രചന : ഠ ഹരിശങ്കരനശോകൻ✍

പണ്ടൊരു പ്രഭുകുമാരിയുണ്ടാരുന്നു. അവൾ തൊടുന്നതെന്തും വർഗീയമാവുമായിരുന്നു. വർഗീയവൽക്കരിച്ച് വർഗീയവൽക്കരിച്ച് അവളൊരു രാജ്യം തന്നെ പിടിച്ചെടുത്തു. അവളുടെ ഭരണകാലത്ത് ആ രാജ്യം അനുദിനം വർഗീയമായി തീർന്ന് കൊണ്ടെയിരുന്നു.


അനുദിനം വർഗീയമായി തീർന്ന് കൊണ്ടിരിക്കുന്ന ആ രാജ്യം ഇപ്പോൾ എന്തിന് കൊള്ളാം. അവൾ അത്ഭുതപ്പെട്ടു. ഉറക്കമില്ലാത്ത കൊണ്ട് അവൾ ഉണർന്നിരിക്കയായിരുന്നു. ചക്രവാളത്തിന്റെ വിദൂരതയിൽ പ്രഭാതത്തിന്റെ ആദ്യരശ്മികൾ അവളെ കണ്ട് അറച്ച് നിന്നു.


നേരത്തെ ഈ രാജ്യം എത്ര സുന്ദരമായിരുന്നു. അത്ര സുന്ദരമൊന്നും ആയിരുന്നില്ല. എങ്കിലും സുന്ദരമായിരുന്നു. അങ്ങനെ സുന്ദരമായ ഒരു രാജ്യത്തിന്റെ അധിപതിയാവാനാണൊ താൻ ആഗ്രഹിച്ചിരുന്നത്. അല്ല. തൊടുന്നതെന്തും വർഗീയമാവുന്ന സിദ്ധി കൊണ്ട് ഒരു റാണിയായി. അവൾ അന്ന് രാവിലെ ആ രാജ്യത്തിന് സുന്ദരം എന്ന് പുനർനാമകരണം ചെയ്തു. അതൊരു ബുദ്ധിപൂർവ്വമായ നീക്കമായിരുന്നു.


അവൾ ടെന്നീസ് കളിക്കുമ്പോൾ ഒരു കുട്ടി വിശക്കുന്നു എന്ന് കരഞ്ഞ് പറഞ്ഞ് വന്നു. അവൾക്ക് ദെണ്ണം തോന്നി അതിനെ വാരിയെടുത്തു. വിഭവസമൃദ്ധമായ അന്നം കൊടുത്തു. അടിമുടി വർഗീത പടർന്ന് പിടിച്ച ആ കുഞ്ഞ് വലിയ ആയുധങ്ങൾ വിലക്ക് വാങ്ങി ധാരാളം പേരെ കൊന്നു. ജനം ആകെ പരിഭ്രാന്തരായത് കണ്ട് അവൾ ആ കുഞ്ഞിനെ പിടികൂടി. രഹസ്യമായി അഭിനന്ദിച്ച ശേഷം അതിനെ പരസ്യമായി കഴുത്ത് ഞെരിച്ച് കൊന്നു.


അവൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ ഒരു പുരുഷനെ കണ്ടെത്തി അവന്റെ ലിംഗത്തിൽ തൊട്ടപ്പൊൾ അത് വർഗീയ കലുഷിതമായി വിഷം തുപ്പി. ദേഹമാസകലം പൊള്ളലേറ്റത് കൊണ്ട് പിന്നെ ഒരിക്കലും അവൾ അതിന് ഉദ്യമിച്ചില്ല. അവളുടെ കന്യക മഹത്വം പ്രഘോഷിക്കുന്ന വളരെ ലയമുള്ള ഏതാനും ഗാനങ്ങൾ ഇന്റർനെറ്റിലുണ്ട്.
അവളുടെ കാലത്ത് തൊഴിൽ ശാലകൾ വർഗീയത ഉത്പാദിപ്പിച്ചു. ആരാധനാലയങ്ങൾ വർഗീയതയെ പ്രാർത്ഥനകളാക്കി. നിയമങ്ങൾ വർഗീയത കൊണ്ട് നീതീകരിക്കപ്പെട്ടു. വിദ്യാലയങ്ങളിൽ വർഗീയത എമ്പോസിഷനായി. വർഗീയതയില്ലാത്തവർ നാട് നീളെ കൊല്ലപ്പെട്ടു. വർഗീയതയുള്ളവർ അതിനേക്കാളേറെ കൊല്ലപ്പെട്ടു. ദാരിദ്ര്യം വന്നപ്പോൾ അവൾ അതിനെയും തൊട്ട് വർഗീയമാക്കി.


അവൾ തൊടാതിരിക്കാൻ ഓടി രക്ഷപെട്ടവർ അവളുടെ നാട്ടിൽ പിറന്നതിന്റെ പേരിൽ അന്യനാടുകളിൽ കൊല ചെയ്യപ്പെട്ടു. അത് കൊണ്ടവൾ വർഗീയതയുടെ ശക്തി വർദ്ധിപ്പിച്ചു. അവളുടെ നൂപുരധ്വനി കേട്ട് ആളുകൾ ശർദ്ദിച്ചു.
ഇതൊക്കെ പണ്ട് എന്നൊ നടന്ന കാര്യങ്ങളാണ്. ഒക്കെയും പഴങ്കഥകളായി. അവളെ ആരൊക്കെയൊ ചേർന്ന് വക വരുത്തി. കഴുത്ത് മുറിഞ്ഞ് കിടന്നിട്ടും മരണം അവളുടെ സമീപം എത്താൻ മടിച്ച് നിന്നു. എല്ലാവരെയും കൊണ്ട് പോവേണ്ട മരണത്തിന് വർഗീയതയുണ്ടായാലത്തെ സ്ഥിതി എന്താവും. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. അവൾ ചത്തു. കാരണം ഇതൊരു ശുഭപര്യവസായിയായ കഥയാണ്…

ഠ ഹരിശങ്കരനശോകൻ

By ivayana