രചന : അശോകൻ പുത്തൂർ ✍

സ്നേഹത്തിനു പകരം
അഗ്നി തന്നവനോട്
പൊറുക്കുക…………….

ഒരു വാക്കിന്നിതളിലോ
കവിതയുടെ കടച്ചിലിലോ
അവനെ മറന്നു വയ്ക്കുക

മഴ മുറിച്ചുകടക്കുന്ന വെയിൽ
രാത്രിയോട് പറയാനിരുന്നത്
മിന്നലിലോ മഴവില്ലിലോ
വരച്ചു വയ്ക്കുംപോലെ
അവനോട് പറയാനുള്ളത്
തേങ്ങലിന്റെ ലിപികളിൽ
നിന്റെ പ്രാണനിൽ എഴുതി വയ്ക്കുക

രാത്രിയുടെ നാരായം
മാഞ്ഞലിയുമീ നിലാമഞ്ഞിൽ
മൗനമുദ്രിതമാം നിമിഷമേ
അവളുടെ
ഉൾച്ചൂടിൻ കടുംതുടിയും
വ്യഥകളുടെ കൂടും കടംതരിക
വരും ജന്മം
മുറിവുകളുടെ
വിശുദ്ദ വാൽമീകത്തിൽ
പെണ്ണായ് പ്രണയമറിഞ്ഞീടും വരെ……..

അശോകൻ പുത്തൂർ

By ivayana