എൻ.കെ.അജിത്ത് ആനാരി✍

ഭൂമിയുടെ വില 20% കൂട്ടി…..
ബഫർ സോണിൽ നിന്നും കുടിയിറക്കപ്പെടുന്ന കുടിയേറ്റക്കാരായ ഹതഭാഗ്യർ,
തീരദേശത്തു നിന്നും ഒഴിവാക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾ,
കുട്ടനാട്ടിലെ വസ്തുക്കൾ വീതംവച്ചു വരുമ്പോൾ മുന്നാധാരത്തിൽ നിലമായതിനാൽ പുരയിടമായിട്ടും വച്ച വീടുകൾക്ക് പുരനമ്പർ ലഭിക്കാതെ അലയുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാരായ 10 സെൻ്റിലെ പാവപ്പെട്ട ജന്മങ്ങൾ,
വനഭൂമിയായതിനാൽ വീടുവയ്ക്കാൻ കഴിയാതെ സ്വന്തം മണ്ണിൽ അഭയാർത്ഥിയാകുന്ന ആദിവാസി സഹോദരങ്ങൾ, ഇവർക്കെല്ലാം വമ്പിച്ച തിരിച്ചടിയാണ് 20% ഭൂമിയുടെ തറവില കൂട്ടിയ നടപടി.


സർക്കാരിന് റവന്യൂ വരുമാനം വർദ്ധിപ്പിക്കാനുള്ള ഈ നീക്കത്തിൽ സമൂഹത്തിൽ താഴെത്തട്ടിലുള്ള ജനം ഭൂരഹിതരും, തുടർന്ന് പൗരത്ത നിയമം വരുമ്പോൾ ക്യാമ്പുകളിലേക്ക് അടിച്ചു തെളിക്കപ്പെടുന്ന നിരാധാരരുമാകും. അങ്ങനെ ഒരു വിഭാഗത്തിൻ്റെ തായ് വേര് അറക്കാനുള്ള നടപടിയാണ് 20% തറവില കൂട്ടിയ നടപടി.
ലൈഫ് പദ്ധതി പ്രകാരം 4 ലക്ഷം ലഭിക്കുന്ന ഒരു പാവപ്പെട്ടവൻ എങ്ങനെയാണ് അന്യായ വിലയ്ക്ക് വസ്തുവാങ്ങി ഒരു വീട് വയ്ക്കുക?


ഇടതു സർക്കാർ K – റെയിലിനായി കല്ലിട്ട ഭാഗത്തെ ഭൂമി നഷ്ടപ്പെടുന്ന ജനങ്ങൾ ഇനിയെന്തു ചെയ്യും? അവർക്ക് പഴയ നിരക്കിൽ ഭൂമി കൊടുക്കുമോ സർക്കാർ? അവർക്കു വേണ്ടി എത്ര തുക വകയിരുത്തി സർക്കാർ?
ഇത് പാവങ്ങളുടെ സർക്കാരാണോ? അതോ പാവപ്പെട്ടവരെ നിർമ്മാർജ്ജനം ചെയ്യുന്ന സർക്കാരോ?


വിദ്യാഭ്യാസ മേഖലയ്ക്ക് 3400 കോടി വകയിരുത്തിയ സർക്കാർ, എയ്ഡഡ് മേഖലയിൽ കൊടുക്കുന്ന പൈസായ്ക്ക് പകരം, അവർ കാശു വാങ്ങി നടത്തുന്ന നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് പാവപ്പെട്ടവരിൽ നിന്നു പഠിച്ചു പാസായവർക്ക് നിയമനങ്ങൾ ഉറപ്പു വരുത്തുമോ?
യുവജന കമ്മീഷൻ എന്ന പദവി നിർത്തലാക്കണം. തൊഴിലില്ലായ്മ വേതനവും നിർത്തണം.


തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെറുകിട ഫാക്ടറികൾ പഞ്ചായത്തുകളിൽ ആരംഭിച്ച് വിവിധ ഉല്പന്ന നിർമ്മാണ പ്രവർത്തന മേഖലയിൽ തൊഴിൽ നല്കണം.
തമ്പുരാക്കളുടെ പുരയിടം കിളയ്ക്കാൻ മുടക്കുന്ന തൊഴിലുറപ്പ് കൂലി, പാവപ്പെട്ടവൻ ലൈഫ് പദ്ധതി പ്രകാരം നടത്തുന്ന ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൈക്കാടിന് ആളെ സപ്ലൈ ചെയ്താൽ ആ വീടുകൾ 4 ലക്ഷത്തിന് നിർമ്മിക്കാനാകും. പാവപ്പെട്ടവർക്ക് സഹായവും ആകും. തൊഴിലും ലഭിക്കും.
ജിയോളജി മേഖലയിലെ അധികഭാരം, നാട്ടിൽ കല്ല്, മണൽ, സിമൻ്റ് വില അമിതമായി വർദ്ധിക്കാൻ ഇടയാക്കും.


മദ്യത്തിന് വില കൂട്ടി വീണ്ടും പാവങ്ങളുടെ അടുപ്പിൽ വെള്ളം കോരിയൊഴിക്കുന്നത് ആർക്കുവേണ്ടിയാണ്?
കർഷകത്തൊഴിലാളി പെൻഷനുകൾ വാങ്ങുന്ന അനർഹരെ കണ്ടെത്തി അവരെ അതിൽ നിന്നും ഒഴിവാക്കണം.
മക്കൾ മാതാപിതാക്കളെ നോക്കണം. അല്ലാത്ത മക്കൾക്ക് മാതാപിതാക്കളിൽ നിന്നും പരാതി ലഭിച്ചാൽ നിർബന്ധിത സെസ്സ് വരുമാനമനുസരിച്ച് പിരിച്ച് ക്ഷേമം ഉറപ്പാക്കണം. തീരെ ഗതിയില്ലാത്തവർക്കു മാത്രമാകട്ടെ വാർദ്ധക്യ പെൻഷൻ.
ശാന്തമായ ബുദ്ധിയോടെ പാർട്ടിക്കാർ ഇത് വായിക്കുക. ഭവന സന്ദർശനത്തിനു വരുന്ന നേതാക്കളോട് ചോദിക്കുക ഈ വക കാര്യങ്ങൾ. അങ്ങനെ ബന്ധപ്പെട്ടവരിലേക്ക് ഈ ചോദ്യങ്ങളും,നിർദ്ദേശങ്ങളും എത്തട്ടെ.


ഒരു വിഭാഗം ജനങ്ങളെ നിരാധാരർ ആക്കുന്ന 20 % ആടിസ്ഥാന വില നിശ്ചയ നയത്തിൽ നിന്നും സർക്കാർ പിൻവലിയണം. ഭരണകൂട ധൂർത്ത് കമ്മ്യൂണിസ്റ്റുകൾ ഒഴിവാക്കണം.

എൻ.കെ.അജിത്ത് ആനാരി

By ivayana