രചന : കൃഷ്ണമോഹൻ കെ പി ✍️

ഗായകർ സ്വരങ്ങളാൽ പൂമഴ പെയ്യിക്കുന്ന
ഗാനവാഹിനി തൻ്റെ കൂലത്തിലൊരുനാളിൽ
ഗാനങ്ങളരുകിലങ്ങേതുമേയില്ലാതുള്ള
ഗർദ്ദഭം വന്നെത്തീയാ, ശാദ്വലഭൂവിലുള്ള
ഗന്ധപൂരിതമാകും പുൽനാമ്പു രുചിച്ചീടാൻ
ഗന്ധർവ കിന്നരാദി ഗഗനചാരികൾ പാടും
ഗദ്ഗദരഹിതമാം ഗാനാലാപനം കേട്ടും
ഗുണഗണമാവാഹിച്ചു ഭുവനത്തിൽ വസിക്കുന്ന
ഗിരിധരപ്രണയികൾ പാടും പാട്ടുകൾ കേട്ടും
ഗരിമയോടണഞ്ഞൊരു ഗർദ്ദഭം മനസ്സിലായ്
ഗണിതങ്ങൾ പലതങ്ങു ചെയ്തു ചെയ്തിരുന്നു പോയ്
ഗാനത്തിന്നാലാപനവീചികളാകെത്തൻ്റെ
ഗ്രാമീണ മനസ്സിൻ്റെ താളത്തിൽ പകർത്തിപ്പോയ്
ഗമകവും വർണ്ണങ്ങളും ആഗമനിഗമവും
ഗണനായകനുമാ ചിത്തത്തിൽ കുടിയേറീ
ഗച്ഛ, നീ, തപോവന ഭൂവിലെന്നൊരു വാക്ക്
ഗന്ധർവസ്വരം പോലെ കേട്ടവനൊരുദിനം
ഗാനത്തെ സ്നേഹിക്കുന്ന കഴുതയാമവൻ പാടീ…
ഗർദ്ദഭസ്വരം, സപ്തസ്വരങ്ങളിലലിഞ്ഞു പോയ്
ഗാനമെന്നതേ സർവ ജീവജാലങ്ങൾ തന്നിൽ
ഗോമതിയായെത്തുന്നൂ, വരദായിനിയായി…✍️

കൃഷ്ണമോഹൻ കെ പി

By ivayana