രചന : അശോകൻ പുത്തൂർ ✍

തട്ടിപ്പൊളിക്കുന്ന
ഈ കൊട്ടകയിലാണ്
ഞങ്ങടെ പ്രണയവും പ്രതികാരവും
കന്നി കായ്ച്ചത്
ഈ തിരശീലയിലാണ്
കറുത്തമ്മയും പരീക്കുട്ടിയും
പ്രണയത്തിന്റെ കടൽ
ഹൃദയത്തിൽ കോരിയെടുത്ത്
ചത്ത് കമിഴ്ന്നത്
അങ്കക്കലിയിളകി
സത്യനും പ്രേംനസീറും
അങ്കംകുറിച്ച കോട്ട എവിടെയാണ്
ഈ ചായ്‌പ്പിറക്കിലാണ്
ശാരദ
ഉണ്ണികളെ പാടിയുറക്കിയത്
ഏതു പൂന്തോട്ടത്തിലാണ്
വിജയശ്രീയും ഷീലയും
നിറമാറിൽ
പ്രണയശരമേറ്റ് പിടഞ്ഞത്
ഏത് പുൽക്കൊടിയും
മരച്ചില്ലയുമാണ്
നിതംബച്ചൂടിൽ കരിഞ്ഞ്
പുറം വടിവിൽ ഞെരിഞ്ഞത്
പുളിയിലക്കരചുറ്റി ശ്രീവിദ്യ
തൊഴുതു വലംവെച്ച കാവുകൾ
ഒന്നരയുടുത്തു ജയഭാരതി
മഴനനഞ്ഞു കേറിയ കാവൽമാടം
വിധുബാലയുടെ ദാവണിക്കാലങ്ങൾ
ഏത് ആമ്പൽക്കടവിലാണ്
പ്രമീളയും കനകദുർഗ്ഗയും ഉണ്ണിമേരിയും
തിരുവാതിര കുളിച്ചു കുമ്മിയടിച്ച്
ഞങ്ങളെ ഭ്രമിപ്പിച്ചത്
ഏത് താഴ് വരയിലേക്കാണ്
ജയനും സീമയും
കണ്ണോട് കൺകോർത്ത്
സ്ലോമോഷനിൽ
പുണർന്നു മറഞ്ഞത്
ഭരതകല്പനകൾ
തിടമ്പെഴുന്നള്ളിച്ച
കാഴ്ചയുടെ രാജാങ്കണങ്ങൾ
രതിയുടെ നാല്പാമരക്കാട്ടിൽ
തളിർമുന്തിരി ഇലകളിൽ
പ്രണയകാമനകളെഴുതിയ
പത്മരാജ ഇന്നലെകൾ
വാക്കുകളുടെ
അണിയത്തും അമരത്തും ഇരുന്ന്
കഥകളുടെ കടലിലേക്ക് തുഴഞ്ഞുപോയ
അനുഭവങ്ങളുടെ പെരുംകൊല്ലൻ
ലോഹിതദാസ്
കുഞ്ഞോനാച്ചനും
അയ്യപ്പനും കള്ളൻപവിത്രനും
ഉപ്പൻഗോപാലനും
ചിരിയുടെ തമ്പുരാക്കൻമാരുമങ്ങനെ…….
പെരുന്തച്ചൻമാരെല്ലാം
അരങ്ങൊഴിഞ്ഞ നിഴൽനാടകത്തിലെ
അവസാന റീലാണ്
നമ്മൾ അഭിനയിച്ചു തീർക്കുന്നത്

അശോകൻ പുത്തൂർ

By ivayana