പ്രസൂൺ കിരൺ ✍

“നിങ്ങളുടെ കയ്യിൽ ഡാറ്റയുണ്ടോ?. എന്റെ കയ്യിൽ ഡാറ്റയുണ്ട്.” എന്തിനും ഏതിനും ഈ ചോദ്യമുയർത്തിയാൽ എല്ലാമായി എന്നു കരുതുന്ന ചിലരുണ്ട്. എന്നാലോ അവരുടെ ഡാറ്റ പുറത്തു വന്നപ്പോഴാണ് മാലോകർ അറിയുന്നത് – ഇതൊക്കെ വളച്ചൊടിച്ചതാണെന്ന് .


ഈ ഡാറ്റാ പിശകുകൾ ചൂണ്ടിക്കാണിച്ചാലോ, മുതലാളി മറുപടി പറയുമെന്നാണ് മറുപടി. മുതലാളിയാണെങ്കിലോ അതിനല്ല മറുപടി പറയുക, പുതിയ കുറേ ആരോപണങ്ങൾ നിരത്തും. (ഒരു ഡാറ്റാ വിദഗ്ധൻ സൈലന്റ് വാലി പദ്ധതി ഇല്ലാതാക്കിയ പരിഷത്തിനെ കുറ്റം പറഞ്ഞ് എത്തിയത് പ്രൊഫ.എം.കെ. പ്രസാദ് മലയാളം മാഷ് ആണെന്നാണ്.!! അത്രക്കുണ്ട് ഡാറ്റാ കൃത്യത.)
“ഡാറ്റാ വിദഗ്ധരുടെ” കുറിപ്പുകൾക്ക് മറുപടി എഴുതുന്നത് വൃഥാ വ്യായാമമാണ്. എന്നിട്ടും ചിലർ നിരന്തരം അതു ചെയ്യുന്നുണ്ട്.

അവ്യക്തമായി ചിലത് പറഞ്ഞുകൊണ്ട്, ആരും പറയാത്തതായ കാര്യങ്ങളാണെന്ന ധാരണയുണ്ടാക്കിക്കൊണ്ട്, ഒരു ഫേക്ക് നരേറ്റീവ് ബിൽഡ് ചെയ്യുകയും, ശേഷം, അതിനെ മുൻനിർത്തി ഒരു ജനതയെ അപ്പാടെ കബളിപ്പിക്കുകയും ചെയ്യുകയെന്നത് സോഷ്യൽ മീഡിയയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രൊപ്പഗാന്റകളുടെ പൊതുസ്വഭാവമാണ്. തങ്ങളെ അന്ധമായി ഫോളോ ചെയ്യുന്നവരെ കബളിപ്പിക്കുക എന്നത് മാത്രമാണ് അതിന്റെ ലക്ഷ്യം. അത്തരത്തിൽ ഇന്നലെ മുതൽ പ്രചരിക്കുന്ന ഒരു ടെക്സ്റ്റിലെ വാദങ്ങൾ താഴെ തിരുത്തൽ ഇല്ലാതെ അതേപടി ചേർത്ത്, അതിന് വസ്തുതകൾ നിരത്തിയുള്ള വിശദീകരണം നൽകുകയും ചെയ്യുന്നു.


( വാദം 1 )
കേരളത്തിന്റെ 29% കാടാണെന്നു പറയുമ്പോൾ സ്ഥിരം കേൾക്കുന്ന ഡിഫൻസ് ആണ് ‘അത് മുഴുവനും പ്ലാന്റേഷൻസ് അല്ലേയെന്നത്.’ 1900 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ കൈയ്യിലുള്ള ഫോറസ്റ്റ് പ്ലാന്റേഷൻസ് കണക്കുകൾ ക്രോഡീകരിച്ച് പുറത്തുവിടുകയാണ്.

( മറുപടി 1 )
എത്ര ക്രൂരമായാണ് ആളുകൾ കബളിപ്പിക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മുകളിലെ വരികൾ. ഇതാ, ഇതാ ക്രോഡീകരിച്ച് പുറത്തുവിടുന്നു എന്നൊക്കെ പറയാൻ ഇതൊരു രഹസ്യബോംബൊന്നുമല്ല! അന്ധമായി പിൻതുടരുന്നവരെ ഹർഷം കൊള്ളിക്കാനുള്ള പുകമറ പ്രയോഗം എന്നല്ലാതെ ഒരു ശൂന്യടെക്സ്റ്റ് മാത്രമാണത്. തുടർന്ന് വായിക്കുക.


ഒന്നാമതായി, ‘ഈ ഫോറസ്റ്റ് മൊത്തം കാടാണല്ലോ’ എന്ന വിഖ്യാത ഡയലോഗ് പോലെ, ഇവിടെ 29.65% വനവും പ്ലാന്റേഷൻ ആണെന്ന് ഇവിടെ ആരും പറഞ്ഞതായി കേട്ടിട്ടില്ല. അല്ലെങ്കിൽ സാമാന്യ ബുദ്ധിയുള്ള ആരും തന്നെ അങ്ങനെ പ്രയോഗിക്കുമെന്ന് കരുതുന്നുമില്ല. യഥാർത്ഥ വൈരുധ്യം അതല്ല, , “29.65% കാടും മനുഷ്യ ഇടപെടൽ ഇല്ലാത്ത സംരക്ഷിത വനമാണ് ” എന്ന് ആദ്യം മുതൽ പ്രചരിപ്പിച്ചിരുന്ന അതേ ആളുകൾ തന്നെ ഇപ്പോൾ നിർലജ്ജം തിരുത്തി പറയാൻ തുടങ്ങിയിട്ടുണ്ട് എന്നതാണ്. ‘ഇതാ, ഫോറസ്റ്റ് മൊത്തം കാടാണ്!’ എന്ന് പറഞ്ഞവർ തന്നെ അതിനുള്ളിലെ പ്ലാന്റേഷൻസിന്റെ കണക്കെടുത്ത് പുറത്ത് വിടുന്നുവെന്നതിലുള്ള സൗകര്യം കൂടിയുണ്ട്. വൈകി എങ്കിലും സത്യം പറയാൻ നിർബന്ധിതരാവുന്നു എന്നത് നല്ലതാണ്. ഇതേ ആളുകൾ തന്നെയാണ് തൊട്ടുമുൻപത്തെ പോസ്റ്റിൽ കേരളത്തിലെ പ്ലാന്റേഷൻ 1791 sq km ആണെന്ന് പോസ്റ്റ് ഇട്ടത്. അത് ഇത്തവണ 1500 sq km ആയി മാറിയിട്ടുണ്ട്. ( സ്ക്രീൻ ഷോട്ടുകളും കമന്റിൽ നൽകുന്നു) ശരിക്കുമുള്ള കണക്ക് അറിയാൻ Kerala Forest Statistics – 2021 ക്ഷമാപൂർവ്വം പരിശോധിക്കുക. ഇനി, സംസ്ഥാന രൂപീകരണത്തിന് മുൻപുള്ള അഥവാ, 1900′ മുതൽ 2020′ വരെയുള്ള 120 വർഷത്തെ സംസ്ഥാനചരിത്രം എന്നാൽ, അതേത് സംസ്ഥാനമാണ്? അതിലെ കണക്ക് ഉൾപ്പെടെ വേറെ എത്ര ബോട്ടിൽ വായുവാണ് ഇക്കൂട്ടർ ഇത്തവണ അന്തരീക്ഷത്തിൽ തുറന്നുവിടുന്നതെന്നുകൂടി നോക്കാം.


( വാദം 2 )
// 1840കളിലാണ് നിലമ്പൂരിൽ രാജ്യത്തിലെതന്നെ ആദ്യത്തെ തേക്ക് പ്ലാന്റേഷൻ ആരംഭിക്കുന്നത്. 1970 കളോടുകൂടിയാണ് ഈ ഫോറസ്റ്റ് എന്നത് സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന് യു എൻ അടക്കമുള്ള ഏജൻസികൾക്ക് ബോധ്യപ്പെടുന്നതും ഫോറസ്റ്റ് കൺസർവേഷൻ മേഷേഴ്സ് നിലവിൽ വരുന്നതും. കേരളത്തിൽ 1990കൾക്ക് ശേഷം പുതുതായി ഫോറസ്റ്റ് പ്ലാന്റേഷനുകൾ ആരംഭിക്കുന്നതിൽ നിന്നും സർക്കാരുകൾ പിന്നോട്ടു പോയിരിക്കുന്നതായി കാണാം. ആകെയുള്ള 11500sq.km ൽ കേവലം 1500sqkm ആണ് നമ്മൾക്കീ ഫോറസ്റ്റ് പ്ലാന്റേഷൻസ് ഉള്ളത്. //


( മറുപടി 2 )
മുകളിലെ ടെക്സ്റ്റിൽ മുഴച്ചു നിൽക്കുന്ന കാടിനെപ്പറ്റിയുള്ള അജ്ഞതയും,പലതവണ പലത് പറയുന്നതിന്റെ പരിഹാസ്യതയും വ്യക്തമാക്കാൻ സ്വല്പം വിശാലമായ നമ്മുടെ വനചരിത്രം ഏറ്റവും ചുരുക്കി പറയേണ്ടതുണ്ട്. 1498-1663 കാലഘട്ടമാണ് പോർച്ചുഗീസുകാരുടെ അധിനിവേശകാലഘട്ടമായി പറയാവുന്നത്. ഏലം, കുരുമുളക്, കറുവാപ്പട്ട എന്നിവ അക്കാലത്താണ് യൂറോപ്യൻ വിപണിയിലേക്ക് കാര്യമായി നേരിട്ടയക്കപ്പെട്ടു തുടങ്ങിയത്. തെങ്ങുകൃഷിക്ക് വേണ്ടതായ പ്രോത്സാഹനം കൊടുത്തതിനൊപ്പം തന്നെ, കുരുമുളകിനും, ഏലത്തിനും, ഇഞ്ചിക്കും ശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു തുടങ്ങിയതും ആ കാലഘട്ടത്തിലായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തടിശേഖരണത്തിനായി കാട് പാട്ടത്തിന് കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചു. കടത്തിക്കൊണ്ട് പോകാവുന്ന തടിക്കോ, അതിന്റെ അളവിനോ എണ്ണത്തിനോ ഒരു വിധ നിയന്ത്രണവും അന്നുണ്ടായിരുന്നില്ല.

നമ്മുടെ വനവിസ്തൃതിയുടെ ചരിത്രം എഴുതുമ്പോൾ ആദ്യം എഴുതേണ്ട കാര്യമാണത്. എങ്ങനെയാണത് നിർദാക്ഷിണ്യം നശിപ്പിച്ചു തുടങ്ങിയതെന്ന് പറയാതെ പോകരുത്. കാരണം, മനുഷ്യപുരോഗതിയുമായി ചേർത്തുവെക്കുമ്പോൾ സാധൂകരിക്കപ്പെടുമെങ്കിലും, നമ്മുടെ വനചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ കാര്യമാണത്. (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സും, വളപട്ടണം പുഴയും, ആറളം വനവുമായുള്ള പൊക്കിൾക്കൊടി ബന്ധത്തെപ്പറ്റി താല്പര്യമുള്ളവർക്ക് അന്വേഷിച്ച് കണ്ടെത്താവുന്നതാണ്.) ശേഷം, കയ്യും കണക്കുമില്ലാതെ ഇങ്ങനെ വെട്ടിവെളുപ്പിച്ചാൽ ലഭ്യത കുറഞ്ഞില്ലാതാകും എന്ന അനുഭവമാണ് സാമാന്യ ബോധമാണ് തേക്കിൻ തോട്ടം എന്ന ആശയത്തിലേക്ക് വിദേശിയെ കൊണ്ടെത്തിച്ചത്. ബ്രിട്ടീഷ് കാലത്തെ അന്നത്തെ മലബാർ കളക്ടർ ആയിരുന്ന എച്ച് വി കനോലിയാണ് – (1806-1855) – 1842 ലെ മഴക്കാലത്ത് മറ്റ് കാടുകളിൽ നിന്നും തേക്കിൻ തൈകൾ പറിച്ചു കൊണ്ട് വന്ന് നട്ട് ആദ്യ ശ്രമം നടത്തിയത്. എന്നാൽ, അത് പരാജയപ്പെട്ടു. ശേഷം 1844 ലാണ് തേക്കരി മുളപ്പിച്ചുകൊണ്ടുള്ള തൈ നടൽ നിലമ്പൂരിൽ നടക്കുന്നത്.

ആദ്യം മറ്റ് മരങ്ങൾക്കിടയിൽ നട്ടെങ്കിലും, ഉദ്ദേശിച്ച ഫലം കാണാഞ്ഞതിനാൽ പിന്നീട്, സ്വാഭാവിക വനമേഖലയിലെ മറ്റ് മരങ്ങളെല്ലാം മുറിച്ച് കൂട്ടി കത്തിച്ച്, ഉണ്ടായിരുന്ന വന്യതയെ അപ്പാടെ കരിച്ചുകളഞ്ഞ സ്ഥലങ്ങളിലാണ് നമ്മളിന്ന് കാണുന്ന തേക്ക് മരങ്ങൾ നട്ടിട്ടുള്ളത്. 15-20-30-40 എന്നിങ്ങനെ വ്യത്യസ്ത വർഷങ്ങളിൽ ഇടവെട്ട് ( Thinning / Partial removal of trees) നടത്തിയ ശേഷം 60 വർഷം പൂർത്തിയാകുമ്പോളാണ് ഒരു തേക്കിൻ മരം മുറിച്ചെടുത്ത് ഫോറസ്റ്റ് ഡിപ്പോകളിൽ എത്തിക്കുന്നത്. ശേഷം ഇത് ലേലത്തിലൂടെ പൊതുജനങ്ങൾക്കും, വ്യവസായങ്ങൾക്കും ലഭ്യമാക്കുന്നു. ഇത് മനസിലാക്കാൻ ഫിൻലാൻഡ് വരെ പോകാതെ കേരളാ വനംവകുപ്പിന്റെ ഡിപ്പോകളിൽ ചെല്ലുക. ഇത് സർക്കാരിന് എത്ര ഭീമമായ വരുമാനമാണ് വർഷാവർഷം നൽകുന്നതെന്ന് നേരിട്ട് കണ്ടറിയാം.

ഇങ്ങനെ മുറിച്ചു മാറ്റുന്ന ഇടങ്ങളിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ വീണ്ടും വെട്ടി വെളുപ്പിച്ച് വാരിക്കൂട്ടി കത്തിച്ചയിടത്ത് വീണ്ടും തേക്കിൻ തൈകൾ നടും. വനത്തിന്റെ സ്വഭാവം അനുസരിച്ച് ചിലയിടങ്ങളിൽ നാച്ചുറൽ ഫോറസ്റ്റാക്കി മാറ്റാൻ ഇതര വനവൃക്ഷങ്ങളും നടുന്നു.( കാസർഗോഡ് ഉദാഹരണം ) 1876 ൽ വെറും 1240 ഹെക്ടർ ഉണ്ടായിരുന്ന തേക്കിൻതോട്ടങ്ങൾ 2022 ആകുമ്പോഴേക്കും 76530.328 ഹെക്ടർ ആയി മാറി. ഏതാണ്ട് സമാനമായ കാലയളവിൽ തന്നെയാണ് വയനാട്ടിൽ കാപ്പി കൃഷിയും ആരംഭിച്ചിട്ടുള്ളത്. പിന്നീടങ്ങോട്ട് വിസ്തൃതമായ ഹരിതവനം വെട്ടി ചായ കുടിച്ചതിന്റെ ഭീമമായ കണക്കുകൾ കൂടി പറഞ്ഞാൽ കഥ ഏറെ നീളും. (ആ പ്രയോഗത്തിൽ ഹോൾഡ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് രാംദാസ്സിന്റെ ‘മണ്ണ് ‘ ഡോക്യുമെന്ററി സജസ്റ്റ് ചെയ്യുന്നു)


അടുത്തതായി,
1815-20 കാലം മുതൽക്കേ നമ്മുടെ മേഖലകളിൽ ആയിരക്കണക്കിന് കാവുകൾ ഉണ്ടായിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. (അന്ന് മുതൽ ഉണ്ടായി എന്നല്ല ) അതിനാൽ തന്നെ, കാവുകളാണ് നമ്മുടെ ആദ്യ വനസംരക്ഷണ മാതൃകയെന്ന് നിസ്സംശയം പറയാനാകും. ലോകത്ത് ഏജൻസികൾക്ക് വിത്തിടും മുന്നേ കൺസർവേഷൻ മെഷേഴ്സ് സ്വന്തം മണ്ണിൽ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. (ആ കാവുകൾക്ക് പിന്നീട് എന്തുസംഭവിച്ചു എന്നത് മറ്റൊരു വിഷയം ) 1865 കാലത്താണ് ഇന്ന് കാണുന്ന വനസംരക്ഷണത്തിന് ആധാരമായ നിയമനിർമ്മാണ നടപടികളുടെ തുടക്കമായി രാജ്യത്തെ ഫോറസ്റ്റ് ആക്ടിന്റെ ആദ്യരൂപം നിലവിൽ വരുന്നത്. ഇനി, കോടാനുകോടി വർഷങ്ങളുടെ സുദീർഘ ചരിത്രമുള്ള ഭൂമിയിൽ, ചോദ്യത്തിൽ പറഞ്ഞതുപോലെ അവസാന 50 വർഷത്തിൽ എന്തുകൊണ്ടാണ് കൺസർവേഷൻ മെഷേഴ്സ് ആവശ്യമായി തോന്നുന്നതെന്നത്, ഒന്ന് തിരിച്ച് ചിന്തിച്ചുനോക്കിയേ! അതിലില്ലേ എല്ലാ ഉത്തരവും!


( വാദം 3 )
// കഴിഞ്ഞ 30 വർഷത്തെ കാലയളവിൽ , അതായത് 1990കൾക്ക് ശേഷം പുതിയ പ്ലാന്റേഷൻസ് നമ്മൾ ആരംഭിക്കുന്നില്ല. 2010-2020 കാലത്തെ നാമമാത്ര വർധനവ് എന്നത് കേവലം 50sqkm ആണ്. 1990 മുതൽ 2010 വരെയും വളർച്ച കീഴ്പ്പോട്ടായിരുന്നുവെന്നും കാണാം. അപ്പോ 1990കൾക്ക് ശേഷമെങ്കിലും പുതുതായി ഫോറസ്റ്റ് പ്ലാന്റേഷനുകൾ ആരംഭിച്ചു സർക്കാർ നാച്ചുറൽ ഫോറസ്റ്റുകൾ തകർക്കുന്നു എന്നു പറയാൻ കഴിയുകയില്ല. //


( മറുപടി 3 )
തന്റെ കയ്യിലുള്ള ഉത്തരത്തിന് പാകമുള്ള ചോദ്യം ഉണ്ടാക്കുക എന്നതും, ശേഷം അതിന്മേൽ വാദം കൊണ്ടുവരിക എന്നതും, തർക്കനിർമ്മിതിയുടെ നൈതികതയില്ലാത്ത രീതിയാണ്. മുകളിലെ ടെക്സ്റ്റ് അതിനെയാണ് രസകരമായി ഓർമ്മിപ്പിക്കുന്നത്. അതാവട്ടെ, ഒരർത്ഥത്തിലും ശാസ്ത്രത്തിന്റെ രീതിയുമല്ല. നിലനിൽക്കുന്ന വസ്തുതകൾ കൊണ്ടുള്ള നേരായ വ്യവഹാരമാണ് ശാസ്ത്രത്തിന്റെ ആത്യന്തിക ഭാഷ, പകരം, ഇവിടെ ഡാറ്റ കൊണ്ടുള്ള അനാവശ്യ വിവാദശ്രമങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. “പുതിയ പ്ലാന്റേഷൻ നമ്മൾ ആരംഭിക്കുന്നില്ല” എന്നത് ഏതൊരു സർക്കാരിന്റെയും മഹിമയോ, ഔദാര്യമോ അല്ല എന്ന് ആദ്യം തിരിച്ചറിയുന്നത് നല്ലതാണ്. കാരണം, സോഷ്യൽ മീഡിയയിൽ ഇവ്വിധം ബ്ലൈൻഡ് സ്റ്റേറ്റ്മെന്റുകൾ പടച്ചു വിടുന്ന പോലുള്ള എളുപ്പ കാര്യമല്ലയത്. വീണ്ടും പുതിയ ഹരിതവനം മുഴുക്കെ കൊത്തിച്ചുട്ട് തേക്കിൻ തൈ നടാൻ പറ്റാത്തത് ഇവിടത്തെ വനസംരക്ഷണ നിയമങ്ങളുടെ നിയന്ത്രണം കൊണ്ടാണ്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഇനി, 2010-2020 ൽ വളർച്ച മേൽപ്പോട്ട് ആണെന്ന് പറയുന്നെങ്കിൽ, അതിന് മുൻപേ വളർച്ച കീഴ്പ്പോട്ട് ആണെന്ന് പറയുന്നതിന്റെ അർത്ഥം എന്താണ്? എളുപ്പം പറഞ്ഞുപോകുന്ന ആ നേരിയ വർദ്ധനവിലെ കേവലം, 50 sq km എന്നാൽ 12,355 ഏക്കർ ആണ്.

അത് കേവലം ആണോ അല്ലയോ എന്ന് വായനക്കാർക്ക് തീരുമാനിക്കാം. പിന്നെ, “1990 ന് ശേഷം പ്ലാന്റേഷൻ ആരംഭിച്ച് ‘സർക്കാർ’ നാച്ചുറൽ ഫോറസ്റ്റ് നശിപ്പിക്കുന്നു എന്ന് പറയാൻ കഴിയുകയില്ല ” എന്ന പ്രയോഗം വാദത്തിന് വേണ്ടി സ്വയം ഉണ്ടാക്കുന്ന ‘പുക’ ആണെന്ന് ആളുകൾക്ക് ഇപ്പോൾ മനസിലായി തുടങ്ങിയിരിക്കും. ( പിന്നെ, വീണ്ടും വീണ്ടും വായിക്കേണ്ട വരികളാണത്, ഈ പോസ്റ്റ് എഴുതിയ ആളോട് മുകളിലെ ആ വരികൾ വായിച്ചാൽ മത്തായിച്ചാ മുണ്ട്.. മുണ്ട്.. എന്ന് ചില ആരാധകർ സൂചന നൽകുന്നത് നന്നാവും. )


( വാദം 4 )
// ആകെ പറയാൻ കഴിയുന്നത് ഈപ്പറഞ്ഞ പരമാവധി 1500sqkm വനഭൂമിയിൽ പ്ലാന്റേഷൻസിന്റെ ഭാഗമായിട്ടു ജൈവവൈവിദ്ധ്യമില്ലാതായി എന്നതാണ്. കേരളത്തിലെ കാടുകളിലുള്ള ഒരു വന്യജീവി വർഗ്ഗത്തിനും അങ്ങനെ തോന്നിയിട്ടില്ല എന്നതാണ് വൈൽഡ് ലൈഫ് എന്യുമറേഷൻ കണക്കുകൾ നമ്മളോട് പറയുന്നത്. //


( മറുപടി 4 )
Wild Life Enumeration എന്നാൽ കേരളത്തിലെ കാടുകളിലുള്ള വന്യജീവികളുടെ മനസ്സറിയുവാനുള്ള എന്തോ കണക്കെടുപ്പായിരിക്കുമെങ്കിൽ, ഈ വന്യജീവികളുടെ ‘തോന്നലി’നെ മനുഷ്യന് മെഷർ ചെയ്യാനുള്ള ക്രൈറ്റീരിയ എന്തൊക്കെയാവും, ആനത്താരകളെ ഏത് തരം തോന്നലിന്റെ പുറത്താണ് നിങ്ങൾ അക്കമാക്കിവച്ചിട്ടുള്ളത്. “ആകെ പറയാനാവുന്നത് ഈ പറഞ്ഞ 1500 sq km റിൽ ജൈവവൈവിദ്ധ്യം ഇല്ലാതായി എന്നത് മാത്രമാണത്രേ!!”. ഈ പ്രയോഗത്തിലെ പരിഹാസത്തിൽ തന്നെ ഇതെഴുതിയ ആളിന്റെ പാരിസ്ഥിതിക ബോധം നന്നായി വിളങ്ങിനിൽപ്പുണ്ട്. എന്താണ് ജൈവവൈവിദ്ധ്യം എന്നതിലെ അജ്ഞതയാണ് ഈ പരിഹാസത്തിന് പിറകിൽ. കാരണം, അവരെ നയിക്കുന്നത് ഏകപക്ഷീയത മാത്രമാണ്. പാരിസ്ഥിതിക സമഗ്രത എന്താണെന്ന സാമാന്യ ബോധ്യമുള്ള ആളുകൾക്ക് മാത്രമേ, ഇന്ന് ലോകം ആവശ്യപ്പെടുന്ന കൺസർവേഷൻ അർജൻസി എന്താണെന്നും, അത് ഒറ്റയായി നിൽക്കുന്ന ഒന്നല്ലായെന്നും, ശാഖോപശാഖയായി പരസ്പരം ബന്ധിക്കപ്പെട്ട ഒരു വിസ്തൃത ഭൂഘടനയുടെ വൈവിധ്യം ആണെന്നും തിരിച്ചറിയുവാനാകൂ.

സംസാരിക്കേണ്ടത് ആ സമഗ്രതയുടെ ഏകോപനത്തിനും നടത്തിപ്പിനും വേണ്ടിയാവണം. സംസാരിക്കേണ്ടത് അടിത്തറയുടെ ഉറപ്പിന് വേണ്ടിയാവണം. നിങ്ങൾ സംസാരിക്കുന്നത് മേൽക്കൂരയുടെ സൗന്ദര്യത്തെക്കുറിച്ചും, ചുവരിന്റെ നിറത്തെക്കുറിച്ചുമാണ്. എങ്കിൽ, ഏറ്റവും സൗന്ദര്യമുള്ള മേൽക്കൂരയായിരുന്നു, ചുവരുകളായിരുന്നു ജോഷീമഡിലേത്, ഏറ്റവും ദുർബലമായ അടിത്തറയും. ആ അടിത്തറയെക്കുറിച്ച് സംസാരിച്ചവരെ നിങ്ങൾ പതിറ്റാണ്ടുകളോളം ഒളിപ്പിച്ചു നിറുത്തി, അതിന്റെ ഫലം ആയിരക്കണക്കായ സാധാരണ മനുഷ്യർ ദയനീയമായി ഇന്നനുഭവിക്കുമ്പോൾ ആ നിങ്ങൾ എവിടെയാണുള്ളത്?


Note : മുകളിൽ ലേഖകൻ നൽകിയിട്ടുള്ള മറുപടികളിൽ റോക്കറ്റ് സയൻസൊന്നുമല്ല. ഏതൊരു പൗരനും ഏതാനും മണിക്കൂർ വായനശാലയിലോ, ആധികാരികമായ ഡിജിറ്റൽ സോഴ്സുകളിലോ ചിലവിട്ടാൽ ശേഖരിക്കാൻ പറ്റുന്ന സത്യസന്ധമായ, സാമാന്യവിവരങ്ങൾ മാത്രമാണ്. പരിസ്ഥിതി വിരുദ്ധ പ്രചാരകരിൽ ആരെങ്കിലും അക്കങ്ങൾ നിരത്തി എഴുതിയത് കണ്ടാൽ ഉടൻ അന്ധമായി വിശ്വസിച്ച് കബളിപ്പിക്കപ്പെടാതെ വസ്തുതകൾ പഠിക്കാൻ – മനസിലാക്കാൻ ദയവായി ശ്രമിക്കുക.

By ivayana