രചന : സെഹ്റാൻ✍

പുരോഹിതൻ വാതിലിൽ
മുട്ടുന്നുണ്ട്!
ഒന്നിച്ചു കാടുകയറും മുൻപ്
പൂട്ടിയ വാതിലിന്റെ താക്കോൽ
കീശയിലൊതുക്കി.
വൃക്ഷനിബിഢതയുടെ
പച്ചമേൽക്കൂരയ്ക്ക് കീഴെ
പുരോഹിതൻ വേദപുസ്തകം
വായിക്കാൻ തുടങ്ങി.
വരികൾക്കിടയിലയാൾ
കണ്ണീർ തൂവുന്നുണ്ട്.
(ആനന്ദം…? ദു:ഖം…?)
കാലുകൾ കഴയ്ക്കുന്നു.
ഒന്നിരിക്കണമല്ലോ.
അക്കാണുന്ന മരവേര് കൊള്ളാം.
സ്റ്റീഫൻ ഹോക്കിംഗിന്റെ
വീൽചെയർ പോലുണ്ട്.
സിംഹാസനം!!
(‘ഹോ’ കിംഗ്‌സ് ത്രോൺ!!)
പുരോഹിതന്റെ നാവിലൂടെ
വേദപുസ്തകം ഒഴുകുകയാണ്.
കാട് നിശ്ചലമാകുന്നുണ്ടോ?
വൃക്ഷങ്ങൾ…?
പക്ഷികൾ…?
അരുവികൾ…?
ഇല്ല!
എല്ലാം പഴയപോൽ…
വലിയ ചിറകടികളോടെ
ഒരുകൂട്ടം പക്ഷികൾ
കാടിനുവെളിയിലേക്ക് പറന്നപ്പോൾ
പുരോഹിതൻ ഗ്രന്ഥം മടക്കി.
ശ്രദ്ധാപൂർവ്വം എന്റെ
കൈകളിലേക്കതേൽപ്പിച്ച്
ധ്യാനത്തിലെന്നോണമയാൾ
ദൂരെക്കണ്ട ഗുഹാവാതിൽക്കലേക്ക് നീങ്ങി.
പുറത്തെ ഇരുളിനേക്കാൾ ഒട്ടും കുറവല്ലല്ലോ അകത്തെന്നോർത്തു.
മടിയിൽ വേദപുസ്തകം
കോട്ടുവായിടുന്നു.
എന്തുചെയ്യണം?
രണ്ട് തെരെഞ്ഞെടുപ്പുകളുണ്ട്.
വീണ്ടും വൃഥാ വായിക്കാം.
അല്ലെങ്കിൽ ഉപേക്ഷിക്കാം.
യുക്തിപൂർവ്വം രണ്ടാമത്തേത്
തന്നെ തെരെഞ്ഞെടുത്തു.
അരുവിയിലേക്കെറിഞ്ഞു.
കടലിലെത്തട്ടെ!
തിരകളെന്തും വിഴുങ്ങും.
ചില മനുഷ്യരെപ്പോൽ…
കാടിറങ്ങി വീട്ടിലേക്കുള്ള
വഴി നടക്കുമ്പോൾ
വാതിൽ തുറക്ക്, തുറക്കെന്ന്
താക്കോൽ തുടിക്കുന്നു!

സെഹ്റാൻ

By ivayana