രചന : സഫൂ വയനാട്✍

ശൂന്യമായൊരീ ഹൃദയതന്ത്രികളിലേക്ക്
മദീനയിൽ നിന്നുമൊരു
പ്രണയ രാഗം നിറഞ്ഞൊഴുകുന്നു…
പാപമേഘങ്ങൾ ഇരുണ്ടു കൂടീട്ടും
തിരു നൂറിൻ പ്രഭയാൽ ഉള്ളം
നിറയുന്നു.മാസ്മരികതയുടെ താളം
പൊഴിക്കുന്ന ബുർദതൻ മജിലിസുകളിൽ
കണ്ണിനേക്കാൾ നനയുന്നത്
ഖൽബകമെന്നാരോ കാതരമായ്
കാതിൽ മൊഴിയുന്നു.
മതിഭ്രമം ബാധിച്ചു വിണ്ടിടങ്ങളിൽ
നീർച്ചാലുകൾ പോൽ ഇനി മദ്ഹ് പെയ്തിരുന്നുവെങ്കിൽ…
മഹ് മൂദരോടുള്ള ഹുബ്ബിൻ
മധുരിമയിൽ മുങ്ങിയെൻ റൂഹ് വർണ്ണാഭമായിരുന്നുവെങ്കിൽ…
ഹൃദയത്തോട് സംവതിക്കൂ…
അധരമിനി പ്രപഞ്ച കാമുകനായ് സലാത്തുകളിൽ മുങ്ങിയ പ്രണയ
സാഗരം തീർക്കട്ടെ….
ആ ഓർമ്മ മഴയിൽ
ഖൽബകമിൽ ഹബീബ്
നിത്യവസന്തമായ് കുടിയേറുന്നു.
മാനസത്തിൽ അങ്ങോളമിങ്ങോളം
ഹബീബിൻ മധുര സ്മിതം
വർണ്ണപ്രഭ ചൊരിയുന്നു.
ഇനിയൊരു ദുർമേധസിലും
അറ്റുപോവാത്തവിധം
അങ്ങെൻആത്മാവിൽ നിലയുറപ്പിച്ചിരുന്നുവെങ്കിൽ…
അനുരാഗത്തിന്റെ തെളിനീര്
കൊണ്ടെൻഇരുൾ വഴികൾ കഴുകി കളഞ്ഞിരുന്നുവെങ്കിൽ…
റീഹുസ്വബയുടെ കുളിർ തെന്നലെൻ
തന്ത്രികളെ സദാ തൊട്ടുണർത്തിയെ
ങ്കിൽ….
അത്രമേൽ വെട്ടം പൊഴിച്ച
മാലാഖമാർക്ക് പോലും അന്നോളംകേൾക്കാൻ
കഴിയാത്തൊരു പ്രണയ
ഭാഷയുറഞൊഴുകി
മദീനയാകെയുംമദോൻമത്തയായതല്ലേ
തന്നോളം പെയ്യാനും റൂഹോളം
പ്രണയിക്കാനും പഠിച്ച ഖുവയ്ലിദിന്റെ
പുത്രിയുടെ കർണ്ണപുടങ്ങളിൽ തട്ടി പ്രപഞ്ചമാകെയും അനുരാഗമായ് അലയടിച്ചില്ലേ സമ്മിലൂനീ..സമ്മിലൂനീ..
എന്നൊരു പ്രണയസാഗരം..
ഹാ……ലോകമിന്നോളം കേട്ട പ്രണയഗീതികളിൽവച്ചു
അനശ്വര പ്രണയത്തിന്റെ കാണാക്കായങ്ങളിൽ
കൊണ്ടെത്തിക്കുന്ന ഏറ്റവുമേറ്റവുംമഹത്തരമായ
മനോഹരമായ പ്രണയത്തിന്റെ
ഒഴുക്കുള്ള ഭാഷ…
ഇലാഹീ സ്മരണകളിൽ
ഇരുളിനെ വരിച്ച യാമങ്ങളിൽ
ഇടക്ക് പ്രിയനേയോർത്താ മിഴികൾ
സജലങ്ങളായ നിമിഷങ്ങൾ …
ഈന്തപ്പഴം നാരുകളിൽ പോലും
നീർക്കണങ്ങളാൽ നിറഞ്ഞു
ഉപ്പു രുചി പടർന്നിരുന്നു….
അതല്ലേ പ്രണയം..
അതായിരുന്നില്ലേ സ്നേഹം
അന്ന് തിരുദൂതർ പുതച്ചത്
സ്നേഹമെങ്കിൽ
അത്രമേൽ ആർദ്രമായി
ആ തിരു ഉടലിനെ പുതപ്പിച്ചത്
പ്രണയമല്ലേ….
ഉള്ള് കനപ്പെട്ടു
ഓർമ്മത്തിരയിളകുമ്പോൾ
ഖദീജയോളം പ്രണയമൊളുപ്പിക്കുവാൻ
കഴിയാതെയെൻ ഖൽബു പിടയുന്നു..
പേറ്റു രക്തം പുരണ്ട കവിതകൾ വ്യാർത്ഥമാകുന്നു..
ഞാൻ നുറുങ്ങുകളാകുന്നു..
പൊള്ളുന്ന വെയിലിലും പുതപ്പ്
ചോദിച്ചവനെ പോൽ
ജബലുന്നൂറിനെ പുണരുന്ന
പുൽനാമ്പുകളെക്കാൾ പതിയെ
ഈ ഇരുളിൽ ഞാനും പറഞ്ഞു നോക്കുന്നു..
സമ്മിലൂനീ….സമ്മിലൂനീ….😌

By ivayana