രചന : സുരേഷ് കെറ്റി ✍

പ്രിയപ്പെട്ട മിത്രം കവി K T സുരേഷ് സാറിന്റെ ഭാര്യ ജാനമ്മ ടി ജി അന്തരിച്ചു. ആദരാഞ്ജലികൾ …..അദേഹത്തിന്റെ കവിത!

അവൾക്ക് വേണ്ടിയൊരു കവിത
ഞാനെഴുതിയിട്ടില്ല
അവൾ കനൽ ചുട്ടെടുത്ത്
കടിച്ച് തിന്നവൾ
അഴൽകൊണ്ട് പാ നെയ്ത്
അതിലുറങ്ങി
കരൾ നൊന്ത് പോയവൾ
കരൾ വെന്ത് പോകുമ്പോഴും
ചിരിച്ച് ജീവിച്ചോൾ
ഉടൽപ്പാതിയായെന്നെ
ഉടലോട് ചേർത്തുണ്മ
പകർന്നുമ്മ നൽകിയോൾ
പകൽ മുഴുവൻ ജീവിതപ്പരിഭ്രാന്തിപ്പെട്ടി ചുമന്നിടക്കിടെ
തളർന്ന് പോകുന്നവൾ
ഇടയിൽവെച്ച് ജീവിത നിലാവൊഴിഞ്ഞ്
പോയവൾ
അവളോടൊപ്പമോടിത്തളർന്ന നിഴൽ
മതി മതി പണി….നീ തളർന്ന്
പോയല്ലോയെന്ന് ചൊല്ലുമ്പോൾ
നെറ്റിത്തടത്തിലെ വിയർപ്പ് വടിച്ച്
നിഴലിലേക്കെറിഞ്ഞവൾ
അവൾ മനസ്സ് മടുത്ത് പോകുമ്പോഴും
മലർക്കെ മലറർക്കനെ കണ്ടപോൽ
ചിരിച്ചുലഞ്ഞവൾ
അവൾക്ക് വേണ്ടിയൊരു കവിത
ഞാനെഴുതിയിട്ടില്ല
ഇതായവൾ മരണവാതിലിൽ
തട്ടി വിളിക്കുന്നു
വാതിൽ തുറക്കല്ലേ മരണമേ
അവൾക്കുറങ്ങുവാൻ സമയമായില്ല
ഒന്ന് കരഞ്ഞിടട്ടെ ഞാൻ
അവൾക്ക് വേണ്ടിയൊരു കവിത
ഞാനെഴുതിയിട്ടില്ല
ഇനി സമയമില്ലാ രാത്രികൾ
രഥമതിനൊടുക്കത്തെ
യാത്രക്കൊരുങ്ങുന്നു
അവൾക്ക് വേണ്ടിയൊരു കവിത
ഞാനെഴുതിയിട്ടില്ലല്ലോ
കവിത വിത നിർത്തിയയീരാവിൽ
തനിച്ച് ഞാൻ
ഇനി കവിതയില്ല.

സുരേഷ് കെറ്റി

By ivayana