രചന : മനോജ്‌.കെ.സി.✍

പുറംലോകമേ…
ഒരോ അകംലോകവും ഉമിത്തീകണക്കേ നീറിപ്പുകഞ്ഞും ; പരക്കേ,
അഗ്നിപർവ്വത സമാനേ തിളച്ചും മറിഞ്ഞുമാ…
ദാമ്പത്യത്തിൻ അകായകളിൽ,
എരിഞ്ഞൊടുങ്ങാനാകാതെ…
നോവിൻ നീറ്റലടക്കി പുകഞ്ഞേകയാകും,
ഓരോ പെൺഹൃദന്തങ്ങളിൽ…
സൂര്യതാപത്താൽ പാതിവെന്തുരുകിടും ശാഖിതൻ നെറുകയിൽ…
വറുതിയിൽ വെറിവീണ നീർത്തടസ്മൃതി പേറും
പൊന്നാര്യൻ പാടങ്ങളിൽ…
നനവു തേടിപ്പായും വേരിൻ പഥങ്ങളിൽ…
നുണക്കിലുക്കത്തിന്നഗാധ ഗർത്തങ്ങളിൽ
കുരുങ്ങിപ്പതറാത്ത മേധാമുനമ്പുകളിൽ…
സ്തുതിപാഠകങ്ങൾക്കു പിന്നിൽ ഒളിഞ്ഞതാം വഞ്ചനകൾ ഏറ്റുവാങ്ങീടുന്ന
നിരാശകൾ കുറുകും മനച്ചിമിഴിനുള്ളിൽ…
നിഗൂഢമാം ഇടവഴികൾ താണ്ടിയിരച്ചെത്തും വ്യാജഇരവാദബഹളങ്ങൾ
മേധയിൽ തീർക്കും തഴമ്പിൻ തലങ്ങളിൽ…
ഓരോ വാഗ്ദാനഭാഷണവും നീർച്ചിമിഴുകളായിയുടയുന്ന നാൾവഴികൾ
മടുത്തോരു പുരുഷാരമദ്ധ്യേ…
പ്രിയമേറും പ്രതീക്ഷകൾ,
പൊലിയുന്ന ഉയിരിന്റെ താളിൽ…
രാഷ്ട്രീയമെന്ന പദസാരാംശ മഹിമയെ
നിഗൂഢമാം ദുരകൾതൻ തമോഭൂവിലെവിടെയോ
മറവു ചെയ്തീടുന്ന ശപ്തമുഹൂർത്തങ്ങളിൽ…
ഇന്നും ഒരു നൂറുവട്ടം നരിയെന്ന് ചൊല്ലി അസ്പൃശ്യകുശാഗ്ര നുണക്കൂട്ട്
മോന്താത്ത കണ്ഠങ്ങളിൽ…
കടൽക്കഴുകറേറിയ അധികാരക്കോവിലിൻ മഹിതമാം ഏടിലും…
മൂകമായി തേങ്ങുമാ സത്യത്തിന്നെലുകയിൽ …
രക്ത – സൗഹൃദ ബന്ധങ്ങൾ വിത്തത്തിൻ വിത്തുകളിൽ മാത്രം
സജീവത തേടവേ
മൂല്യമിഴികൾ ഇരുൾ മൂടുന്ന വേളകളിൽ…
കാലാന്തരേ മുളപൊട്ടി ചീയുന്ന ഇണമനസ്സുകളുടെ
ദൂരമളന്നിടും മാപിനിത്തുമ്പിൽ…
വിരഹനൊമ്പരമുറിപ്പാടേറ്റ കരളിൻ നഭസ്സിൽ…

By ivayana