രചന : മഞ്ജുഷ മുരളി✍

എന്നോ മൃതിയടഞ്ഞോരെൻ
ഹൃദയം ജീവൻവെടിയാതിപ്പോഴുമീ
മണ്ണിലനാഥമായി സഞ്ചരിക്കുന്നു.
പാലപ്പൂക്കളുംസുഗന്ധവും
ഹേമന്തരജനിയും സാക്ഷിയായി
കറ്റവാർക്കുഴലിയെൻ
തങ്കവിഗ്രഹത്തിനുചുറ്റും ആരാധകർ.
അവർതൻ മിഴികളിൽ
ഭയകൗടില്യങ്ങളോ പ്രേമമോ
യക്ഷി, സൗന്ദര്യത്തിന്റെ
സർവ്വസ്വമാകും യക്ഷി
അഗ്നിസൗന്ദര്യം,അഗ്നിച്ചിറകിൽ
പറക്കുമെൻ സർപ്പസൗന്ദര്യം
കാൺകെ വിസ്മരിക്കുന്നൂലോകം |
അറിവീലാരും എൻമനോദുഃഖം
നഗ്നസത്യത്തിൻ ഗുഹാമുഖമജ്ഞാതം
ലോകം പൊയ്മുഖംമാത്രംകാണ്മൂ.
പ്രേമോഷ്മളമാം എൻഹൃദയത്തിൻ
സ്നിഗ്ധസുന്ദരഭാവം ആരറിവൂ
വനദുർഗ്ഗയാണവർക്കു ഞാൻ
പേടിസ്വപ്നമാണെന്നുമെന്നോർമ്മ.
മധുരംവീണാനാദം
നൂപുരകളനാദം
ചടുലംപാദം ചുവടുവയ്പിന്റെ
ഉന്മാദവും എന്നിൽതുടിയ്ക്കുന്നു.
ഞാനൊരു കലാകാരി
എന്റെയാത്മാവിൻ
ജതിസ്വരമാരറിവൂ…!!

By ivayana