവിളകി, വയറിളകി😫 24*2 എന്ന കണക്കിന് ബക്കറ്റും മഗ്ഗുമായി ഞാൻ നടക്കേണ്ടിയും വന്നു.എന്റെ പാരമ്പര്യം അതേപടി പിൻതുടർന്ന ഇളയ കൊച്ച് നടുവിൽമേ കൈ താങ്ങി നിരങ്ങി നടന്ന് വന്നെന്നോട് “അമ്മാ ഇവിടെക്കിടന്ന് ഇളകിചാകണ്ടങ്കി നമുക്കേ ഗുജറാത്തിൽ പൂവാം. ” എന്ന് രഹസ്യമായി എന്നെ പ്രഷർ ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ ചക്കമാഹാത്മ്യം ഓരോന്ന് ഓർത്ത് ഇളിഭ്യയായി ഇരുത്തം വന്ന പടനായകിയെപ്പോലെ ഞാൻ ചക്കകൾ പൊട്ടിച്ചിട്ടു.

വീട്ടിലെ പെൺകിടാങ്ങളെക്കാൾ ദയനീയമായിരുന്നു ആൺകിടാങ്ങൾ . വെടിക്കുരു എന്ന ചക്കക്കുരുവിന്റെ പര്യായം അവർ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി കൊണ്ടേയിരുന്നു. എന്റെ മക്കൾ പരസ്പരം “തൂനെ സുനാ ജോ അപ്പുപ്പന്റെ കാ എക്കോ സൗണ്ട് ?” എന്നിങ്ങനെ രഹസ്യമായി പറഞ്ഞ് ചിരിക്കാൻ തുടങ്ങി. അപ്പൂപ്പന്റെ എക്കോ സൗണ്ട് എന്നത് ആദ്യം ആർക്കും മനസിലായില്ല. വഴിയെ സ്വന്തമായി യുണ്ടാക്കിയപ്പോ “മാമൻ എക്കോ സൗണ്ട് വിട്ടു” എന്ന് പറഞ്ഞ് പിള്ളർ പടെ പടെ ചിരിച്ചപ്പോഴാണ് എക്കോ സൗണ്ട് എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്തെന്ന് എന്റെ ആങ്ങളമാർ സ്വയം മനസിലാക്കിയതും ചക്കക്കുരുവിനെ സ്മരിച്ചതും.

അതിലൊരു വിദ്വാൻ പിള്ളരെ ചേർത്ത് പിടിച്ച് “പോട്ടെ മക്കളെ മാമന്റെ എക്കോ , ജീവനില്ലാത്തതല്ലേ പാവം പൊക്കോട്ടെ ” എന്ന് പറഞ്ഞ് പിള്ളരെ ചിരിപ്പിച്ച് പണ്ടാരടക്കി.എന്തായാലും ജീവിതമിങ്ങനെ ഒരു പുഴ പോലെ പോകുന്നു. ചിലപ്പോ പ്രളയമായി ചിലപ്പോ ശാന്തമായി ഒരേ ദിക്കിലേക്കൊഴുകിയകലുന്നു.ഈ കോവിഡ് കാലം നഷ്ടപ്പെടലിന്റെയും ഒറ്റപ്പെടലിന്റെയും ഒക്കെയൊരു കാലഘട്ടമാണ്. പ്രാർത്ഥിക്കാം നല്ലൊരു നാളേയ്ക്ക് … അത്രമാത്രം..

By ivayana