ഒടുവിൽ
അപ്പുകളുടെ കാലമായി
ആരോഗ്യ സുരക്ഷാ ആപ്പ് മുതൽ
ആരോഗ്യ ഹാനികര ആപ്പ് വരെ
ഒരേ കാലത്തിരുന്ന്
പല്ലു തേക്കുന്നു.

ഉമിക്കരി തീർന്നവനും
ഇളം മാവിലയിൽ പല്ലുതേച്ചവനും
ആപ്പിലായ കാലത്താണ്
ആപ്പുകൾക്കും പ്രസക്തി കൂടിയത്

വിരൽത്തുമ്പിൽ
വ്യാപാരവുമായി ആഗോള ഭീകരന്മാർ
നിരന്ന കാലത്തിനുമപ്പുറത്തേക്ക്
പാപ്പരത്വവും, പരിവട്ടവും, ഊരുതെണ്ടികളുമായ നമ്മൾ
ജീവിതത്തെ അടിമയാക്കി വെച്ച്
ഓച്ചാനിച്ചോച്ചാനിച്ച്
ദാരിദ്രത്തെ മോന്തി വിയർത്ത്
ആപ്പുകൾക്കായ് കാത്തിരിക്കുമ്പോൾ
കുപ്പിയുമായി കള്ളുഷാപ്പു പടികളിൽ
നില്പ്പുറപ്പിക്കുമ്പോൾ
പ്രതിമയായിപ്പോയ വിപ്ളവങ്ങളേ
ഞങ്ങളിതാ കഴുത്തുവെക്കുന്നു.

ഒരാപ്പ് വായിലും
മറ്റ് ആപ്പുകൾ
ചെവിയിലും, കണ്ണിലും
മലദ്വാരത്തിലുമായി
നമുക്കിനി അടിച്ചു കയറ്റാം.

……… താഹാ ജമാൽ

By ivayana