യാസിർ എരുമപ്പെട്ടി*

നിറയേ ആളുകളോട് ധന്യ വർമ്മ ഇടക്ക് ചിരിച്ചും, ഇടക്ക് പരിഭവിച്ചും, ഇടക്കൊരൽപ്പം എയറ് പിടിച്ചും ചോദിക്കുന്നൊരു ചോദ്യമുണ്ട്…”What you think is Happiness” എന്ന്…സന്തോഷത്തേ നിർവചിക്കാൻ പറയുകയാണ്…ആ ചോദ്യത്തിന് മുൻപിലിരിക്കുന്ന അതിഥികൾ പറയുന്ന മനോഹരമായ മറുപടികളുണ്ട്…

ഓരോ മനുഷ്യനും അവരുടെ ചുറ്റുപാടിനാൽ വ്യത്യസ്തരായതുകൊണ്ട് തന്നെ സന്തോഷത്തേ അവരൊക്കെയും നിർവചിക്കുന്നത് വ്യത്യസ്തമായ രൂപത്തിലാണ്.മറ്റുള്ളവര് പറയുന്നതൊക്കെ ‘മ്യൂട്ട്’ ആക്കിക്കൊണ്ട് ബാല ചന്ദ്രമേനോനെ കേൾക്കുകയായിരുന്നു…

ഒരിക്കല് ഞാൻ അമ്മയുടെ നഖം വെട്ടികൊണ്ടിരുന്നപ്പോൾ.. അമ്മ എന്നേ വല്ലാതെ സ്നേഹത്തോടെ നോക്കുന്നുണ്ട്… “ഡാ ചന്ദ്രാ… ഞാനൊരു കാര്യം ആലോചിക്കുകയാ.. നടക്കോ ആവോ..”‘അതെന്താമ്മേ ഈ പ്രായത്തിലിത്ര ആലോചിക്കുവാനും മോഹം തോന്നുവാനുമൊക്കെ.. എന്താണ് കാര്യം'”നിനക്ക് പുനർജന്മത്തിൽ വിശ്വാസമുണ്ടോ”‘ഹ ഹ… ഞാൻ ചിന്തിച്ചിട്ട് പോലുമില്ലത്.. ഈ ജന്മമൊന്ന് ആദ്യം കഴിയട്ടെ..

എന്നിട്ടല്ലേ അടുത്ത ജന്മത്തെപ്പറ്റി ചിന്തിക്കാൻ..’അന്നേരം നേർത്ത ശബ്ദത്തിൽ അമ്മയുടെ ഒരു മറുപടിയുണ്ട്.. അത് ഇങ്ങനെയായിരുന്നു…”അല്ല അങ്ങനെ വല്ലതും ഉണ്ടെങ്കി ഞാനാലോയ്ക്കാർന്നു… നീ എന്റെ വയറ്റിൽ വന്നങ്ങു പിറന്നോ… അല്ലഡാ.. നീ എന്റെ വയറ്റിൽ തന്നെ പിറന്നാ മതി…”ഒരമ്മ മകനോട് നല്ല ബോധത്തോടെ, ഏറെ സ്നേഹത്തോടെ പറയുന്നൊരു മനോഹരവാക്ക്…അന്നേരം താനനുഭവിച്ച അവസ്ഥക്ക് പേരാണ് “സന്തോഷം” എന്ന് ബാലചന്ദ്രമേനോൻ പറയുന്നുണ്ട്..

അത് കേൾക്കുമ്പോൾ അവതാരിക കണ്ണിലൊരു മഴക്കാലം ഒളിപ്പിക്കുന്നുണ്ട്…അയാള് തുടരുന്നു…”കൊല്ലത്തുവെച്ചാ അമ്മ മരിച്ചത്… മരിച്ച വീട്ടിൽ നിന്ന് അവസാനമായി കൊണ്ടുപോകുമ്പോൾ ആ മുഖത്ത് നോക്കി എനിക്കാ വാക്ക് മാത്രമേ മനസ്സിൽ തെളിഞ്ഞിരുന്നുള്ളൂ… അതുകൊണ്ട് തന്നെ ഞാനെന്റെ അമ്മക്ക് ബലിയിടത്തില്ല … കാരണം ഞാൻ ബലിയിടേണ്ട ആവിശ്യമില്ല..”അത്രയും പറഞ് തീരുമ്പോൾ അയാൾ കിതക്കുന്നുണ്ട്… ഉള്ളിൽ കരയുന്നുണ്ട്… ചുണ്ടിലൊരു വിറയലുണ്ട്…

എല്ലാറ്റിനും ഉപരി അമ്മയോടുള്ള മകന്റെ അടങ്ങാത്ത സ്നേഹമുണ്ട്….ഒരു മകനോട് അമ്മയെപ്പറ്റി പറയാനല്ല അവതാരിക പറഞ്ഞത്.. സന്തോഷത്തേ നിർവചിക്കാനാണ്… പക്ഷെ മകൻ ഹൃദയം കൊണ്ട് അമ്മയേ സന്തോഷമായോ, സന്തോഷത്തേ അമ്മയായോ നിർവചിക്കുകയാണ്…

നമ്മൾക്ക് പ്രായമേറെ പിന്നിട്ടാലും, നമ്മളുടെ ജീവിത രീതി ഏറെ മാറിയാലും, നമ്മള് നൽകിയ സ്നേഹത്തിന്റെ അളവുകൊണ്ട് “നിന്നെ വയറ്റിൽ ചുമന്നതെന്റെ ഭാഗ്യം” എന്ന് ഉമ്മ പറയുന്നൊരു മൊമന്റ്….!!അനുഗ്രഹിക്കലാണത്… ഈ ലോകത്തും പരലോകത്തേക്കുമുള്ള സമ്പാദ്യമാണത്… ആയിരം രാത്രികളിലെ പ്രാർത്ഥനയാണത്…

നല്ലൊരു മകനും മകളുമായി നമ്മള് ജീവിച്ചിട്ടുണ്ടെന്ന അവാർഡ് ദാനമാണത്….വിജയിച്ചുവെന്ന സാക്ഷ്യപത്രമാണത്…!നമ്മുടെയൊക്കെ ജീവിതത്തിൽ ധന്യ വർമ്മ ചോദിക്കുന്ന ചോദ്യത്തിന് ഏറെ വാല്യൂവുണ്ട്…

എന്താണ് ഹാപ്പിനെസ്സ്…!പറയൂ…

നമ്മളെങ്ങനെയാണ് സന്തോഷത്തേ നിർവചിക്കാൻ ശ്രമിക്കുക…!

By ivayana