രചന : കാഞ്ചിയാർ മോഹനൻ✍

ഉണർന്നിരിക്കുക മക്കളെ,
ഊരും പേരുമില്ലാത്തോർ
ഉറക്കിളച്ചിരിക്കുന്നൂ നിങ്ങളെ
ഉറക്കാനായ്.


ഉമിതീയിൽ നീറും ഹൃത്തടം
ഉദയം മുതലുള്ള പ്രാർത്ഥന,
ഉദകക്രിയയാകാതാവാൻ
ഉടച്ചുവാർക്കുക ജീവിതം.


ഉത്തരം കിട്ടാ ചോദ്യം
ഉയരും മാദ്ധ്യമങ്ങളിൽ
ഉണരുക മാതാപിതാക്കളെ,
ഉയിർ കാക്കാനിനി മുതൽ.


ഊഴി പോലും കരയുന്നു
ഉച്ഛനീചത്വങ്ങളിൽ മനംനൊന്ത്,
ഉയരുക മനസ്സാക്ഷി
ഉത്തമവാക്യങ്ങളിൽ.


ഊരുതെണ്ടികൾ മുതൽ
ഉറ്റവർ പോലും നിത്യം
ഉണ്ണികളെ ,കൈകെട്ടി
ഉറക്കിക്കിടത്തുന്നു.


ഉണർന്നിരിക്കുക മോളേ
ഉന്നം കാത്തിരിക്കുക
ഉയിരെടുക്കുവാനാരോ
ഉമ്മറത്തിരിക്കുന്നു.


ഉത്തരം തരാനിനി,
ഉമ്മയില്ലെന്നോർക്ക
ഉറക്കെക്കരഞ്ഞാലും
ഉണരിലിന്നീ നാട്?

കാഞ്ചിയാർ മോഹനൻ

By ivayana