രചന : ബെന്നി ജോൺ ✍

തടാകക്കരയിൽ
ഇരുട്ട് പരന്നു തുടങ്ങി
മരങ്ങളോട്
കൂടണയുന്ന കിളികളുടെ
കൊച്ചുവർത്തമാനം

ഒരു പകലിന്റെ മുഴുവൻ
കണ്ടതും കേട്ടതും കഥകൾ

കാട്ടുപൂവിന്റെ മണമുള്ള
കാറ്റിനൊപ്പം പറന്നു പോയത്
നെല്ലു കാക്കുന്ന പൂതമുള്ള
പാടവരമ്പിലൂടെ പതുങ്ങി നടന്നത്
ഞാവലിന്റെ കടും നീല
നാവിൽ മായാതെ നിന്നത്
അകലെ മനുഷ്യർ വളർത്തുന്ന
പട്ടണത്തിന്റെ ഗർജ്ജനം കേട്ട് ഭയന്നത്

അങ്ങനെ
മരങ്ങളുടെ പകലുകളോരോന്നും
മയങ്ങി തുടങ്ങും

രാത്രി
ആകാശവീടുകളിൽ
വിളക്കുകൾ ഉണരുമ്പോൾ
തടാകം തണുപ്പിൽ
കുളിർന്നുറങ്ങാൻ തുടങ്ങുമ്പോൾ
കിളികൾ പറഞ്ഞ കഥകളുടെ
കയ്യും പിടിച്ച് മരങ്ങൾ
നടക്കാനിറങ്ങും

കുന്നുകയറി വന്ന സൂര്യൻ
പച്ച നിറമുള്ള തടാകത്തിലേക്ക്
തെന്നി വീഴുമ്പോൾ
ഇലവീടുകൾക്കുള്ളിൽ
ഉറുമ്പുകളുടെ
അടക്കംപറച്ചിലുകളൊപ്പം
പുലരിയെത്തും

പുൽനാമ്പിൻ തുഞ്ചത്തൊരു
മഴവിൽ തുള്ളി വിരിഞ്ഞത്
ഇലകളുടെ ശവപ്പറമ്പിലെ
കറുത്തതും ചാരനിറമുള്ളതുമായ
ഇരുട്ടു കണ്ട് പേടിച്ചത്
വയലറ്റ് പൂപ്പാടങ്ങളിൽ
സ്വപ്നം കണ്ടു നടന്നത്

ഇലകളിൽ നിന്ന്
പൂവുകളിലേക്കും ചില്ലകളിലേക്കും
തായ് തടിയിലൂടെ
വേരുകൾ വരേക്കും
ഉറുമ്പുകളുടെ സഞ്ചാരങ്ങൾ
പടർന്നു കയറും

ഋതുക്കൾ
ശലഭങ്ങളായും
ദേശാടന കിളികളായും
പുനർജനിക്കുമ്പോൾ
മഴചിറകുകൾ സ്വപ്നം കാണുന്ന
ഗ്രീഷ്മ കാലത്തിന്റെ
കൊടുമുടികളിൽ
മരങ്ങൾ കൂട്ടിവച്ച
കഥകളത്രയും
അപ്പൂപ്പൻ താടികളായ് മാറ്റപ്പെട്ടുകഴിയും
കാലം തെറ്റിവന്നൊരു മഴക്കാറ്റിൽ
അവയോരോന്നും
തടാകത്തിനു മുകളിലൂടെ
പറന്നു നടക്കും.

ബെന്നി ജോൺ

By ivayana