രചന : വാസുദേവൻ. കെ. വി ✍

“തൈനടൽ കവിത കുറിക്കുന്നില്ലേ താങ്കൾ ?!!”
പരിസ്ഥിതി ദിനം വരുന്നതും
കാത്ത് സ്റ്റീരിയോടൈപ്പ് വരികളെഴുതി ടാഗ് പോസ്റ്റിട്ട കവയിത്രി അവനോട് ആരാഞ്ഞു. പൂച്ചെടിക്ക് വെള്ളം ഒഴിക്കാത്തവൾ. മുറ്റം മുഴുവൻ സിമന്റ് കട്ടകൾ പാകിയവൾ. അവനത് വായിച്ച്
മനസ്സു തുറന്നു.
” അമ്മയെ ഓർക്കാൻ മാതൃദിനം വരെ കാത്തിരിക്കാത്തവൻ എങ്ങനെ തൈനടീൽ കവിത കുറിച്ചിടും ഇന്ന് മിത്രമേ.. താങ്കൾ
കർണ്ണാടകയിലേക്കൊന്നു കണ്ണോടിക്കുക.. “


രാമനഗർജില്ലയിലെ ഹുളിക്കൽ ഗ്രാമത്തിൽ ജനിച്ച തിമ്മക്ക അറിയപ്പെടുന്നത് ‘സാലുമരദ തിമ്മക്ക’ എന്ന പേരിൽ . 110 വയസ്സുള്ള തിമ്മക്ക തന്റെ ജീവിതം പ്രകൃതിക്കു വേണ്ടി ഉഴിഞ്ഞുവെച്ചു . ഇന്നത്തെ കവയിത്രികളെ പോലെ നവമാധ്യമങ്ങളിൽ ദിനം ആഘോഷങ്ങളിൽ പങ്കാളിയാവാതെ അവർ ജീവിതയാത്രക്കിടയിൽ റോഡരുകുകളിൽ ആൽമരങ്ങൾ നട്ടു പിടിപ്പിച്ചു.പരിസ്ഥിതി ചൂഷണം കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്ത് തിമ്മക്കയുടെ ഗ്രാമവീഥികളിൽ അവർ നട്ടു വളർത്തിയ ആൽമരങ്ങൾ തണൽ വിരിച്ചു നില്ക്കുന്നു. തിമ്മക്കയ്ക്കിന്നു പരിസ്ഥിതി പ്രവർത്തക എന്ന വിശേഷണം കൂടി . ഗ്രാമവാസികൾ നൽകിയ “സാലുമരദ തിമ്മക്ക” എന്ന വിശേഷണം രസാവഹം. സാലുമരദ എന്നതിന് നിരനിരയായി നില്ക്കുന്നത് എന്ന അർത്ഥം .5 കിലോമീറ്റർ ചുറ്റളവിൽ ഗ്രാമത്തിലെ റോഡിന്നിരുവശവും 384 വൃക്ഷങ്ങളാണ്‌` അവർ വെച്ചു പിടിപ്പിച്ചത്‌.ബാംഗ്ളൂരിൽ നിന്നും 80 കിലോമീറ്റർ അകലെയാണ്‌ തിമ്മക്കയുടെ ഗ്രാമം . പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത തിമ്മക്ക ചെയ്യാത്ത ജോലികളില്ല. കാലിവളർത്തുകാരനായ ബെകൽ ചിക്കയ്യയാണ്‌ അവരുടെ ഭർത്താവ്. കുട്ടികളില്ലാത്ത അവർ പ്രകൃതിയെ സ്നേഹിച്ചു… രാഷ്ട്രം ഇവരെ പദ്മശ്രീ നൽകി ആദരിച്ചു.. വെറുതെയിരുന്ന് സോഷ്യൽ മീഡിയയിൽ കവിത കുറിയ്ക്കാതെ അരയാൽതൈകൾ നട്ടുപിടിപ്പിച്ചു. സ്വന്തം കുട്ടികളെ പോലെ ഈ തൈകളെ വെള്ളമൊഴിച്ചു വളർത്തി.


1996 ൽ തിമ്മക്കയുടെ പ്രവർത്തനത്തിന്‌ നാഷണൽ സിറ്റിസൺ അവാർഡ് ലഭിച്ചതോടെയാണ്‌ തിമ്മക്കയുടെ പ്രവർത്തനം പുറംലോകം അറിയുന്നത്‌. അവിടുന്നിങ്ങോട്ട് അംഗീകാരങ്ങളുടെ ഒരു നീണ്ട നിര. സ്വന്തം ഗ്രാമത്തിൽ ഒരു മഴവെള്ള സംഭരണി സ്ഥാപിക്കുന്നതിലും തിമ്മക്കയുടെ പങ്ക് ചെറുതല്ല. തിമ്മക്കയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ മാനിച്ച് യു. എസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടന അതിന് തിമ്മക്കയുടെ പേരു നല്കി ആദരിച്ചിരുന്നു. ഗ്രാമത്തിൽ ഒരു ആശുപത്രി ഉണ്ടാക്കണമെന്ന് ഈ അമ്മക്ക് ആഗ്രഹമുണ്ട്‌ പക്ഷെ അവാർഡുകളും പ്രശസ്തി പത്രങ്ങളും കുന്നുകൂടുന്നെങ്കിലും ഇപ്പോഴും ജീവിതം ദാരിദ്ര്യത്തിൽ തന്നെയെന്നത്‌ മറ്റൊരു സത്യം. എല്ലാറ്റിനും കൂടെയുണ്ടായിരുന്ന ഭർത്താവ് 1991 ൽ വിടപറഞ്ഞു. ആ ദുഃഖത്തിലും തളരാതെ പിടിച്ചു നിന്ന തിമ്മക്ക തന്റെ ദൗത്യം തുടർന്നു,,ആൽമരങ്ങളുടെ അമ്മയായി. ദത്തെടുത്ത മകൻ ഉമേഷ് അമ്മക്കു കൂട്ടായി .ഇപ്പോഴും ഈ അമ്മ ആൽമരങ്ങളെ സ്നേഹിച്ചു കഴിയുന്നു.
ഇനിയൊരു പരിസ്ഥിതി പ്രേമത്തെ കൂടി പറയേണ്ടതുണ്ട്. ആളൊരു അർബൻ ആക്റ്റീവിസ്റ്റ് തന്നെ. “തിമ്മക്ക റിസോഴ്‌സസ് ഫോർ എൻവേൺ മെന്റൽ എഡ്യൂക്കേഷൻ സ്ഥാപക.” രാജ്യം “നാരീ ശക്തി “പുരസ്‌കാരം നൽകി ആദരിച്ച തമാശനടി. മരത്തോൺ ഓട്ടക്കാരി.


അക്ഷരഭ്യാസം പരിമിതമായ തിമ്മക്കായുടെ വിരലൊപ്പുകൾ വാങ്ങിക്കൂട്ടി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് സംഭാവനകളിലൂടെ കോടികൾ ആസ്തി. തുച്ഛമായ പെൻഷൻ തുക കൊണ്ട് ജീവിതയാതനകൾ തള്ളി നീക്കുന്ന തിമ്മക്ക തന്റെ പേര് ഉപയോഗിച്ച് സ്വത്ത്‌ സമ്പാദനം കോടതിയിൽ എതിർത്തു. കൈയൊപ്പ് രേഖകൾ തെളിവായി കണ്ട് നമ്മുടെ നിക്ഷ്പക്ഷ കോടതി തിമക്കായുടെ പരാതി നിഷ്കരുണം തള്ളി. ജനരോഷം ഉണർന്നപ്പോൾ മുഖം രക്ഷിക്കാൻ സർക്കാർ തമാശനടിയെ അറസ്റ്റ് ചെയ്തു. അർബൻ ആക്റ്റീവിസ്റ്റ് അതിനെയും എടുത്ത് അമ്മനമാടി. സന്ധ്യയ്ക്ക് ശേഷം പെണ്ണിനെ അറസ്റ്റ് ചെയ്യാൻ, വനിതാ പോലീസുകാർക്ക് മാത്രം പെണ്ണിനെ അറസ്റ്റ് ചെയ്യാൻ ..
നമ്മുടെ സ്ത്രീപക്ഷ നിയമങ്ങളുടെ പഴുതുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സർക്കാരിനെ വെട്ടിലാക്കി.


വീണ് ഇടുപ്പെല്ലൊടിഞ്ഞ് ചികിത്സക്ക് വിഷമിച്ച തിമ്മപ്പ. ആഡംബര വാഹനങ്ങളിൽ ലോകം ചുറ്റി തിമക്കയുടെ നാമത്തിൽ ഫണ്ട്‌ സ്വരൂപിച്ച് നമ്മുടെ ആദരണീയ നാരീ ശക്തിയും.
പരിസ്ഥിതി ദിനം ഹൈജക്ക് ചെയ്യപ്പെട്ട് കാട്ടിക്കൂട്ടലുകൾ ആവുമ്പോൾ
ഇനി പറയൂ ഇന്നത്തെ ദിനത്തിൽ തൈ നടണോ നമ്മളും??

വാസുദേവൻ. കെ. വി

By ivayana