സോമരാജൻ പണിക്കർ ✍

ആഗോള ദുരന്ത നിവാരണ വിദഗ്ധനും എന്റെ പ്രിയ സുഹൃത്തും ആയ ശ്രീ മുരളി തുമ്മാരുകുടി അടുത്തിടെ നടത്തിയ പ്രവചനങ്ങൾ എല്ലാം അദ്ദേഹത്തിനു ഒരു പ്രവചന വിദഗ്ധൻ എന്ന പരിവേഷം കൂടി നൽകിയോ എന്നൊരു സംശയം…
എന്നാലും അദ്ദേഹം കേരളത്തിൽ പത്തു ലക്ഷം വീടുകൾ പൂട്ടിക്കിടക്കുന്നുവെന്നും ഗ്രാമങ്ങൾ വിട്ട് ആളുകൾ നഗരങ്ങളിലേക്ക് മാറും എന്നും യുവാക്കൾ മുഴുവൻ നാടു വിടുമെന്നും ഒക്കെ പ്രവചിച്ചപ്പോൾ അരീക്കര വീട് താൽക്കാലികമായി പൂട്ടി നഗരത്തിലേക്ക് മാറിയ എന്നെക്കൂടി ഉദ്ദേശിച്ചാണെന്നു തോന്നിപ്പോയി .


അരീക്കര അതിമനോഹരമായ ഒരു ഗ്രാമം ആണെന്നും 90 ശതമാനം ഗ്രാമവാസികളും കൃഷിയിൽ താൽപ്പര്യം ഉള്ളവരാണെന്നും ശുദ്ധവായുവും ശുദ്ധജലവും നല്ല മനുഷ്യരും ഒക്കെയുള്ള ആ ഗ്രാമത്തിലേക്ക് മാറിത്താമസിക്കാനും കുറച്ചു കൃഷി സ്ഥലം വാങ്ങി കൃഷി പരീക്ഷിക്കണം എന്നും താമരപ്പൂക്കൾ വിടർന്നു നിൽക്കുന്ന പ്രഭാതങ്ങൾ അതിമനോഹരം ആണെന്നും ഒക്കെ പറഞ്ഞു നിരന്തരം ഫേസ് ബുക്കിൽ സുഹൃത്തുക്കളെ മനസ്സിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു …ധാരാളം പേർ അതെല്ലാം വായിച്ച് അരീക്കര കാണാൻ എത്തുകയും ചെയ്തു …എന്റെ അമേരിക്കൻ സഹപാഠികൾ ആകട്ടെ അരീക്കര കണ്ടിട്ട് ഉടനെ ഇവിടെ റിസോർട്ട് ആക്കണമെന്നും ഹോം സ്റ്റേ ആക്കണമെന്നും കൂടി തട്ടി വിട്ടിട്ടാണ് പോയത് …


ആ ഞാൻ തന്നെ ഇപ്പോൾ അരീക്കര വീട് തൽക്കാലത്തെക്ക് ആണെങ്കിൽ കൂടി പൂട്ടിയിട്ടിട്ട് വീടിനു ചുറ്റും ഉള്ള നമുക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ പറ്റുന്ന കുറച്ചു സ്ഥലം ഒഴികെ മറ്റുള്ള കൃഷി സ്ഥലങ്ങൾ ഒക്കെ ലീസിനു നൽകുകയോ ഭാവിയിൽ വിൽക്കുകയോ ഒക്കെ ചെയ്യണമെന്നു വിചാരിക്കുമ്പോൾ ആണ് ഈ പ്രവചനങ്ങൾ എല്ലാം ഉണ്ടായത് എന്നൊർക്കുമ്പോൾ ഒരു നടുക്കം.‌


മുരളി പറയുന്നത് സ്ഥലവില ഇനിയും കുറയും എന്നാണ്…അരീക്കരയിൽ സത്യത്തിൽ സ്ഥലവില ഒരിക്കലും കാര്യമായി കൂടിയിട്ടില്ല …വീടു വെക്കാനും സ്വന്തമായി കൃഷി ചെയ്യാനും അല്ലാതെ ആളുകൾ ഇപ്പോൾ വലിയ തോതിൽ വസ്തുക്കൾ വാങ്ങുന്നുമില്ല …കുടുംബത്തിൽ കുട്ടികൾ കുറവായതിനാലും ഉള്ള കുട്ടികൾ വിദേശത്തേക്ക് ചേക്കേറുന്നതിനാലും വീട് വെക്കലും കുറഞ്ഞിട്ടുണ്ട് ‌‌.


എന്നാൽ പ്രായം ചെന്നവർക്കും റിട്ടയർ ചെയ്തു അൽപ്പം കൃഷിയും പ്രകൃതി പരിപാലനവും ശുദ്ധവായൂ ശ്വസിക്കാനും ഒക്കെ അരീക്കര പോലത്തെ ഗ്രാമങ്ങൾ തന്നെയാണ് മികച്ചതെന്നു എന്റെ സ്വന്തം അനുഭവത്തിൽ നിന്നും ഞാൻ പറയും..
ഭാവിയിൽ ചെറിയ കൃഷി സ്ഥലങ്ങളോടു കൂടിയ കമ്മ്യൂണിറ്റി ലിവിംഗ് സാദ്ധ്യമാക്കുന്ന ചെറു കോളനികളും ചിലവ് കുറഞ്ഞ വീടുകളും ഒക്കെ ഉണ്ടാവാൻ ഗ്രാമങ്ങൾ തന്നെയായിരിക്കും ഉത്തമം…


പരിസര മലീനീകരണത്തിന്റെ വിപത്തുകൾ ഗ്രാമങ്ങളിൽ കുറവാണെന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അരീക്കര പോലെയുള്ള ഗ്രാമങ്ങളിൽ എത്തിയിട്ടില്ല എന്നതും ഒരു അനുഗ്രഹം തന്നെയാണ്…
ചുരുക്കത്തിൽ മുരളി പറയുന്ന ” ഗ്രാമങ്ങളിൽ നിന്നും വിട്ടു പോകൽ ” ഉണ്ടായാലും അത് താൽക്കാലികം മാത്രം ആയിരിക്കും എന്നും വിട്ടു പോയവർ തന്നെ ഒടുവിൽ വിശ്രമ ജീവിതം നയിക്കുന്നത് അവർ ജനിച്ചു വളർന്ന ഗ്രാമങ്ങളിൽ തന്നെ ആയിരിക്കും എന്നു തോന്നുന്നു …


നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…
ചെറിയ തോതിൽ ആണെങ്കിലും വീടിനു ചുറ്റും കുറച്ചു കൃഷിയും ചെടികളും പൂക്കളും പശുക്കളും ആട്ടിൻ കുട്ടികളും പക്ഷികളും കുളങ്ങളും തോടുകളും മലകളും കിണറുകളും പാടങ്ങളും ഒക്കെയുള്ള ഗ്രാമങ്ങൾ ശാന്തിയും സമാധാനവും തരുന്ന ഇടങ്ങളായി നിത്യവും തുടരട്ടെ ‌…

സോമരാജൻ പണിക്കർ

By ivayana