ശ്രീ സന്തോഷ്.*

ഞാൻ ഏറ്റവും വലിയ ഔഷധി….
മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….
മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……
എന്നിലെ ഫലങ്ങളായിരുന്നു പണ്ടും ആകര്ഷണകേന്ദ്രം പിന്നെ പിന്നെ ഇലകളും ഉടലും ഒക്കെ നിങ്ങൾ ആഹാരമായും ഔഷധമായും ഉപയോഗിച്ചു..

പണ്ടെങ്ങോ കുറേനാൾ എന്റെ ഉടലുകൾ ചേർത്തുകെട്ടി നദികളിലൂടെ തള്ളപ്പെട്ട ഓർമ്മകൾ ഇപ്പോഴും ഉണ്ട്..കൂടാതെ ശരീരപാളികൾ വേർപെടുത്തി പാശങ്ങളാക്കി ബന്ധിപ്പിക്കാനും ഉപയോഗിച്ചിരുന്നു…മഴ പെയ്യുമ്പോൾ എന്റെ ഇലകളെ ഒരുപാടുനാൾ നിങ്ങൾ മറകളാക്കിയപ്പോൾ അന്നെനിക്കതൊരു അഹങ്കാരമായിരുന്നു.

ഇലയെപറ്റിപറയുമ്പോൾ ഒരുപാടുണ്ട് പറയാൻ…
എന്നിലൂടെ കടന്നുപോകാതിരുന്ന വിശേഷങ്ങൾ ഏതാണ്.. എല്ലാറ്റിനും എന്റെ സാന്നിധ്യമില്ലാതെ പറ്റില്ലായിരുന്നു…നിങ്ങൾ ജനിക്കുന്നത് മുതൽ മരണം വരെ…
ഒരു കുഞ്ഞിന്റെ നാവിൽ ആദ്യം തൊട്ടുതൊടുന്ന വയമ്പിന്റെ കയ്പ്പും ഒപ്പം ഒരു മരണത്തിനവസാനം എന്നിൽ നീണ്ടു നിവർന്നു വന്നുചേരുന്ന മരവിപ്പും ഞാൻ നിർവികാരതയോടെ നേരിടാൻ പഠിച്ചു..

ഭക്ഷണം വിളമ്പാൻ എന്നെക്കാളും പാകതയുള്ള വേറൊരു മധ്യസ്ഥനെ നിങ്ങൾ എവിടെയെങ്കിലും കണ്ടെത്തിയോ ഈ പ്രകൃതിയിൽ ?
എത്ര സമൃദ്ധിയും വറുതിയും പൊട്ടിച്ചിരിച്ചും പിറുപിറുത്തും എന്നിലൂടെ കടന്നുപോയി….
പണ്ട് കുഴികുത്തിയ കുമ്പിളിൽ വീണ കണ്ണീർ ഒരുപാട് എന്നെ പൊള്ളിച്ചുവെങ്കിൽ ഇന്ന് പഞ്ചനക്ഷത്രഹോട്ടലിൽ ശീതീകരിച്ചമുറികളിൽ ഞാൻ തണുത്തു വിറക്കുകയാണ്…
ചിലപ്പോഴൊക്കെ പണ്ടത്തെ കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു നഷ്ടബോധമാണ് അന്നൊക്കെ കുട്ടികൾ പൂമാല കെട്ടുവാൻ എന്റെ ഉടലിനെ ഇഴകീറിയെടുത്തിരുന്നു… മൃദു കരങ്ങളാൽ എന്റെ ഞെരമ്പുകളെ തഴുകുമ്പോൾ പൂക്കളുമായി എന്നെ ബന്ധിപ്പിക്കുമ്പോൾ വല്ലാത്തൊരു ആത്‌മഹർഷമായിരുന്നു…

പരാഗങ്ങളുടെ ഗന്ധം പൂക്കളുടെ മാസ്മരിക വർണ്ണം ഒക്കെ അനുഭവിച്ചിരുന്നു…
ഇന്ന് എന്റെ ഉടൽപാളികൾ അടിച്ചുപരത്തി നാരുകളാൽ വിവിധ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നു…ഒരു സംസ്കാരം എന്നതിൽ നിന്നും വെറും വിപണന തന്ത്രങ്ങളുടെ വേദിയിലേക്ക് ഞാൻ മാറ്റിനിർത്തപ്പെടുന്നു

എന്റെ കൂമ്പിലെ തേൻ കുടിക്കാൻ അന്നൊക്കെ എന്തു മത്സരമായിരുന്നു നിങ്ങൾക്ക്
ഇപ്പോൾ ആരും അതൊന്നും അന്വേഷിച്ചു വരുന്നില്ല
എന്റെ എല്ലാം നിങ്ങൾ എടുത്തിരുന്നു എന്നിലെ ഫലങ്ങളും പത്രങ്ങളും എല്ലാം തന്നു. എന്റെ പുറംപാളികൾ അടർത്തിമാറ്റി ഉള്ളുടലും ഭഷണമാക്കി.

ഇത്രയൊക്കെ എന്നെ ഉപയോഗിച്ചിട്ടും വെറുമൊരു വിദ്വേഷം… വർഗീയ കലാപം.. രാഷ്ട്രീയപകപോക്കൽ എന്നിവക്കെല്ലാം ആദ്യം ഇരയാക്കപ്പെട്ടത് ഞാൻ തന്നെ ആയിരുന്നു
എളുപ്പം വെട്ടി നശിപ്പിക്കാൻ കഴിയുന്ന എന്റെ മേനിയിൽ നിങ്ങൾ വൈരാഗ്യം മുഴുവൻ തീർത്തു ആദ്യം തന്നെ..

തമ്മിൽ തമ്മിൽ വെട്ടിമരിക്കുന്ന നിങ്ങളുടെ പരിശീലനകളരിയും എന്റെ ദേഹമായിരുന്നു പിഴവില്ലാതെ എങ്ങനെ ഒരാളെ കൊല്ലണമെന്ന് തലവന്മാർ അണികളെ പഠിപ്പിച്ചു.
കുട്ടികളുടെയും സാങ്കല്പിക കഥകളിലെ പ്രതിനായകസ്ഥാനം എനിക്ക് തന്നു അവരുടെ കൊച്ചുവാളിനും അമ്പിനും തുളഞ്ഞുകയറാൻ പറ്റിയ മാധ്യമം ഞാൻ ആയിരുന്നല്ലോ..
അതൊക്കെ സഹിക്കാം ഏത് ആഘോഷങ്ങൾക്കുംജീവനോടെ വേരറുക്കപ്പെട്ടു നാട്ടിനിർത്തപെട്ട എന്റെപ്രാണവേദനയുടെ പിടച്ചിൽ….

അത് കാണുമ്പോൾ നിങ്ങൾക്ക് ആനന്ദമായിരുന്നല്ലോ അല്ലേ
ആ നീറ്റലുകൾ ഇന്നും കനൽ പൊട്ടുകളായി എന്റെ പാളികളുടെ ഉള്ളറകളിൽ ഞാൻ ഉള്ളിൽ സൂഷിച്ചിരിക്കുകയാണ് തരം കിട്ടുമ്പോഴൊക്കെ ആ പ്രതിഷേധം ഓരോന്നായി ഞാൻ പ്രകടിപ്പിക്കുന്നുണ്ട് നിങ്ങൾ അത്‌ അറിയാറുണ്ടോഎങ്ങനെയാണെന്നോ?

പലപ്പോഴും നിങ്ങൾ അന്വേഷിച്ചു നടന്ന ഇരുട്ടിൽ മറഞ്ഞുനിന്ന ആ കള്ളൻ ഞാനായിരുന്നു… സംശയത്തോടെ വന്നവർ ഇളിഭ്യരായി തിരികെ പോകുമ്പോൾ ഞാൻ ഊറിച്ചിരിച്ചു..
ആനയെ മെരുക്കിയവൻപോലും ഇരുട്ടിൽ എന്നെ കണ്ട് യക്ഷിയോ പ്രേതമോ എന്നുശങ്കിച്ചു തിരിഞ്ഞുനോക്കാൻ ശക്തിയില്ലാതെ പ്രാണനുംകൊണ്ടോടി…
ജാരന്മാരുടെ വേഷം എത്രയെത്ര തവണ കെട്ടിയാടി… ഇതേച്ചൊല്ലി കലഹങ്ങളുണ്ടാകുമ്പോൾ ഞാൻ ആഹ്ലാദിക്കുകയാരുന്നു .. നന്ദി കെട്ട നിങ്ങൾക്കെതിരെ ഇതെങ്കിലും ചെയ്യാൻ കഴിയുന്നല്ലോ എന്നോർത്ത് പൊട്ടിച്ചിരിക്കുകയായിരുന്നു….

എന്നാലും എനിക്ക് ഭയമുണ്ട്..
ഞാൻ ഈ ഭൂമിയിൽനിന്നും ഓരോ നിമിഷവും അപ്രത്യക്ഷമായിക്കൊണ്ടിരികയാണെന്നു എനിക്കു ബോധ്യമുണ്ട്.തുടുത്തു മിനുങ്ങി തുളുമ്പിനിന്ന ഇലകളൊക്കെ പൊടിപിടിച്ചുമൂടി..
കാലം തെറ്റി ധിക്കാരത്തോടെവരുന്ന കാറ്റ് എന്റെ കൈകളെ മുഴുവൻ കീറിവരയുന്നു.. .
വേനലിൽ ഞാൻ പൊള്ളി വാടുന്നു..ഒരു ഔദാര്യം കണക്കെപെയ്യുന്ന മഴയെ കൈനീട്ടി പുണരാൻ വെമ്പുമ്പോഴേക്കും ആവിയായി മറയുകയാണ്…

തേൻ ചുരത്താൻ ഞാൻ മറന്നുപോയി.. വിരിഞ്ഞപ്പഴേ കൂമ്പ് വേർപെടുത്തി … വെളുത്ത രക്തം ഒഴുകിയിറങ്ങുമ്പോഴും ആശ്വസിക്കാൻ ശ്രമിച്ചു എല്ലാം നിങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന്…
ഒരു തേൻകുരുവിയെ അണ്ണാറക്കണ്ണനെ ഒക്കെ കണ്ടിട്ട് എത്ര നാളായി…
ഈ അന്ത്യമടുത്ത നാളുകളിലും എനിക്ക് നിങ്ങളോട് കൃതാര്ഥതയുണ്ട്.. ഒരുപാടുനാൾ നിങ്ങളുടെ സംസ്കാരത്തിന്റെ ജീവിതത്തിന്റെ ഭാഗമാക്കിയതിൽ…
എങ്കിലും ചിലത് കൂടി പറഞ്ഞുകൊള്ളട്ടെ.

സിമന്റ് കട്ടകൾ ഭംഗിയായി പതിപ്പിച്ച ആ ഇത്തിരിപ്പോന്ന മുറ്റത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരിത്തിരി സ്ഥലം എനിക്കായി നീക്കിവക്കുമോ… ഒരു പരാതിയുമില്ലാതെ ഒതുങ്ങി കഴിഞ്ഞോളം ഞാൻ…
പിന്നെ ദൈവം ഉണ്ടതിനുശേഷം നിങ്ങൾക്ക് നേരെ നീട്ടുന്ന, ചന്ദനവും പൂക്കളും നിരത്തിയ ആ ഇലക്കീറിലേ ആ പുണ്യം..എന്ന അവകാശത്തിന് വേണ്ടിയെങ്കിലും ഒരു തൈ ബാക്കി വക്കണേ…

…………….
എന്ന് സ്വന്തം
നിങ്ങളുടെ സ്വന്തം വാഴ🌱🌱

By ivayana