ഹാരിസ് ഖാൻ*

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പാണ്, സൗദിയിൽ ജോലിചെയ്തിരുന്ന സമയം.ലീവിൻെറ അർമ്മാദം കഴിഞ്ഞ് അറവിന് കൊണ്ട് പോവുന്ന ബലിമൃഗത്തിൻെറ മനസ്സോടെ കാലിക്കറ്റ് നിന്ന് ഫ്ലൈറ്റ്കയറി സൗദി എയർപോർട്ടിൽ ചെന്നിറങ്ങുന്നത്.

എയർപോർട്ട് ജോലിക്കാർ ഇന്ത്യക്കാരോടും ബംഗ്ലദേശുകാരോടും പാക്കിസ്ഥാനികളോടും കാണിക്കുന്ന ആ അവജ്ഞകാണുമ്പോൾ തന്നെ നാട്ടിലേക്കുള്ള അടുത്ത വിമാനം പിടിക്കാൻ തോന്നും.എല്ലായിടത്തേയുംപ്പോലെ തന്നെ വെളുത്ത തൊലിക്കാർക്ക് വേറെ ട്രീററ്മെൻറാണ്.ക്യൂ കൃത്യമായി പാലിച്ച് ഓഫീസർക്ക് മുന്നിലെത്തി ബേഗ് തുറന്നു കൊടുത്തു. കൂലംകഷമായ പരിശോധന, ഇടക്ക് വാക്കീ ടോക്കിയിൽ എന്തോ സംസാരം.നിമിഷങ്ങൾ കൊണ്ട് സായുധധാരികളായ പോലീസുകാർ വന്നെന്നെ വളഞ്ഞു. തൊണ്ടിമുതൽ സഹിതം എന്നെ തൂക്കിയെ ടുത്ത് ഉയർന്ന പോലീസോഫിസറുടെ ഇടിമുറിയിലേക്ക് ….

ഞാനറിയാതെ ബേഗിൽ വല്ല കഞ്ചാവോ, ബ്രൗൺ ഷുഗറോ…? ലഘുലേഖകൾ കുറ്റകൃത്യമല്ലാതിരുന്ന കാലമായതോണ്ട് അത് മനസ്സിലേക്ക് വന്നില്ല.ഞാനെൻെറ തലയില്ലാത്ത ഉടൽ സങ്കൽപ്പിച്ച് വെപ്രാളപ്പെട്ടു.റൂമിലെ മുരളുന്ന ഏസികൾക്കിടയിലും ഞാൻ വിയർത്ത് കുളിച്ചു. ഗൾഫിൽ കുറ്റവാളികളുടെ നഖം പിഴുതെടുക്കുന്ന ലോക്കപ്പിലെ ഭേദ്യമുറകളെകുറിച്ചും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്, അവസാനമായി ഞാനെൻെറ ചിത്രം വരച്ച് പിഴക്കുന്ന വിരലുകളിലെ നഖങ്ങൾ നോക്കി നെടുവീർപ്പിട്ടു ..ആയുധങ്ങൾക്കും, കാക്കി അധികാര ഗർവ്വിനും മുന്നിൽ ഒരു നിമിഷം തലകുനിച്ച് നിൽക്കേണ്ട ഗതികേടുണ്ടായിട്ടുണ്ടോ നിങ്ങൾക്ക്…?

ആത്മാഭിമാനം എത്രത്തോളം മുറിപ്പെടുമെന്ന് വല്ല ബോധ്യവും ഉണ്ടോ? എത്ര രാത്രികളുടെ ഉറക്കമാണവർ കവരുന്നത് എന്ന് വല്ല ധാരണയുമുണ്ടോ? നിങ്ങൾക്ക് മനസ്സിലാവില്ല, അനുഭവിച്ച് തന്നെ അറിയേണ്ടതാണ്…തൊണ്ടി മുതലുകൾ പോലീസുകാർ മേശപ്പുറത്ത് നിരത്തി വെച്ചു.രണ്ട് പുസ്തകങ്ങൾ ആണ്.മൾബറി ബുക്സിൻെറ ജോൺ എബ്രഹാമിൻെറ ചെറുകഥകളുടെ സമാഹാരവും, യേശുദാസിൻെറ മുഖചിത്രമുള്ള ഒരു പാട്ട് പുസ്തകവുമാണ് തൊണ്ടി. തോളിൽ നിറയെ സ്റ്റാറുള്ള ഒരു കുടവയറൻ പോലിസോഫീസർ രൂക്ഷമായ കണ്ണുകളുയർത്തി ചോദ്യം തുടങ്ങി.”വാത്തിസ് ദിസ്…?” അയാൾ പുസ്തകങ്ങളിലേക്ക് കൈ ചൂണ്ടി.

അരം പ്ലസ് അരം കിന്നരത്തിൽ ജഗതി അവതരിപ്പിച്ച കെ ആൻഡ് കെ ഓട്ടോ മൊബൈൽ പ്രൊപ്രൈറ്റർ മനോഹരനെ അനുസ്മരിക്കുന്ന ഇംഗ്ലീഷാണ് അയാളുടേത്…”ദിസിസെ ബുക്ക് ” ഞാൻ പറഞ്ഞൊപ്പിച്ചു.അണ്ണാക്കിലെ പിരിവെട്ടിയിരിക്കുന്ന ഞാൻ അറിയാവുന്ന മുറി ഇംഗ്ലീഷ് മറന്നു . നൂറ് തവണ ഇമ്പോസിഷനെഴുതിയ നോട്ടോൺലി ബട്ടോൾസോ പോലും മറന്നു.. അറബിയാണേൽ എനിക്ക് വശവും ഇല്ലല്ലോ? പുസ്തകകമല്ല, പുറംചട്ടയിലെതാടിക്കാരാണ് പ്രശ്നം…യേശുദാസും, ജോൺ എബ്രഹാമുമാണ് പ്രശ്നം.അവരുടെ വെട്ടിയൊതുക്കാത്ത താടിയാണ് പ്രശ്നം…

ലോകമെങ്ങും അധികാര വർഗ്ഗത്തിന് പൊതുവേ താടിക്കാരെ ഭയമാണ്..വല്ല വിപ്ളവകാരികളോ , തങ്ങളുടെ അധികാരം കവരാൻ വരുന്നവരോ, തീവ്രവാദികളോ എന്നെല്ലാം ചിന്തിച്ച് ഭയമാണ് .(നാം കരുത്തരും ശക്തരുമെന്നെല്ലാം ധരിച്ച് വശായ ഭരണാധി കാരികളെല്ലാം ഉള്ളിൽ ഭീരുക്കളാണ് ഒരു താടിയോ, വാറോലെയോ മതി അവരുടെ ഉറക്കം കവരാൻ.)അപ്പോൾ പിന്നെ രാജഭരണം നടക്കുന്ന നാടിൻെറ കാര്യം പറയണോ …? (എല്ലാവരും വെട്ടി ഒതുക്കിയ താടിയുമായി നടക്കുന്ന ആ രാജ്യത്ത് സ്വാതന്ത്യത്തിൻെറ വാതിൽ തുറന്ന് കൊടുത്ത പുതിയ “വിപ്ലവാകാരിയായ” ഭരണാധികാരിയും വെട്ടി ഒതുക്കാത്ത ഒരു താടിക്കാരനാണ് എന്നോർക്കുക. ) “വാത്ത് യൂ ദൂയിംങ് ഔർ കന്ത്റി ..? “”ആയാം ഡൂയിങ് ..അയാം ദൂയിങ് .. “എപ്പോഴാണ് എന്നെ ചൂണ്ടി ഈ കുടവയറൻ കെ ആൻഡ് കെ ഓട്ടോ മൊബൈൽ പ്രൊപ്രൈറ്റർ മനോഹരൻ “എൻജിൻ ഔട്ട് കമ്പ്ലീറ്റ്ലി “എന്ന് സഹപോലീസുകാർക്ക് നിർദ്ദേശം കൊടുക്കുക എന്ന ഭയത്താൽ ഞാൻ വിക്കി …

ഒരാൾ അൽപസ്വൽപം മദ്യപിക്കും എന്നല്ലാതെ മറ്റ് കുഴപ്പമൊന്നും ഇല്ലാത്ത മിടുക്കനായ ഒരു സിനിമക്കാരൻെറ ഫോട്ടോയാണ്. മറ്റേത് നാടിൻെറ ഗാനഗന്ധർവ്വനാണ്, നന്നായി പാടും ഇടക്ക് മൈക്ക് കിട്ടിയാൽ ജഗദീശ്വരൻ, ജാതിഭേദം മതദ്ധ്വേഷം …എന്നൊക്കെ പറഞ്ഞ് നാട്ടാരെ ചെറുതായി വെറുപ്പിക്കുമെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലാത്ത നിങ്ങൾക്കൊരു ഭീഷണിയുമല്ലാത്ത പാവങ്ങളാണ് എന്ന് ഈ മറുതകളോട് എങ്ങിനെയാണ് ഒന്ന് പറഞ്ഞ് മനസ്സിലാക്കുക..ചെറുതായി തലചുറ്റും പോലെ …അൽപം മുന്നേ മൂത്രം ഒഴിച്ചാതാണല്ലോ, എന്നിട്ടുമെന്തേ ഒരു ശങ്ക? ഭാഷ അറിയാതെ സമർഖാൻെറ മുന്നിൽപ്പെട്ട കിലുക്കത്തിലെ ജഗതിയുടെ സ്റ്റിൽ ഫോട്ടാഗ്രാഫർ നിശ്ചലിൻെറ ദയനീയത വെറും കോമഡി ആയിരുന്നില്ലെന്ന് എനിക്ക് ശെരിക്കും ബോധ്യമായി…അവൻമാർ കൈവെക്കും എന്ന് എനിക്ക് തോന്നി തുടങ്ങിയ നിമിഷത്തിൽ റൂമിലെ ടോയിലറ്റിൻെറ വാതിൽ തുറന്നൊരു യുവാവ് ദേവദൂദനെപ്പോലെ പ്രത്യക്ഷപ്പെട്ടു …

റൂമിലെ കക്കൂസ് കഴുകാൻ വന്നമലയാളിയായ ഒരു ക്ലീനിംഗ് ബോയിയാണ്.അവൻ പുസ്തങ്ങൾ പരിശോധിച്ച് അത് വിപ്ലവകാരികളൊന്നുമല്ല, ഒരാൾ സിനിമാക്കാരനും, മറ്റെയാൾ ഗായകനുമാണെന്ന് അവരോട് മുറി അറബിയിൽ വിവരിച്ച് കൊണ്ടിരുന്നു.ഞാനാ യുവാവിനെ സാകൂതം നോക്കിയിരിക്കയായിരുന്നു.അയാളുടെ മുഖത്തിന് ചുറ്റും ഒരു പ്രകാശവലയം കാണാനുണ്ടായിരുന്നു , കൈകൾക്ക് പുറകിൽ രണ്ട് ചിറകുകൾ, അത് പതിയെ ചിറകടിക്കുന്നുണ്ട് …അതിൽ നിന്നുതിർന്നൊരു തൂവൽ എൻെറ കൈത്തണ്ടയിൽ വന്നിരുന്നു വിറച്ചു…”യാ ആള്ളാ ഹിമാർ റോ ..ഗോ… ” പോലീസുകാരൻ പുസ്തകം ചുരുട്ടി ചവറ്റ് കൊട്ടയിലേക്കിടുന്നതിനിടയിൽ പുറത്തേക്ക് കൈ ചൂണ്ടി എന്നോട് അലറി …

ഞാൻ കിട്ടിയ ജീവൻ കൈകളിൽ ചുരുട്ടി പിടിച്ച് പുറത്തേക്കോടി….നാം വിചാരിക്കുന്ന പോലെ നമുക്ക് ചുറ്റുമുള്ള ലോകം അത്ര സുരക്ഷിതമൊന്നുമല്ല ഒരു യേശുദാസ് മതി, അയാളുടെ നിർദ്ദോഷമായ താടി മതി നിരപരാധിയായ ഒരാളെ മുൾമുനയിൽ നിർത്താൻ…നോട്ട് ദ പോയിൻറ്… താടി എന്നാൽ വെറും രോമമല്ല…ചോദിക്കാൻ മറന്നു..”അല്ല…ഈ മാവോക്ക് താടിയുണ്ടായി രുന്നോ…?”

By ivayana