രചന : സന്തോഷ് കുമാർ ✍

ഇരുണ്ട വെട്ടമാണ് അറയിലെങ്ങും
നരച്ച കാഴ്ചകളാണ് ചുറ്റിലും
പരുക്കൻ ചുമരുകളിൽ വിലസും ഗൗളികൾ
തറയിലെ അപ്പത്തെ തേടി വന്നെത്തും
ദ്രോഹികളാം ഉറുമ്പുകൾ
മുന്നിൽ ലോഹ വാതിലിൻ തടസ്സം
അഴികളിൽ പിടിച്ചു വിധിയെ പഴിച്ചു
പരിധിക്കാഴ്ചകൾ മടുത്തുപോയി
പുറംലോക കാഴ്ചക്കായി മനം ഉഴറി
തിളക്കമില്ലാ കണ്ണുകളിൽ ജലമൊട്ടുമില്ലാതായി
മർത്യ സാമീപ്യത്തിനായി ഏറെ കൊതിച്ചു
കാവൽക്കാരനിൽ ആശ്വാസം കൊണ്ടു
ദ്വാരപാലകാ നീയെനിക്കന്യനല്ല
എന്റേതുമാത്രമാം വ്യഥയെ പകുത്തെടുത്തവനല്ലേ
ഉള്ളിലിപ്പോഴും ഒളിമങ്ങാ ഓർമ്മകൾ
മലരായും മുള്ളായും വന്നു പുൽകി
ചിന്തകൾ കൈവിട്ടൊരശ്വം കണക്കേ
ലക്ഷ്യമില്ലാതെങ്ങോ കുതിക്കുകയായി
എവിടെ കുഴങ്ങി എവിടെ പിഴച്ചു
എന്തെന്ത് ഹേതുവാൽ ഈ വിധമായി
പ്രതിവചനം ഒട്ടുമേ കേട്ടതില്ല
വാസരവും നിശയും മാറി വന്നു
ദിനങ്ങൾ അനേകം കൊഴിഞ്ഞുപോയി
ഋതുക്കൾ അറിയാതെ കടന്നുപോയി
ഒന്നുമേകിയില്ലൊരു സൗഖ്യവും മാറ്റവും
സ്വപ്‌നങ്ങൾ പോലും വഴിമാറി നടന്നു
ചിന്തകളിൽ ഭാരമേറിവന്നു
നൊമ്പരത്താൽ പിടയുന്ന വേളകളിലാരോ
ഒരു തരിവെട്ടം കരുതുമെന്നറിയാം
ഒരിക്കലൊരു കുളിർക്കാറ്റ് തേടി വരും
അകലങ്ങളിലേക്ക് കൊണ്ട് പോകും
സ്വാതന്ത്ര്യത്തിൻ മധു നുകരും
ഉള്ളു നിറയും കാഴ്ചകളിലൂടെ
നിറയും സ്നേഹ തലോടലുകളേൽക്കും
മരുഭൂമികൾ മലർക്കാടുകളാകും
പുഴകൾ ദിശമാറിയൊഴുകും
ഒന്നും ഒന്നിന്റെയും അവസാനമല്ലെന്നുള്ള
പരമസത്യം ഇന്ന് തിരിച്ചറിയുന്നു

By ivayana