രചന : ശിഹാബുദ്ധീൻ പുറങ്ങ്✍

ഗാന്ധിയാവുക എന്നാൽ
അപരന്
ഒരൂന്നുവടിയായി, സ്വയം
പരിവർത്തനപ്പെടുക എന്നാണ്
വീണുപോയവന്റെ
വിഹായസ്സിൽ
കനിവിൻ
കദംബമാവുക എന്നാണ്
രുധിര നിലങ്ങളിൽ
കബന്ധ കലിംഗകളിൽ
ആർദ്രതയുടെ , അഹിംസയുടെ
സുദണ്ഡാവുക എന്നാണ്
ഗാന്ധിയാവുക എന്നാൽ
തണലുമാടങ്ങളിൽ നിന്നിറങ്ങി
കത്തുന്ന തെരുവുകളിലേക്ക്
യാത്ര പോവുക എന്നാണ്
ആരും കേൾക്കാനില്ലാത്ത
നിലവിളികളിലേക്ക്
കാതുകൾ
കൂർപ്പിക്കുക എന്നാണ്
വിദൂര
നിസ്സാഹയതകളിലേക്കും
കണ്ണുകൾ
തുറന്ന് വെക്കുക എന്നാണ്
ഗാന്ധിയാവുക എന്നാൽ
വാഴ് വിൻ വഴക്കങ്ങളിൽ നിന്ന്
സ്വന്തത്തെ
കുടഞ്ഞുകളയുക എന്നാണ്
അധീശജ്വരകളിറക്കിവെച്ച്
അരികുജീവിതങ്ങളുടെ
മോക്ഷവഴികളെ
ഉരുവപ്പെടുത്തുക എന്നാണ്
മൗനത്തിന്റെ ഇരുട്ടുഭാഷ്യങ്ങൾക്കു മേൽ
വാക്കുകൾ വേണ്ടാത്ത
വിമോചനത്തിന്റെ
സമരഗീതമാവുക എന്നാണ്
ഗാന്ധിയാവുക എന്നാൽ
ദൈവനാമ ജപങ്ങളെ
ചുണ്ടുകളിൽ നിന്ന് ആത്മാവിലേക്ക്
തിരികെ കൊളുത്തുക എന്നാണ്
ഗാന്ധിയാവുക എന്നാൽ
വെറുപ്പുതീനികൾക്ക്
മഹാ വൈരിയും
മാനുഷർക്കാകെയും
മഹാത്മാവുമാവുക എന്നാണ്
ഗാന്ധിയാവുക എന്നാൽ
പരസ്പര്യത്തിന്റെ
പ്രവാചകനാവുക എന്നാണ് …

ശിഹാബുദ്ധീൻ പുറങ്ങ്

By ivayana