രചന : സുരേഷ് പൊൻകുന്നം✍

ഒരു കാറ്റടർന്ന് താഴേക്ക് വീഴുന്നു
ഒരോരോ ശിഖരങ്ങൾ ഒടിഞ്ഞുതൂങ്ങി
ആത്മഹത്യ ചെയ്യുന്നത്
മരമറിയുന്നെങ്കിലും
നിർവികാരയാണവൾ
ഒരു കിളിക്കൂട് അലങ്കോലമായി
കാറ്റിൽ പറന്നു നടക്കുന്നു
രണ്ട് കിളിമുട്ടകൾ നിലത്ത് വീണ്
പൊട്ടിച്ചിതറി മരിച്ചു പോകുന്നു
കൂടുകൾ തകർന്ന നീറുകൾ
വീടിനായ് പരക്കം പായുന്നു
വേടൻ രുചിച്ച് തിന്നുന്ന
തള്ളക്കിളിയുടെ തൂവലുകൾ
കരയുന്നത് നോക്കി
തന്തക്കിളി പറക്കുന്നു
ഒഴിഞ്ഞുപോയ തണല് തേടി
യുവമിഥുനങ്ങൾ നടന്നകലുന്നു
ജരാനര ബാധിച്ച പ്രേമം
വളകിലുക്കം നിലച്ച് കടൽക്കരയിൽ
മരിച്ച് കിടക്കുന്നു
വരൾച്ചയിൽ മരച്ചു പോയ മരങ്ങൾ
നിഴല് പോലെ നിൽക്കുന്നു
ഉറവയിലൊടുങ്ങിപ്പോയ പുഴ
നരച്ചുണങ്ങിയ നഗ്നവേശ്യപോൽ
നീണ്ട് നിവർന്നു കിടക്കുന്നു
കടലിപ്പോൾ കാറ്റ് കയറ്റുമതി
ചെയ്യുന്നില്ല
തെരുവ് ശൂന്യമാകുന്നു
വലിച്ചുകൂട്ടിയിട്ടിരിക്കും
ശവശരീരങ്ങൾക്കിടയിൽ ഒരു
കുഞ്ഞിൻ കരച്ചിൽ കേൾക്കുന്നുണ്ടോ?
അഥവാ ഉണ്ടെങ്കിൽ തന്നെ
കേൾക്കുവാനാരുണ്ട്?
കവികളൊക്കെ പണ്ടേ
മരിച്ചു പോയല്ലോ.

സുരേഷ് പൊൻകുന്നം

By ivayana