രചന : കൃഷ്ണമോഹൻ കെ പി ✍

അഗ്നിഹോത്രിക്കുമേ, മന്ത്രം പിഴച്ചു പോം
അല്പം ലഹരി നുകർന്നാൽ
അജ്ഞത പേറുന്ന മാനവൻ പിന്നെയും
അല്പത്വമോടെ രസിക്കും

അല്പമല്ലുന്മാദ പാരമ്യമെത്തുവാൻ
അല്പർ മദിര കുടിക്കും
അല്ലയീ ജീവിതം എൻ്റെയല്ലായെന്ന
അർത്ഥ വിഹീനതയോടെ

അല്പം മധുവതു വിദ്യക്കു നന്നെന്ന്
അറ്റകയ്ക്കാരോമൊഴിഞ്ഞൂ
അന്തമില്ലാത്ത കവിതയ്ക്കും നന്നെന്ന്
അജ്ഞാതരാരോ പറഞ്ഞൂ

അല്ല, ഈ ജീവിതപന്ഥാവിലോടുന്ന
അന്ധരേയൊന്നു ധരിക്കൂ
അജ്ഞതയാണതു വിദ്യയും കിട്ടി-
ല്ലലങ്കോലമാകും കവിത

അന്തിക്കുമോന്തുന്ന മദ്യം മയക്കുന്നു
അന്തരംഗത്തെയതാകേ
അല്പമോ, അല്ല അതിലുമുപരിയായ്
അന്തകനാകും…. ലഹരീ

അക്ഷരലോകത്തിലഞ്ജലീബദ്ധനായ്
അങ്ങനെ ധ്യാനിച്ചു നിന്നാൽ
അന്നന്നു കേൾക്കുന്ന ലോകത്തിൻ വാക്കുകൾ
അന്തരംഗത്തിൽ നിറച്ചാൽ

അജ്ഞാതമായുള്ള ഭാവന തന്നുടെ
അത്ഭുത വിക്രമം കാണാം
അങ്ങനെ ഭൂമുഖസൗന്ദര്യമാകവേ ‘
അക്ഷരമാല്യമായ് കോർക്കാം🍬

കൃഷ്ണമോഹൻ കെ പി

By ivayana