രചന : ബീഗം ✍

അവസാനയത്താഴത്തി –
ന്നവശിഷ്ടങ്ങൾ പെറുക്കെ
അടുക്കളവാതിലിലൊരു നായ തന്നപശബ്ദം
അടുത്തെത്തി നിൽക്കുന്ന
മലവെള്ള കുതിപ്പുകൾ
അറിയിപ്പു നല്കുന്നു
കാലൻ്റെയാഗമനം
അമ്മേ കറിക്കിന്നു
നല്ല രുചിയെന്നു
അത്താഴനേരത്തരുമ
മകൻ ചൊല്ലി
പുലർച്ചക്കോഴിയായിരുന്നവൾ
പുലഭ്യം പറയും പതിയെ
പുഞ്ചിരിയാൽ
നേരിടുന്നവൾ
ഇഷ്ടഭോജ്യങ്ങൾ
ഇടതടവില്ലാതെ
വിളമ്പിയവൾ
ഇത്തിരി മണ്ണിലൊരുകുടിൽ
സ്വന്തമാക്കാൻ
ഇരവും പകലും സ്വപ്നങ്ങൾ നെയ്തവൾ
പാതിരാ നേരത്തു
തല ചായ്ക്കുമെങ്കിലും
പരിഭവമോതിയില്ല
പഴിച്ചില്ല വിധിയെയും
അലറിക്കരഞ്ഞ
മഴയോടവൾ
അലറിക്കരഞ്ഞു
മൊഴിഞ്ഞതും
ആലിപ്പഴം പൊഴിക്കും
ലഹരിയിലറിഞ്ഞില്ല
ആർത്തനാദത്തിൻ
വീചികൾ
ഇന്നിവൾ കിടക്കുന്നു
മണ്ണിൻ കൂമ്പാരത്തിൽ
ഇടവപ്പാതി ചതിച്ച
പ്രചണ്ഡ മാരിയിൽ
ഇഷ്ടത്തോടുമ്മ വക്കുവാൻ
ഇറുകെ പുണരുവാൻ
ഇത്തിരി കുസൃതി കാട്ടുമീ
പൈതലെതല്ലി തലോടാൻ
ഇനി വരില്ലമ്മയെന്നു
മകനുമറിഞ്ഞില്ല
മണ്ണുമാന്തികൾ
മടി കൂടാതെ പരതുമ്പോൾ
മരണത്തിലും
പിടിവിടാതെ
മകനായൊരുക്കിയ
ചോറ്റുപാത്രം.

ബീഗം

By ivayana