കവിത : ജനാർദ്ദനൻ കേളത്ത്*

ഈ നിശീഥത്തിൻ ശ്യാമ-
വർണ്ണത്തിലനുരക്തം
പൂക്കുന്നു വനജോത്സ്ന
വെളുക്കെ സുഗന്ധിയായ്!

ഹൃദ്യമീ പ്രണയാർദ്ര
ഭാവത്തിലരുണാഭ
മുഖിയായ് നാണിച്ചെത്തി
നോക്കുന്നു പ്രഭാതവും!

ബൌദ്ധിക മേധാവിത്വ
ഭള്ള് പാടുന്നീ മർത്യർ,
വർണവർഗ്ഗദ്വേഷത്തിൽ
മാഴ്കുന്നിരയായ് നിത്യം!

അസ്ഥിതമെന്നും വാഴ്’ വിൻ
അവിരാമ സൂക്തങ്ങളും,
അതിജീവനത്തിന്റെ
അസ്പൃശ്യ വാദങ്ങളും!

രണ്ടുരണ്ടെത്ര? എന്ന –
ദ്ധ്യാപകൻ ചോദിക്കവെ,
ഉത്തരം കേട്ട് ഞെട്ടി
പകച്ച് നിൽപ്പൂ ഗുരു!

ഒന്നാമൻ ചോദിക്ക –
യാണെന്തിനീ പരിഭ്രമം
രണ്ടു രണ്ട് നാലെന്ന
ശാസ്ത്രം പ്രത്യുക്തമം!

രണ്ടാമൻ പറയുന്നു
രണ്ടു രണ്ടുകൾ എന്നും
സാദൃശ രൂപം പൂണ്ട
രണ്ട് എന്നതേ യുക്തം!

മൂന്നാമനോതി ശക്തം,
സഹപാഠികൾക്കെല്ലാം
സമത്വ ഗുണ പാഠം
രണ്ടുരണ്ടിരുപത്രണ്ടേ!

അദ്ധ്യയനത്തിൻ തരം
ആർജ്ജി താപരമെങ്കിൽ
ആശ്രിത പാരായണ-
മദ്ധ്യാപന വൃത്തി!

അക്കങ്ങൾ പെരുക്കിയാ-
ലകലും സ്വ-രൂപങ്ങൾ,
വിദ്യ, അർത്ഥ കാമിക്കിര,
ചൂണ്ടയിൽ കോർക്ക!

ഓൺലൈനിലല്ലോ പാഠം,
പള്ളിയോ കമ്പ്യൂട്ടറിൽ,
കളി, ചരി, വക്കാണങ്ങൾ
പങ്കിടാ – പങ്കപ്പാടും!

ജനാർദ്ദനൻ കേളത്ത്

By ivayana