രചന : ജസ് പ്രശാന്ത്✍

ജീവിതത്തിൽ ചിലപ്പോഴൊക്കെ
ഞാനൊരു ചിത്രശലഭമാകാൻ
ശ്രമം നടത്താറുണ്ട്,
അതിനായി ഞാനൊരു
പുറം തോട് പണിത്
വായുവും,വെളിച്ചവുമില്ലാതങ്ങനെ
ഒരു മുട്ടയ്ക്കുള്ളിൽ
ഋതുഭേദങ്ങളറിയാതെ
ദിവസങ്ങൾ കഴിയാറുണ്ട്….
ചില ദിവസങ്ങളിൽ
ഞാനൊരു പുഴുവാകും,
അപ്പോൾ ഞാനെന്നിൽ
തന്നെയിഴഞ്ഞെന്റെ
സങ്കടങ്ങൾ കാർന്നു തിന്നും,
ചില ദിവസങ്ങളിൽ
ഞാനൊരു പ്യൂപ്പയാകും..
അപ്പോൾ ഞാനെന്റെ പുതപ്പിനുള്ളിൽ
സ്വപ്നങ്ങളും, സങ്കടങ്ങളും ചേർത്തുപിടിച്ചു,
ചുരുണ്ടു കൂടി കിടക്കും…
ചില ദിവസങ്ങളിൽ
ഞനൊരു ചിത്രശലഭമാകും
അപ്പോൾ ഞാനെന്റെ സ്വപ്നങ്ങളും
കൊണ്ടു പറന്ന്
പലവർണ്ണങ്ങളിലുള്ള
പൂക്കളുടെ അടുത്തേയ്ക്ക് പോകും
അവിടെ ഞാനെന്റെ സ്വപ്നങ്ങൾക്ക്
നിറം പകരും….
പൂക്കളിൽ നിന്നും തേൻ നുകർന്നെന്റെ
ഹൃദയം നിറയ്ക്കും….

By ivayana