രചന : അൻസാരി ബഷീർ ✍

മലയാളിയുടെ നാദപുണ്യത്തിന്റെ പിറന്നാൾവേളയിൽ ഈ വരികൾ വീണ്ടും സമർപ്പിക്കുന്നു! 🌹❤️❤️❤️

എൻെറയാത്മാവിൻെറജാലകപ്പഴുതിലൂ‌-
ടെന്നിൽപടർന്നൊരു സർഗ്ഗസംഗീതമേ
എന്തിത്ര കരുണയെൻ ചിന്തയിൽ നൂപുരം
ബന്ധിച്ചുവെന്നെ അനുഗ്രഹിക്കാൻ…
എത്ര വിലോല തലങ്ങളിലൂടെ നീ
ഇത്രകാലം എന്നെ കൊണ്ടുപോയി…ഞാൻ –
എത്ര വിഷാദങ്ങൾ വിസ്മരിച്ചു!
എൻെറ കർണങ്ങൾ സ്വയംമറന്നെന്നിലേ-
യ്ക്കേതോവികാരം പകർന്നുതന്നു..
ദൈവം സ്വരങ്ങളായ്പരിണമിച്ചു, എൻെറ –
ജൈവകോശങ്ങളിൽ സഞ്ചരിച്ചു, ഞാൻ
ഏതോ വിദൂരതടങ്ങൾ താണ്ടി!
എൻെറ ചൈതന്യംസ്വയം ജ്വലിച്ചെന്നിലേ‌ –
യ്ക്കേതോ പ്രവാഹംചുരന്നു വന്നു..
ഈണം പദങ്ങളെ പരിണയിച്ചു, എൻെറ-
പ്രാണതീരങ്ങളിൽസല്ലപിച്ചു, ഞാൻ
ഏതോ വിദൂര തടങ്ങൾ താണ്ടി!

അൻസാരി ബഷീർ

By ivayana