രചന : ശ്രീകുമാർ എം പി ✍

മുന്നാലെ പോകുന്നവർ മികച്ചവരാണ്.
അതുകൊണ്ടാണ് അവർ മുന്നിലായത്.
പിന്നാലെ വരുന്നവരിലും മികച്ചവരുണ്ട്,
ചിലപ്പോൾ മുമ്പേ പോകുന്നവരേക്കാൾ മി കച്ചവർ.
എന്നാൽ മുന്നാലെ പോകുകയെന്നത് അവരുടെ ലക്ഷ്യമായിരിയ്ക്കില്ല.
എന്നാൽ
മുന്നിലെത്താനായ്
വിലപ്പെട്ട പലതും
അവഗണിച്ചവരൊ,
ചവുട്ടിക്കടന്നവരൊ
ഞെരിച്ചമർത്തിയവരൊ
തച്ചുതകർത്തവരൊ
ഏത് വേഷത്തിൽ
എവിടെയെത്തിയാലും മികച്ചവരല്ല.
വിലപ്പെട്ടതെന്തെന്ന് നിശ്ചയമില്ലാത്തവർ
എന്തിലൊ ഭ്രമിച്ചു വശം കെട്ടവർ
ഒടുവിൽ ചിറകുകൾ തളരുമ്പോൾ
ചിറകുകളടരുമ്പോൾ
അവരും അതറിയുന്നു.
യഥാർത്ഥ മികവുകൾ
നടിച്ചു നേടാവുന്നതൊ
വിലയ്ക്കു വാങ്ങാവുന്നതൊ അല്ല.
അവയുടെ സ്ഥാനം
മുന്നിലൊ പിന്നിലൊ മധ്യത്തിലൊ അല്ല.
സമർപ്പണവും സർഗ്ഗാത്മകവും ഭാവാത്മകവുമായ കർമ്മപഥങ്ങളൊന്നും
മുന്നിലെത്താനുള്ള ഭ്രമമൊ ഓട്ടമൊ അല്ല.
ദീപം എവിടെയാണെങ്കിലും
അവിടം പ്രകാശിയ്ക്കുന്നു !
മുല്ലപ്പൂക്കൾ എവിടെ വിരിഞ്ഞാലും
അവിടം സുഗന്ധപൂരിതമാകുന്നു !മികവുകൾ എവിടെ വർത്തിയ്ക്കുന്നുവൊ
അത് തന്നെയാണ് മികവിന്റെ സ്ഥാനം.

ശ്രീകുമാർ എം പി

By ivayana