രചന : ബിജു കാരമൂട് ✍

തിരക്കുപിടിച്ച
അങ്ങാടിയിൽ
നിന്നൊഴിഞ്ഞ്
പാതയോരത്തെ
ഏതെങ്കിലും
പകിട്ടില്ലാത്ത
കെട്ടിടത്തിലാവും
അതുണ്ടാവുക…
സലൂൺ
എന്നോ ബാർബർ ഷോപ്പ്
എന്നോ മറ്റോ
പേരു വച്ചിട്ടുണ്ടാവും.
വൃദ്ധന്മാരുടെ
ബാർബർഷോപ്പ്
പക്ഷിസങ്കേതങ്ങളെ പോലെയാണ്..
പ്രഭാതങ്ങളിലും
സായന്തനങ്ങളിലും
കൂടുതൽ സജീവമാകുന്ന
ഒരിടം.
ഉച്ചകളിൽ
നിശബ്ദമാകുന്ന
ഒന്ന്…
മിക്കവാറും
ചുവപ്പും
മഞ്ഞയും
നീലയും നിറങ്ങളിലുള്ള
കട്ടിച്ചില്ലുപതിപ്പിച്ചതാവും
ജനാലകൾ..
കുത്തനെ
നിർത്തിയ
ദീർഘ ചതുരത്തിലുള്ള
മുഖക്കണ്ണാടിക്ക്
മുന്നിൽ
കാലുയർത്തി കയറേണ്ടതില്ലാത്ത
ഒരു
സാധാരണ
കസേര
കാണും..
അവിടെ
വായിക്കാൻ
ദിനപ്പത്രങ്ങളോ
വാരികകളോ
ഒന്നും
ഉണ്ടാവില്ല..
ചിലയിടങ്ങളിൽ
ചുവരിൽ
ഒന്നോ രണ്ടോ
സിനിമാനടിമാരുടെ
സ്നാനവസ്ത്രത്തിലുള്ള
ചിത്രങ്ങൾ
ഒട്ടിച്ചിട്ടുണ്ടാവും.. മുപ്പതുവർഷമെങ്കിലും
പഴക്കമുള്ളത്..
ഇടയകലമുള്ള ചീപ്പുകൾ..
മൃദുലമായി മുറിക്കുന്ന കത്രികയൊച്ചകൾ
നനഞ്ഞ
സോപ്പുപാത്രം
നരച്ച ബ്രഷ്…
നവസാരക്കല്ല്.
തടിയലമാരയിൽ
മടക്കിവച്ച
കട്ടിപ്പുതപ്പുകൾ
കുട്ടിക്കൂറ പൗഡ൪…
വൃദ്ധന്മാരുടെ ബാർബർഷോപ്പിൽ
തീരെ
ചെറുപ്പക്കാരനായ
ഒരാളോ
മധ്യവയസ്സു കഴിഞ്ഞ
ഒരാളോ ആവും
ജീവനക്കാരൻ…. നൈപുണ്യമൊന്നും
ആവശ്യമില്ലാത്ത…
വെല്ലുവിളികളില്ലാത്ത
ജോലി
അയാൾ
പഴയൊരു
യന്ത്രത്തിനെപ്പോലെ ആവർത്തിച്ചു
കൊണ്ടിരിക്കും..
മുടിവെട്ടുമ്പോഴും
ഷേവ് ചെയ്യുമ്പോഴും
മിക്കവാറും പേർ
അവരുടെ
സ്നേഹിതൻമാരായ
അവിടത്തെ
പതിവുകാരെപ്പറ്റി
ജീവനക്കാരനോട്
അന്വേഷിക്കും….
പലരും
ഈയിടെയായി വരാറില്ലെന്നൊന്നും
പറയാതെ
ജീവനക്കാരൻ
എഫ് എം റേഡിയോയുടെ
ചാനൽ ഒന്നു മാറ്റി
പണിയിലേക്ക്
മടങ്ങിപ്പോകും..
ഓരോരുത്തരും
മുടി വെട്ടി
മടങ്ങുമ്പോൾ തലകളിൽ
മുടി
പരതുന്നതിനേക്കാൾ
അവധാനതയോടെ നിലത്തുനിന്നും
വളരെ കുറച്ച് മുടിയിഴകൾ
മുറിയുടെ മൂലയിലേക്ക് അയാൾ
ചൂലുകൊണ്ട്
ഒതുക്കിവെക്കും.
വെളുത്തതും
ചെമ്പിച്ചതുമായ
മുടിയിഴകൾ….
ചിലർ
എല്ലാമാസവും
ഒരു പ്രത്യേക
തീയതിയിൽ
അവിടേക്ക് വരും..
കുറെ നേരം
കാത്തിരിപ്പിനുള്ള
കസേരയിൽ
ഒട്ടും തിടുക്കമില്ലാതെ
ഇരുന്നിട്ട്
പതിവ് പണം
മേശമേൽ വെച്ച്
നിസ്സംഗമായി മടങ്ങിപ്പോവുകയും
ചെയ്യും …
മറ്റാരുമില്ലെങ്കിൽ
ജീവനക്കാരൻ
വാതിലോളം
അയാളെ
അനുഗമിക്കും…
വാർദ്ധക്യത്തിൽ
ഒഴിവാക്കാനാവാത്ത
ഒരിടമൊന്നുമല്ല
ബാർബർഷോപ്പ്…
ചില പഴക്കങ്ങൾ
പിടിച്ചു വലിക്കുന്നതുകൊണ്ട്
മാത്രം
വേയ്ച്ചും വിറച്ചും
ചെന്നു കയറുന്ന ഒരിടം….

ബിജു കാരമൂട്

By ivayana